എംജി സർവകലാശാലാ പരീക്ഷകൾ മെയ് 18 മുതൽ

കോട്ടയം : കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് മൂന്നാംവാരം പുനരാരംഭിക്കുമെന്ന് എംജി സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം മെയ് 18നും 19നും പുനരാരംഭിക്കും.
പരീക്ഷകളുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. കോവിഡ് –-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ മെയ് മാസത്തോടെ ഇളവുകൾ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നത്. സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലും സ്ഥിതിഗതി പരിശോധിച്ചുമാകും പരീക്ഷകൾ പുനരാരംഭിക്കുക.
അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 25, 28 മുതൽ അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് 25ന് ആരംഭിക്കും. പിജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിനു തുടങ്ങും. യുജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരം തുടങ്ങും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.
ജൂൺ ഒന്നുമുതൽ ഒമ്പതു കേന്ദ്രത്തിലായി ഹോം വാല്യൂവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയനടപടികൾ പൂർത്തീകരിക്കും.