നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്
നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻടിഎസ്ഇ) സംസ്ഥാനതല പരീക്ഷയിൽ പങ്കെടുക്കുന്നതിന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനതല എൻടിഎസ് പരീക്ഷാ വിജയികളെ ഉൾപ്പെടുത്തി ദേശീയതല പരീക്ഷ 2019 മേയ് 12ന് നടത്തി അതിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
യോഗ്യത: സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഓപ്പണ്‍ ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ) വഴി രജിസ്റ്റർ ചെയ്ത പതിനെട്ട് വയസിന് താഴെ പത്താം ക്ലാസിൽ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഒന്‍പതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്കായി 55% ൽ കുറയാത്ത മാർക്ക് ലഭിച്ചിരിക്കണം.
പരീക്ഷ: 90 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് ഉള്ളത്. അതിൽ ഒന്നാം പേപ്പർ – സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) ൽ ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയിൽ നിന്ന് 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
രണ്ടാംപേപ്പർ – മെന്റൽ എബിലിറ്റി (മാറ്റ്) ൽ മനോനൈപുണി പരിശോധിക്കുന്ന 100 വസ്തുനിഷ്ഠ ചോദ്യങ്ങളും ഉണ്ടായിരിക്കും.
അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബിപിഎൽ സർട്ടിഫിക്കറ്റ്, ഒബിസി വിഭാഗത്തിൽ റിസർവേഷന്‍ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോണ്‍ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈൻ ആയി അപേക്ഷിക്കുന്നതിന് അപ്ലോഡ് ചെയ്യേണ്ടതാണ്.
മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് എട്ടാംക്ലാസുകാര്‍ക്ക്
നാഷണൽ മീൻസ് കെം മെറിറ്റ് സ്കോളർഷിപ്പിന് (എൻഎംഎംഎസ്) എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എൻഎംഎംഎസിന് സംസ്ഥാനതല പരീക്ഷ മാത്രമേയുള്ളൂ.
യോഗ്യത: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. റസിഡൻഷ്യൽ സ്കൂൾ, മറ്റ് ഓപ്പണ്‍ സ്കൂളുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ അപേക്ഷിക്കാൻ അർഹരല്ല. രക്ഷിതാക്കളുടെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കൂടരുത്.
ഏഴാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ചുരുങ്ങിയത് 55 ശതമാനം മാർക്ക് വേണം. (എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് ശതമാനം ഇളവ് ഉണ്ടായിരിക്കും).
പരീക്ഷ: 90 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് ഉള്ളത്. അതിൽ ഒന്നാം പേപ്പർ – സ്കോളാസ്റ്റിക് ആപ്റ്റിട്യൂഡ് ടെസ്റ്റ് (സാറ്റ്) ൽ ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയിൽ നിന്ന് 90 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
രണ്ടാംപേപ്പർ – മെന്റൽ എബിലിറ്റി (മാറ്റ്) ൽ മനോനൈപുണി പരിശോധിക്കുന്ന 90 ചോദ്യങ്ങളും ഉണ്ടായിരിക്കും.
എൻഎംഎംഎസ് പരീക്ഷയ്ക്ക് അപേക്ഷാഫീസില്ല.
അപേക്ഷകർ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈൻ ആയി അപേക്ഷിക്കുന്നതിന് അപ്ലോഡ് ചെയ്യേണ്ടതാണ്.
ദേശീയ പ്രതിഭാനിർണയ പരീക്ഷയുടെയും (എൻടിഎസ്ഇ) നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്റെയും (എൻഎംഎംഎസ്) സംസ്ഥാനതല പരീക്ഷ നവംബർ നാലിന് നടക്കും. അതിനായുള്ള അപേക്ഷകൾ 20 മുതൽ എസ്സിഇആർടി കേരളയുടെ വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി (www.scert.kerala.gov.in) സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24.