പഠനത്തോടൊപ്പം വരുമാനം പദ്ധതി കേരളത്തില്‍ നടപ്പാക്കും: മന്ത്രി കെ.ടി. ജലീല്‍

Share:

പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്  പഠിക്കാന്‍ അവസരമൊരുക്കും. സര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കും.

ഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനവും നേടുന്നതിനുള്ള ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.റ്റി. ജലീല്‍. കല്ലൂപ്പാറയില്‍ ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇല്ലാത്ത ഒരു കാര്യമാണ് പഠിക്കുന്നതോടൊപ്പം അധ്വാനിക്കുകയെന്ന ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി. വിദേശരാജ്യങ്ങളില്‍ എല്ലാം ഈ പദ്ധതിയുണ്ട്. എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയുമായി സഹകരിച്ച് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യുന്നതിന് അവസരമൊരുക്കും.

സര്‍വകലാശാലകളുടെ ഇക്വലന്‍സി (തുല്യത) സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കും. ഒരു ചാന്‍സലറുടെ കീഴിലുള്ള സംസ്ഥാനത്തെ വ്യത്യസ്ത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. ഐഐടികളില്‍ നിന്നും എന്‍ഐടികളില്‍ നിന്നും കോഴ്‌സ് കഴിഞ്ഞു വരുന്ന കുട്ടികളോടും നമ്മുടെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്ക് ഇത്തരം പ്രവണതകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്തു വേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കും. കേരളത്തിലെ കോളജുകളില്‍ എംബിഎയ്ക്കും എന്‍ജിനിയറിംഗിനും ഉള്‍പ്പെടെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കുട്ടികള്‍ ഇവിടെ നിന്നും പോകുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിന് ഉള്‍പ്പെടെ പ്രാവീണ്യം ലഭിക്കുമെന്നാണ് ഇങ്ങനെ പോകുന്നവര്‍ പറയുന്ന ന്യായം. ഇംഗ്ലീഷ് നന്നാകാന്‍ പുറത്തേക്കു പോകേണ്ടല്ലോ, അവിടെയുള്ള കുട്ടികളെ ഇവിടേക്കു കൊണ്ടുവരാം.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നമ്മുടെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് അവസരം ഒരുക്കും. ഇത്തരം സാഹചര്യം ഒരുക്കാന്‍ പറ്റിയ ഏറ്റവും നല്ല സംസ്ഥാനമാണ് കേരളം. മതസൗഹാര്‍ദം ഏറ്റവും നന്നായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മത വിശ്വാസങ്ങളിലും പെടുന്നവര്‍ കേരളത്തില്‍ സുരക്ഷിതരാണ്. മതനിരപേക്ഷതയുടെയും മതസൗഹാര്‍ദത്തിന്റെയും ഈറ്റില്ലമാണ് കേരളം. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായി പഠിക്കാന്‍ കഴിയുന്ന സ്ഥലം കേരളമാണ്. മറ്റൊരു സ്ഥലവുമല്ല. ഈ സാഹചര്യം ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്തും. ഇതു വേണ്ടതുപോലെ നമ്മള്‍ മാര്‍ക്കറ്റ് ചെയ്തിട്ടില്ല. പൊതുവിദ്യാലയങ്ങളെയും പൊതു ഇടങ്ങളെയും പൊതുസ്ഥാപനങ്ങളെയും പ്രോത്സാഹിക്കും.

ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുരോഗതി പ്രാപിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ടരലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എത്തിയത്.

മറ്റ് ഏതൊരു സംസ്ഥാനത്തെ പരിശോധിച്ചാലും ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തില്‍ കേരളം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനമായ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. നാക്കിന്റെ അക്രഡിറ്റേഷന്‍ എ പ്ലസ് ലഭിച്ച ഒരു സര്‍വകലാശാലയും കേരളത്തിലില്ല. എന്‍ഐആര്‍എഫിന്റെ ആദ്യത്തെ 25 റാങ്കിംഗില്‍ വരുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല. ഇതിനാല്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ അനിവാര്യമാണെന്നതിന്റെ വെളിച്ചത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക പോര്‍ട്ട്‌ഫോളിയോ ആയി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ഈ രംഗത്ത് നല്ല ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്താന്‍ പോകുകയാണ്.

എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനൊപ്പം ഏതെങ്കിലുമൊരു മേഖലയില്‍ നൈപുണ്യം നേടണം. സര്‍ട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഒരാളും ജോലി തരില്ല. പണിയെടുക്കാന്‍ അറിയുന്നതിനൊപ്പം സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇങ്ങനെയുള്ള ഒരാളെ ഒരു സ്ഥാപനവും പിരിച്ചു വിടില്ല. എത്ര ലക്ഷം രൂപ ശമ്പളം വേണമെന്നു പറഞ്ഞാലും അവര്‍ തരും. സ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ബോധ്യപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികള്‍ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം കേവലമായ അറിവു പകരല്‍ മാത്രമല്ല, മൂല്യബോധമുള്ളവരായി സമൂഹം എന്തെന്ന് മനസിലാക്കി വളരുന്നിടത്ത് കുട്ടികളെ പരിശീലിപ്പിക്കുന്നതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അപ്രിയമായ ചില സത്യങ്ങള്‍ ചില സമയങ്ങളില്‍ ഭരണാധികാരികള്‍ക്ക് പറയേണ്ടി വരും. അപ്രിയമായ സത്യങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഭയപ്പെട്ടു നില്‍ക്കുന്നവര്‍ ഭരണാധികാരികള്‍ അല്ല. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിപത്തിനെ അതിജീവിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നു പറഞ്ഞപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നുണ്ടായ ചില വിപരീതമായ അഭിപ്രായ പ്രകടനങ്ങളെ മുന്‍പിന്‍ നോക്കാതെ അതിനോടു പ്രതികരിക്കാന്‍ മന്ത്രി കെ.റ്റി. ജലീല്‍ കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കുന്നു. ഈ നാടിനുണ്ടായ വിപത്ത് എന്ത് എന്നത് ആദ്യം ഉള്‍ക്കൊള്ളേണ്ടത് വിദ്യാഭ്യാസ മേഖലയാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഐഎച്ച്ആര്‍ഡിയുടെ മല്ലപ്പള്ളിയിലെ കോളജിനും സ്‌കൂളിനും സ്വന്തം കെട്ടിടം ഉള്‍പ്പെടെ നിലനിര്‍ത്തി കിട്ടാന്‍ ആവശ്യമായ ഇടപെടല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഐഎച്ച്ആര്‍ഡിയുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം റജി തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം മനുഭായി മോഹന്‍, ഗ്രാമപഞ്ചായത്തംഗം മോളിക്കുട്ടി ഷാജി, ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി. ജേക്കബ് തോമസ്, പിടിഎ പ്രസിഡന്റ് സാബു തോമസ്, ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, കോളജ് സ്ഥാപക കമ്മിറ്റി പ്രസിഡന്റ് സി.കെ. മോഹനന്‍ നായര്‍, കോളജ് സെനറ്റ് ചെയര്‍മാന്‍ യദു കൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനു വര്‍ഗീസ്, പ്രസാദ് ജോര്‍ജ്, ബാബു പാലയ്ക്കല്‍, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, ജെയിംസ് വര്‍ഗീസ്, എം.ഡി. ദിനേശ് കുമാര്‍, രാജന്‍ വരിക്കപ്ലാംമൂട്ടില്‍, ജോസ് കുറഞ്ഞൂര്‍, വാളകം ജോണ്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെ.ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,07,88,260 രൂപ ചെലവഴിച്ചാണ് 10,646 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നു വീതം നിലകളിലായി ആകെ 31,940 ചതുരശ്ര അടി വരുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.

Share: