നാഷണൽ ഡിഫെൻസ് അക്കാഡമി : ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം
നാഷണൽ ഡിഫെൻസ് അക്കാഡമി ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ 2019ന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പു നടക്കുക. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ബാംഗളൂരും ചെന്നൈയുമാണു സംസ്ഥാനത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ.
അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എൻഡിഎ പ്രവേശനം ലഭിക്കുന്നവർക്ക് നാലുവർഷത്തെ എൻജിനിയറിംഗ് പഠനം അക്കാഡമിയുടെ സ്ഥാപനങ്ങളിൽനിന്നു ലഭിക്കും.
ഒഴിവുകൾ: 392. ആർമി 208, നേവി- 42, എയർഫോഴ്സ് – 92, നേവൽ അക്കാഡമി എക്സിക്യൂട്ടീവ് ബ്രാഞ്ച്-50 (10+2 കേഡറ്റ് എൻട്രി സ്കീം) എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: അപേക്ഷകർ 2000 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ആർമി: പ്ലസ്ടു പാസ്. എയർഫോഴ്സ്, നേവി, നേവൽ അക്കാഡമി ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച പ്ലസ്ടു. പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. നേരത്തെ ഐഎൻഎസ്ബി/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. (വ്യോമസേനയിലേക്ക് 162.5 സെ.മീ.), ലക്ഷദ്വീപുകാർക്ക് രണ്ടു സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം.
നെഞ്ചളവ്: വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയർഫോഴ്സിലേക്കു പരിഗണിക്കില്ല. ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
മാത്തമാറ്റിക്സ് (കോഡ്1, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ്(കോഡ്2, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്ബിഐ ശാഖയിൽ നേരിട്ടോ എസ്ബിഐ/എസ്ബിടിയുടെ നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസടയ്ക്കാവുന്നതാണ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. ഉദ്യോഗാർഥി തന്റെ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു സൂക്ഷിച്ചശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക. അപേക്ഷകർക്ക് ഇമെയിൽ ഐഡി നിർബന്ധമാണ്.
വിശദവിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക.