ഓഖി ദുരന്തത്തില്‍നിന്ന് പഠിക്കേണ്ടത്
മുരളി തുമ്മാരുകുടി
കേരളത്തിന്റെ തെക്കന്‍തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മുപ്പതിലധികം ആളുകള്‍ മരിച്ചു. നൂറോളംപേരെ കാണാതായി. ഇത് മാത്രമല്ല വിഷയം. ഇതേച്ചൊല്ലി നാട്ടില്‍ നടക്കുന്ന വിവാദങ്ങളും പഴിചാരലുകളും കാണുമ്പോള്‍ കൂടുതല്‍ വിഷമമാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ ഒരു സംഭവം ശരിക്കും ദുരന്തമായി മാറുന്നത് നമ്മള്‍ അതില്‍നിന്ന് ഒന്നും പഠിക്കാതിരിക്കുമ്പോഴാണ്. കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളില്‍ ചെറുതായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചത്. അപ്പോള്‍ ഇതില്‍നിന്ന് പാഠങ്ങള്‍ പഠിച്ചാല്‍ വലിയ ദുരന്തങ്ങള്‍ വരുമ്പോഴേക്കും നമുക്ക് കൂടുതല്‍ തയ്യാറായിരിക്കാം.
മത്സ്യബന്ധനത്തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമാണ്. ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടടങ്ങും. കടല്‍ത്തീരത്തെ ആള്‍ക്കൂട്ടവും ക്യാമറയും സ്ഥലം വിടും. ദുരന്തത്തില്‍ ശരിക്കും നഷ്ടംപറ്റിയത് ബന്ധുക്കളെ നഷ്ടപ്പെട്ട വീട്ടുകാര്‍ക്കായിരിക്കും. അതില്‍ത്തന്നെ കടലില്‍ കാണാതാകുകയും മൃതദേഹം കണ്ടുകിട്ടാത്തവരുടെയും കാര്യമാണ് ഏറെ കഷ്ടം. മൃതദേഹം കണ്ടുകിട്ടാത്തിടത്തോളം ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം കിട്ടില്ല. ഏഴുവര്‍ഷം ഒരാളെ കാണാതായാലേ അയാള്‍ മരിച്ചു എന്ന് നിയമപരമായി അംഗീകരിക്കൂ. അത്രയുംനാള്‍ അവരുടെ കുടുംബത്തിന് സഹായം കിട്ടാത്തതോ പോകട്ടെ, അവരുടെ പേരില്‍ സ്വന്തമായുള്ള സമ്പാദ്യംപോലും ഉപയോഗിക്കാന്‍ പറ്റില്ല. സുനാമി കഴിഞ്ഞ് പത്തുവര്‍ഷത്തിനുശേഷവും കാണാതായവരെ അന്വേഷിച്ചുനടക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്.
ഇത്തവണത്തെ അപകടത്തില്‍നിന്ന് വ്യക്തമായ പല കാര്യങ്ങളുണ്ട്. ഒന്നാമത്, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്ന് എത്രപേര്‍ കടലില്‍ പോകുന്നു എന്നതിന് ആരുടെയടുത്തും ഒരു കണക്കില്ല എന്നതാണ്. രണ്ട്, ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ്(ഐഎംഡി)ഉള്‍പ്പെടെയുള്ളവര്‍ കാലാവസ്ഥാപ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. മൂന്ന്, കടലില്‍ പോകുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും ഒരു സുരക്ഷാസംവിധാനവും ഇല്ല. നാല്, ചെറുവള്ളങ്ങളില്‍ കടലില്‍ പോകുന്നവരുടേത് കൈവിട്ട ഒരു കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന് വീട്ടില്‍ ആര്‍ക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍പോലും അവരെ അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല.
ഇതൊന്നും ഇക്കാലത്ത് സാങ്കേതികമായോ സാമ്പത്തികമായോ ഒരു വെല്ലുവിളിയേ അല്ല. ഇംഗ്ളണ്ട് പോലുള്ള വികസിത രാജ്യങ്ങളില്‍ ഉല്ലാസത്തിനായി വള്ളങ്ങളില്‍ ചെറുപ്രായക്കാര്‍ പോലും ഏറെ കടലില്‍ ഇറങ്ങുന്നു. അതേപോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ബംഗ്ളാദേശിലെ കടല്‍ത്തീരസമൂഹങ്ങളില്‍ കാലാവസ്ഥാമുന്നറിയിപ്പ് നാട്ടുകാരെ അറിയിക്കാനും ദുരന്ത സമയത്ത് തൊഴിലാളിയും വള്ളവും സുരക്ഷിതമാക്കിവയ്ക്കാനും ഒക്കെ നല്ല പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം നമുക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ലോകത്തെ നല്ല മാതൃകകളില്‍നിന്ന് പഠിക്കാനും അത് സമയബന്ധിതമായി നടപ്പാക്കാനും ആവശ്യമായ പണം അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തണം. തീരദേശത്ത് പ്രത്യേക റേഡിയോനിലയങ്ങള്‍ സ്ഥാപിക്കുന്നതുമുതല്‍ വള്ളങ്ങള്‍ക്ക് ജി പിഎസ് ടാഗ് ഇടുന്നതുവരെ വളരെ പ്രയോജനമാണ്. രാഷ്ട്രീയപാര്‍ടികള്‍, മതസംഘടനകള്‍, മാധ്യമങ്ങള്‍, ഗവേഷകര്‍, ഐഎംഡി, ദുരന്തനിവാരണ അതോറിറ്റി, മത്സ്യബന്ധന വകുപ്പ് എല്ലാം ചേര്‍ന്ന് വേണം ഇതിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും നടപ്പാക്കാനും. ഈ ദുരന്തത്തില്‍നിന്ന് നമുക്ക് പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇതുതന്നെയാണ്.
നവംബര്‍ മുപ്പതിന് ഞാന്‍ നൈറോബിയിലായിരുന്നു. സമയം അവിടെ പത്തുമണി (നാട്ടിലെ പന്ത്രണ്ടര) ആയിക്കാണും. തിരുവനന്തപുരത്തുനിന്ന് ഒരു സുഹൃത്തയച്ച വാട്സാപ് മെസേജില്‍നിന്നാണ് ഞാന്‍ ആദ്യം കാറ്റിനെപ്പറ്റി അറിയുന്നത്. സാധാരണഗതിയില്‍ മൂന്നും നാലും ദിവസം മുമ്പേ പ്രവചനങ്ങള്‍ വരുന്ന ഒന്നാണ് ചുഴലിക്കാറ്റ്. ലോകത്ത് എവിടെയും ചുഴലിക്കാറ്റുകള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുന്നതുമാണ്. കേരളത്തിലെ കാര്യം പറയാനുമില്ലല്ലോ. എന്നിട്ടും ഇങ്ങനെയൊന്ന് എന്റെ ശ്രദ്ധയില്‍ പെട്ടില്ല.
ഇന്ത്യയില്‍ കാറ്റിനെപ്പറ്റി ആധികാരികമായി മുന്നറിയിപ്പ് തരുന്നത് 1875ല്‍ സ്ഥാപിച്ച ഐഎംഡിയാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പഴയ കാലാവസ്ഥാവകുപ്പുകളില്‍ ഒന്നാണ്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് നാം കളിയാക്കുമെങ്കിലും ലോകത്താകമാനം വളരെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ് ഇത്. എന്നാല്‍, ഇത്തവണ ഞാന്‍ ഐഎംഡിയുടെ മുപ്പതാംതീയതി രാവിലത്തെ (8.30) പ്രവചനം നോക്കിയപ്പോള്‍ അവിടെ ചുഴലിക്കാറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സുനാമി വരുമെന്ന് പത്ത് വ്യാജസന്ദേശം വാട്സാ പ് ഗ്രൂപ്പില്‍നിന്ന് വന്നെങ്കിലും കരയിലുള്ളവര്‍ക്ക് സഹായം നല്‍കാനായി ഒരു സന്ദേശവും ഞാന്‍ കണ്ടില്ല. മക്കളെ, ഫെയ്സ്ബുക്കിന് പുറത്തുമുണ്ട് ഒരു ലോകം. അവിടത്തെ പ്രശ്നങ്ങളെല്ലാം ലൈക്കും ഷെയറുംകൊണ്ട് മാറ്റാന്‍ പറ്റില്ല.
കേരളത്തിലെ ദുരന്തനിവാരണസംവിധാനത്തെപ്പറ്റി എനിക്ക് നല്ല അറിവും ബന്ധങ്ങളുമുണ്ടെങ്കിലും ഞാനതിന്റെ ഭാഗമല്ല. എന്നാല്‍, കേരളത്തില്‍ നടക്കുന്ന ഓരോ ചലനവും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എനിക്കാകുന്നതുപോലെ നിര്‍ദേശങ്ങളും നല്‍കുന്നു. അതിനാല്‍ കാറ്റുവീശിയപ്പോള്‍ ഞാന്‍ എന്തുചെയ്തു എന്നും എന്ത് കൂടുതല്‍ ചെയ്യാമായിരുന്നു എന്നും ഞാനും ചിന്തിക്കുന്നുണ്ട്. പ്രധാനമായും രണ്ട് തെറ്റുകള്‍ എനിക്കും പറ്റിയിട്ടുണ്ട്.
കാറ്റ് വന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ഐഎംഡി സൈറ്റില്‍ നോക്കി എന്നു പറഞ്ഞല്ലോ. അപ്പോള്‍ കേരളതീരത്തു നിന്ന് അകന്നുപോകുന്ന ഒന്നാണ് കാറ്റ് എന്ന് മനസ്സിലായി.. അതേസമയം എല്ലാ മാധ്യമങ്ങളും ‘കേരളത്തിലേക്ക് കാറ്റ് വരുന്നു’ എന്നമട്ടിലാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരംതൊട്ട് കണ്ണൂര്‍വരെയുള്ളവര്‍ ‘ചുഴലിക്കാറ്റ്’ വരുന്നത് പേടിച്ചിരിക്കുകയായിരുന്നു. അതിനാല്‍ കാറ്റ് കേരളത്തില്‍നിന്ന് അകന്നുപോകുന്നതാണെന്നും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശത്തെ ആളുകള്‍ പേടിക്കേണ്ട എന്നും തെക്കു ഭാഗത്തുതന്നെ ഒരു ദിവസത്തില്‍ കൂടുതല്‍ കാറ്റ് നില്‍ക്കില്ല എന്നും ഒരു സാധനവും വാങ്ങിക്കൂട്ടേണ്ട എന്നുമുള്ള നിര്‍ദേശങ്ങളാണ് ഞാന്‍ നല്‍കിയത്. കാറ്റ് ലക്ഷദ്വീപിനെ ലക്ഷ്യമാക്കി പോകുന്നതിനാല്‍ അവിടെ ശ്രദ്ധിക്കണം എന്നും പറഞ്ഞിരുന്നു. പക്ഷേ കടലിലേക്ക് അടിക്കുന്ന കാറ്റില്‍ കരയില്‍ നിന്ന് കടലിലേക്ക് പോയിക്കഴിഞ്ഞ ആളുകള്‍ക്ക് എന്ത് സംഭവിക്കും എന്നും എങ്ങനെയാണ് അവര്‍ക്ക് നിര്‍ദേശങ്ങള്‍ എത്തിക്കാന്‍ പറ്റുക എന്നും ഞാന്‍ ചിന്തിച്ചില്ല. കേരളത്തിലെ കടലിനെയും മത്സ്യത്തൊഴിലാളികളുടെ ജോലിയെയും ജീവിതത്തെയും പറ്റിയുള്ള എന്റെ അറിവ് പരിമിതമായതിനാല്‍സംഭവിച്ചതാണിത്.
ദുരന്തനിവാരണരംഗത്ത് പ്രൊഫഷണലിസം കൊണ്ടുവരണം എന്നും പ്രകടനപരമായ കാര്യങ്ങള്‍ കുറച്ചുകൊണ്ടുവരിക എന്നുമാണ് പൊതുവെ ഞാന്‍ ഉപദേശിക്കാറ്. എന്നാല്‍, കേരളം പോലെ ഓരോ കല്യാണത്തിനും വീട്ടിലെത്തുന്ന ജനപ്രതിനിധികള്‍ ഉള്ള നാട്ടില്‍ കാര്യങ്ങളെ പ്രൊഫഷണല്‍ എഫിഷ്യന്‍സിയുടെ കണ്ണില്‍ക്കൂടിമാത്രം കാണുന്നതില്‍ അപാകതയുണ്ട്. പ്രൊഫഷണലായി എത്ര നന്നായി കാര്യങ്ങള്‍ ചെയ്താലും അത് ജനങ്ങളോട് സംവദിച്ചില്ലെങ്കില്‍ ജനങ്ങളുടെ ദുഃഖത്തെ അറിയുന്നില്ല എന്നാകും അവര്‍ തെറ്റിദ്ധരിക്കുക. അതു മതി പ്രൊഫഷണലിസത്തിന്റെ മികവുകളെ മായ്ച്ചുകളയാന്‍.
ഇപ്പോള്‍ എന്റെ പ്രധാന ചിന്ത പക്ഷേ ഇതൊന്നുമല്ല. ഇനിയും കടലില്‍നിന്ന് മടങ്ങിവരാത്ത എത്രപേര്‍ ഉണ്ട്? അവരില്‍ എത്ര പേരായിരിക്കും അപകടത്തില്‍ പെട്ടിരിക്കുക? ഏറ്റവും വേഗത്തില്‍ ഈ കാര്യങ്ങളില്‍ കൃത്യത ഉണ്ടാകും എന്ന് കരുതുന്നു. ആ കാര്യത്തിന് ഒരു തീരുമാനമായിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഈ ദുരന്തത്തിന്റെ യഥാര്‍ഥ പോസ്റ്റ്മോര്‍ട്ടം നടത്താം, പാഠങ്ങള്‍ പഠിക്കാം. ഡിസംബറില്‍ നാട്ടിലുള്ളപ്പോള്‍ ഈ വിഷയത്തെ പറ്റി അവലോകനമൊക്കെ ഉണ്ടെങ്കില്‍ അതില്‍ തീര്‍ച്ചയായും പങ്കെടുക്കും
(യുഎന്‍ പരിസ്ഥിതി പദ്ധതിയില്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടിയുടെ ഫെയ്സ് ബുക്ക് കുറിപ്പില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ )