ഒരു സുമനസ്സു കൂടി….
കൊല്ലം, നെടുമുടി വേണുവിന് ഒരിടത്താവളമായിരുന്നു.
കടമ്മനിട്ടയും കാവാലം നാരായണപ്പണിക്കരും ബാലചന്ദ്രൻ ചുള്ളിക്കാടും ചേർന്ന് കാർത്തിക ഹോട്ടലിലെ ചെറിയ ഓഡിറ്റോറിയത്തിൽ കവിതയും പാട്ടുമൊക്കെയായി ഒത്തുചേരുന്ന ഒരുകാലം. അന്ന് വേണു കലാകൗമുദിയിലും ഞങ്ങൾ ( ചാത്തന്നൂർ മോഹനനും പി കെ ശ്രീനിവാസനും കെ സി മധുവും ) മലയാളനാടിലും. വേണു പാടുകയും കവിത ചൊല്ലുകയും ചുവടുവെക്കുകയും ചെയ്തിരുന്നു. കാവാലത്തിൻറെ നാടകക്കളരി, തിരുവരങ്ങ് , വേണുവിന് ഒരാവേശമായിരുന്നു.
കാഞ്ചന സീതക്ക് ശേഷമാണ് ജനറൽ പിക്ചേഴ്‌സ്, തമ്പ് നിർമ്മിക്കാൻ തീരുമാനിക്കുന്നത്.
തമ്പിലൂടെ യാണ് വേണു സിനിമയിലെത്തുന്നത്.
കൊല്ലം, വേണുവിന് ഒരു ഇടത്താവളമാകാൻ അതും കാരണമായി.
പിന്നീട് അരവിന്ദൻറെയും പത്മരാജൻറെയും ബാലചന്ദ്രമേനോൻറെയും ഹരികുമാറിൻറെയും സിനിമ സെറ്റുകളിൽ വെച്ചുള്ള കണ്ടുമുട്ടലുകൾ. കഥപറച്ചിലുകൾ….
അതിനിടയിലാണ് മൂകാംബികയിലേക്കുള്ള വഴി പറഞ്ഞുതന്നത്. വേണു നാഗവള്ളിയുമൊത്ത്.
തിരുവനന്തപുരത്തെ ‘തമ്പി’ ൽ ഇനി നെടുമുടി വേണുവില്ല.
ഒരു സുമനസ്സു കൂടി നമുക്കില്ലാതാകുന്നു.
മലയാള സിനിമക്കും സൗഹൃദങ്ങൾക്കും തീരാനഷ്ടം.
അഭിനയത്തിൻറെ അസാധാരണ മുഹൂർത്തങ്ങൾ, സൗഹൃദത്തിൻറെ മറക്കാനാവാത്ത ശേഷിപ്പുകൾ…
ബാലചന്ദ്രമേനോൻറെ ‘അച്ചുവേട്ടൻ’ നമുക്കിനി ഓർമ്മ.
- രാജൻ പി തൊടിയൂർ