പാനും ആധാറും ഒഴിവാക്കാനാവില്ല

394
0
Share:

ഒഴിച്ചുമാറ്റാനാകാത്ത വിധം പാനും ആധാറും നിത്യ ജീവിതത്തിൻറെ ഭാഗമാകുകയാണ്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ചുരുങ്ങി വരികയാണ്. ആധാർ കൂടുതൽ പ്രാമുഖ്യം നേടിവരികയാണെങ്കിലും പാനിന്‍റെ പ്രധാന്യത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. പ്രത്യേകിച്ചും സാന്പത്തിക ഇടപാടുകളിൽ. പാൻ പ്രധാനമായും ധനകാര്യ ഇടപാടുകൾക്കാണ് ശ്രദ്ധ നൽകുന്നത്. ആധാറിന്‍റെ ലക്ഷ്യം മറ്റൊന്നാണ്. കേന്ദ്രീകൃ ഡേറ്റയാണ് ആധാറുകൊണ്ടു ലക്ഷ്യമിടുന്നത്. ഇവയില്ലാതെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളും മുന്നോട്ടു പോവുകയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പാൻ നിർബന്ധം

പാൻ നൽകിയാൽ മാത്രം നടത്താവുന്ന നിരവധി ഇടപാടുകളുണ്ട്. അവ ചുവടെ ചേർക്കുന്നു :

1. ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് തുറക്കാൻ. പരിമിത ടൈം ഡിപ്പോസിറ്റിനും ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനും മാത്രം നിർബന്ധമില്ല.
2. ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന് അപേക്ഷ നൽകുവാൻ.
3. ഡിപ്പോസിറ്ററി, സെക്യൂരിറ്റി കസ്റ്റോഡിയൻ തുടങ്ങിയവയിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ.
4. ഒരു സമയത്ത് അന്പതിനായിരം രൂപയ്ക്കു മുകളിൽ വരുന്ന ഹോട്ടൽ, റെസ്റ്ററന്‍റ് ബിൽ കാഷ് ആയി നൽകുന്പോൾ.
5. ഇരുചക്രവാഹനമൊഴികെ മോട്ടോർ വാഹനങ്ങൾ വാങ്ങുവാനും വിൽക്കുവാനും.
6. ഏതെങ്കിലും വിദേശ രാജ്യത്തേയ്ക്കുള്ള യാത്രയ്ക്ക് അന്പതിനായിരം രൂപയിൽ കൂടുതൽ കാഷ് ആയി നൽകുന്പോൾ. ഏതെങ്കിലും വിദേശ കറൻസിവാങ്ങുവാൻ 50000 രൂപയിൽ കൂടുതൽ തുക ഒരു സമയത്തു നൽകുന്പോൾ.
7. അന്പതിനായിരം രൂപയ്ക്കു മുകളിൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്പോൾ.
8. അന്പതിനായിരം രൂപയ്ക്കു മുകളിൽ ഏതെങ്കിലും കന്പനിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ കടപ്പത്രങ്ങൾ, ബോണ്ടുകൾ എന്നിവ വാങ്ങുന്പോൾ.
9. അന്പതിനായിരം രൂപയ്ക്കു മുകളിൽ റിസർവ് ബാങ്കിന്‍റെ ബോണ്ടുകൾ വാങ്ങുന്പോൾ.
10. സഹകരണ ബാങ്ക്, ബാങ്കുകൾ എന്നിവയിൽ ഒരു ദിവസം അന്പതിനായിരം രൂപയ്ക്കു മുകളിൽ ഡിപ്പോസിറ്റ് ചെയ്യാൻ.
11. ബാങ്ക്ഡ്രാഫ്റ്റ്, പേ ഓർഡർ എന്നിവ വാങ്ങുന്നതിന് ഒരു ദിവസം 50,000 രൂപയ്ക്കു മുകളിൽ കാഷ് നൽകുന്പോൾ.

12. അന്പതിനായിരം രൂപയിൽ കൂടുതൽ തുക കാലാവധി നിക്ഷേപം നടത്തുന്പോൾ. അല്ലെങ്കിൽ ഒരു ധനകാര്യ വർഷത്തിൽ മൊത്തം 5 ലക്ഷം രൂപയിലധികം നിക്ഷേപം നടത്തുന്പോൾ. ( ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റോഫീസ്, നിധി കന്പനികൾ, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു ബാധകമാണിത്).
13. ഒരു ധനകാര്യ വർഷത്തിൽ കാഷ്, ബാങ്ക് ഡ്രാഫ്റ്റ്, പേ ഓവർഡർ, ബാങ്കേഴ്സ് ചെക്ക് എന്നിവയിലേതെങ്കിലുമുപയോഗിച്ച് ഒന്നോ അതിലധികമോ പ്രീ- പെയ്ഡ് പേമെന്‍റിന് അന്പതിനായിരം രൂപയിൽ കൂടുതൽ നൽകുന്പോൾ. ( ബാങ്കുകൾ, കോ- ഓപ്പറേറ്റീവ് ബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിനു തുക നൽകുന്പോൾ ഇതു ബാധകമാണ്).
14. ലൈഫ് ഇൻഷുറൻസ് പ്രീമിയമായി ഒരു വർഷം ഏതെങ്കിലും ഇൻഷുറൻസ് കന്പനിക്ക് അന്പതിനായിരം രൂപയിൽ കൂടുതൽ നൽകുന്പോൾ.
15. ഓഹരിയൊഴികെയുള്ള മറ്റു സെക്യൂരിറ്റികൾ വാങ്ങുന്പോഴും വിൽക്കുന്പോഴും ഒരു ഇടപാട് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ എത്തിയാൽ.
16. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കന്പനികളുടെ ഓഹരികളുടെ ഏതെങ്കിലും വ്യക്തി ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വാങ്ങൽ, വിൽക്കൽ ഇടപാടുകൾ നടത്തിയാൽ.
17. ഭൂമി, റിയൽ എസ്റ്റേറ്റ്, വീടും സ്ഥലവും തുടങ്ങിയവയുടെ വാങ്ങൽ, വിൽക്കൽ വില 10 രൂപയ്ക്കു മുകളിലായാൽ.
18. ഏതെങ്കിലും തരത്തിലുള്ള ചരക്ക് അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുടെ വാങ്ങൽ, വിൽക്കൽ തുക ഒരു ഇടപാടിൽ രണ്ടു ലക്ഷം രൂപയക്കു മുകളിൽ ആയാൽ.

 

* ഇടപാടു നടത്തുന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ പാൻ നൽകിയിരിക്കണം. ഇടപാടുകാരൻ നികുതി ഈടാക്കാൻ തക്ക വരുമാനമില്ലാത്തയാളുമായിരിക്കണം.
* പാൻ ഇല്ലാത്ത വ്യക്തി മുകളിൽ പറഞ്ഞ ഇടപാടുകളിൽ ഏർപ്പെട്ടാൽ ഫോം നന്പർ 60 നിർബന്ധമായും പൂരിപ്പിച്ചു നൽകണം.
* മുകളിൽ പറഞ്ഞിട്ടുള്ള മൂന്ന്, അഞ്ച്, ആറ്, ഒന്പത്, 11, 13, 18 ഇനങ്ങൾ) വിദേശ ഇന്ത്യക്കാർക്ക് പാൻ നൽകേണ്ടതില്ല.

 

 

 

 

 

 

 

Share: