യു.കെ.യിൽ നഴ്‌സ്: ഫാസ്റ്റ്ട്രാക്ക് റിക്രൂട്ടുമെൻറ്

Share:

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെൻറ്നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെൻറിൻറെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെൻറ് പൂർണമായും സൗജന്യമാണ്.

ബി.എസ.സി അഥവാ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന് വർഷത്തിനകമുള്ള പ്രവർത്തി പരിചയമാണ് പരിഗണിക്കുന്നത്.

ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്‌കോർ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോർ: ഐ.ഇ.എൽ.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒ.ഇ.ടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും.

അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യു.കെയിൽ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറൽ ക്ലിനിക്കൽ എക്‌സാമിനേഷൻ) വിജയിക്കേണ്ടതാണ്.

ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ വരെയാണ് ശമ്പളം.

ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസൾട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സർട്ടിഫിക്കറ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ (കവറിങ്) ലെറ്റർ, ട്രാൻസ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സി.ഇ.ഒ അറിയിച്ചു.

ഇ-മെയിൽ uknhs.norka@kerala.gov.in

സംശയനിവാരണത്തിന് നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 (മിസ്സ്ഡ് കാൾ സർവീസ്) വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.

Share: