‘ഭാഷാ ചലഞ്ച്’: ഐക്യത്തിനുവേണ്ടി…

Share:

ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ‘ഭാഷാ ചലഞ്ച്’ നാം ഏറ്റെടുക്കേണ്ടതുണ്ട്. പലകാരണങ്ങളാൽ . കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ‘ഭാഷാ ചലഞ്ചി’നെ ഏതു രീതിയിലാണ് കാണുന്നത് ?

രാജൻ പി തൊടിയൂർ:  രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഉറപ്പിച്ച് നിർത്താൻ ‘ലാഗ്വേജ് ചലഞ്ച്’ പ്രഖ്യാപിച്ചത് അവസരോചിതമായ ഒരു തീരുമാനമായിട്ടാണ് തോന്നുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളും എല്ലാ ഭാഷയും അറിഞ്ഞിരിക്കണം. ‘ലാഗ്വേജ് ചലഞ്ച്’ പ്രധാന മന്ത്രി ഉദ്ദേശിച്ചത് അതിനു വേണ്ടിയാണ്. ഓരോ പൗരനും ഇന്ത്യയിലെ മറ്റു ഭാഷകളിലെ ഓരോ വാക്ക് വീതം ഒരു ദിവസം പഠിക്കുക. ലക്ഷ്യം: ഭാഷ അറിയുക. വൈവിധ്യങ്ങളെ അംഗീകരിക്കുക. ഭാഷയുടെ പേരിലെ ഭിന്നതകൾ ഇല്ലാതാക്കുക.
ദിവസവും പുതിയൊരു വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്ന് പഠിക്കാനുള്ള മോദിയുടെ ആഹ്വാനമാണ് ‘ലാഗ്വേജ് ചലഞ്ച്’ . ഓരോ ദിവസവും നാം ഓരോ വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്ന് പഠിക്കുക. സ്വന്തം ഭാഷയില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളതായാല്‍ നല്ലത്. എല്ലാവര്‍ക്കും ഭാഷാ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്. അതോടൊപ്പം സ്വന്തം ഭാഷ നല്ല രീതിയിൽ ഉപയോഗിക്കാനും ഏവരും ശ്രദ്ധിക്കണം. മലയാളവും ഇംഗ്ലീഷും നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനു ഏറ്റവുമധികം ശ്രദ്ധിച്ച പ്രസിദ്ധീകരണമാണ് കരിയർ മാഗസിൻ. ഇന്നിപ്പോൾ കരിയർ മാഗസിൻ ഓൺലൈൻ മാഗസിൻ , www.careermagazine.in ഭാഷാ ചലഞ്ച് ഏറ്റെടുക്കുകയാണ്.

മുംതാസ് രഹാസ് : ഏതു രീതിയിലുള്ള പരിപാടികളാണ് കരിയർ മാഗസിൻ വിഭാവന ചെയ്യുന്നത്?

രാജൻ പി തൊടിയൂർ: മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് , തെറ്റില്ലാത്ത മലയാളം , എന്ന പരമ്പര കരിയർ മാഗസിനിൽ ആരംഭിക്കുമ്പോൾ അതെ സ്വഭാവത്തിലുള്ള ഒരു പരമ്പര മലയാളത്തിൽ ഒരു പ്രസിദ്ധീകരണത്തിലും ഉണ്ടായിരുന്നില്ല. പ്രൊഫ. പന്മന രാമചന്ദ്രൻ നായർ മലയാള ഭാഷയെക്കുറിച്ചും അതിൻറെ തെറ്റായ ഉപയോഗത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച മഹാ പണ്ഡിതനായിരുന്നു. മലയാള ഭാഷാ പ്രയോഗത്തിലെ തെറ്റുകളും ഉച്ചാരണത്തിലെ വൈകല്യങ്ങളും അദ്ദേഹം എടുത്തുകാട്ടി എന്നുമാത്രമല്ല , സംശയമുള്ളവർക്ക് തെറ്റുകൾ തിരുത്തിക്കൊടുക്കുന്നതിനും കരിയർ മാഗസിൻ അദ്ദേഹം വേദിയാക്കി.

1971 മുതല്‍ സെക്രട്ടറിയേറ്റില്‍ ഔദ്യോഗിക ഭാഷാവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1999 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ ജീവനക്കാര്‍ക്ക് ഭാഷാഭിമുഖ്യം വളര്‍ത്തുന്നതിനും ഭാഷാ പ്രയോഗത്തില്‍ പരിശീനം നല്‍കുന്നതിനും ഔദ്യോഗിക ഭാഷാ പരിശീലന പരിപാടികള്‍ ആരംഭിച്ചു. ഇപ്പോഴും അത് പൂർണ്ണമായിട്ടില്ല.

ഇന്നിപ്പോൾ സിവിൽ സർവീസ് പോലുള്ള ഉന്നത ഉദ്യോഗങ്ങൾക്കുള്ള മത്സരവേദിയിൽ മലയാളവും ഒരു വിഷയമായി വന്നപ്പോൾ തെറ്റില്ലാത്ത മലയാളം അറിഞ്ഞിരിക്കേണ്ടത് മലയാളിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായി. അത് പറഞ്ഞു കൊടുക്കാൻ പന്മന രാമചന്ദ്രൻ നായർ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ പതിനഞ്ചു വർഷങ്ങളിലായി അദ്ദേഹം എഴുതിവെച്ച ലേഖനങ്ങളും സംശയങ്ങൾക്കുള്ള പരിഹാരവും കരിയർ മാഗസിൻറെ ഓൺലൈൻ പ്ലാറ്റഫോമിൽ ( www.careermagazine.in ) തുടർച്ചയായി പ്രസിദ്ധീകരിക്കുകയാണ്. ഇത് പുതിയ തലമുറയ്ക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയം വേണ്ട.

മുംതാസ് രഹാസ് : ലാഗ്വേജ് ചലഞ്ച് മറ്റു ഭാഷകൾ പഠിക്കുന്നതിനു വേണ്ടിയാണ് പ്രധാന മന്ത്രി ഉദ്ദേശിച്ചിട്ടുള്ളത് ?

രാജൻ പി തൊടിയൂർ: തീർച്ചയായും. മറ്റുഭാഷകൾ പഠിക്കുന്നതോടൊപ്പം മാതൃ ഭാഷയിലും ഓരോരുത്തരും പ്രാവീണ്യം നേടണം. തെറ്റായ ഉച്ചാരണവും ഭാഷാ പ്രയോഗങ്ങളും അറിയണമെന്നുണ്ടെങ്കിൽ നമ്മുടെ ടെലിവിഷൻ ചാനലുകൾ ശ്രദ്ധിച്ചാൽ മതി. ചില പ്രമുഖ പത്രങ്ങളിൽ പോലും തെറ്റായ ഭാഷാ പ്രയോഗങ്ങൾ കാണാൻ കഴിയും. എന്തിന് സംസ്ഥാന സർക്കാരിൻറെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന പത്രക്കുറിപ്പുകളിൽ പോലും തെറ്റായ പ്രയോഗങ്ങൾ കാണാൻ കഴിയും. മലയാള ഭാഷ തെറ്റായും വികൃതമായും ഉപയോഗിക്കുകയാണെങ്കിൽ സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷയിലും അതിൻറെ ഇന്റർവ്യൂവിലും ആരും വിജയിക്കാൻ പോകുന്നില്ല. ഭാഷയിൽ പ്രാവീണ്യം നേടിയവർ നടത്തുന്ന മാർക്കിടീലിലും ഇന്റർവ്യൂവിലും വിജയിക്കണമെന്നുണ്ടെങ്കിൽ ഭാഷാ പരിജ്ഞാനം വളർത്തിയെടുത്തേ മതിയാകൂ. നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി നിരവധി പരമ്പരകൾ കരിയർ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ ബലറാം മൂസാദ് എഴുതിയ , ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ, ഒ. അബൂട്ടി തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷാ സംശയങ്ങൾക്കുള്ള മറുപടികൾ , കത്തെഴുത്തിനെക്കുറിച്ചും ഇംഗ്ലീഷ് ഭാഷ സംസാരിച്ചു പഠിക്കുന്നതിനുമായി പി വി രവീന്ദ്രൻ എഴുതിയ ലേഖനങ്ങളും പ്രത്യേക നോവലും. ഭാഷാ ചലഞ്ചിനെ കുറിച്ച് പറയുമ്പോൾ ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ പ്ലാറ്റഫോമിൽ ( www.careermagazine.in ) അത് പുനഃ പ്രസിദ്ധീകരിക്കുകയാണ്. തികച്ചും സൗജന്യമായി ഇത് വായിച്ചു മനസ്സിലാക്കാൻ പറ്റും. ഭാഷാ ചലഞ്ചിൽ വായനക്കാർക്കും പങ്കെടുക്കാൻ കഴിയും.

മുംതാസ് രഹാസ് : ഭാഷാ ചലഞ്ചിൽ വായനക്കാർക്കും പങ്കെടുക്കാൻ കഴിയുമെന്ന് പറയുന്നു. അതൊന്നു വിശദീകരിക്കാമോ ?

രാജൻ പി തൊടിയൂർ: ഒരു ദിവസം പുതുതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലെ വാക്ക് പഠിക്കണമെന്നാണ് പ്രധാനമന്ത്രി മുന്നോ‌ട്ടുവച്ച ഭാഷാ ചലഞ്ച്. അതിനു മീഡിയ യുടെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും ഓരോ വാക്കുകൾ പുതുതായി മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ കരിയർ മാഗസിനിൽ ( www.careermagazine.in ) ഇടം നൽകുകയാണ്. ഇംഗ്ലീഷ് ,ഹിന്ദി , മലയാളം, തമിഴ്, തെലുഗ് തുടങ്ങി ഏതു ഭാഷയിലെ വാക്കുകളും കരിയർ മാഗസിനിലെ ഗ്രൂപ് ഡിസ്‌ക്കഷനിൽ പരസ്‌പരം പരിചയപ്പെടുത്താം, ചർച്ച ചെയ്യാം. ശശി തരൂരിനെപ്പോലുള്ളവർ ട്വീറ്റ് ചെയ്യുന്നു. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വേണ്ടിയുള്ള പ്ലാറ്റ് ഫോമാണ് കരിയർ മാഗസിൻ. ട്വിറ്റെർ അങ്ങനെയല്ല.

മലയാള ഭാഷയുടെ വളർച്ചക്ക് വേണ്ടി കരിയർ മാഗസിൻ ചെയ്തിട്ടുള്ള സേവനങ്ങൾ ഭാഷാ സ്നേഹികൾക്ക് അറിവുള്ളതാണ്. അച്ചടി മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ പ്ലാറ്റഫോമിൽ വരുമ്പോൾ അത് ലോകമെമ്പാടുമുള്ള മലയാളികൾക്കും മലയാളം അറിയാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനകരമാകും. കരിയർ മാഗസിൻ ( www.careermagazine.in ) കുട്ടികൾക്കുള്ള ഓൺലൈൻ പത്രം ആയി പ്രവർത്തിക്കും. കുട്ടികൾക്ക് ഇതിൽ എഴുതാം. മുതിർന്നവരുടെ സഹായം തേടാം. അറിയപ്പെടാത്ത ആളുകളുടെ അഭിപ്രായങ്ങളും വിമർശനവും നേടി മെച്ചപ്പെടാം. അങ്ങനെ ഒരുപാടു സൗകര്യങ്ങളാണ് കരിയർ മാഗസിൻ ഡോട്ട് ഇൻ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.

മുംതാസ് രഹാസ് : ഒരു ഭാഷയ്ക്ക് അത് സംസാരിക്കുന്ന ജനതയെ ഒന്നിച്ചു നിര്‍ത്താനുള്ള കഴിവുണ്ട് എന്ന് പറയാറുണ്ടല്ലോ. ലാഗ്വേജ് ചലഞ്ച് അതിൻറെ അടിസ്ഥാനത്തിലാണല്ലോ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്?

രാജൻ പി തൊടിയൂർ:  തീർച്ചയായും. ഭാഷയ്ക്ക് അത് സംസാരിക്കുന്ന ജനതയെ ഒന്നിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. മാതൃ ഭാഷയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഇംഗ്ലീഷ് അടക്കമുള്ള മറ്റുഭാഷകള്‍ പഠിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിലുകള്‍ നേടിയെടുക്കുന്നതിനും ഇത് ഏറെ പ്രയോജനം ചെയ്യും. നമ്മുടെ പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഇനിയും കുറ്റമറ്റതായിട്ടില്ല. പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാനും താല്പര്യത്തോടെ പഠിച്ചെടുക്കാനും സാധിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. ഏതു ഭാഷയിലേയും മികച്ച സാഹിത്യകൃതികള്‍ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആ ഭാഷയോടുള്ള താല്‍പര്യം കൂടും. മലയാളത്തിന് പുറമെ ഭാരതത്തിലെ മറ്റുഭാഷകൾ , അറബി, ഉറുദു തുടങ്ങിയ ഭാഷകള്‍ ഓരോരുത്തരുടേയും കഴിവിനനുസരിച്ച് പഠിക്കാവുന്നതാണ്. ഒരു ദിവസം ഒരു വാക്കെന്ന രീതിയിൽ പഠിച്ചാൽപോലും 365 വാക്കുകൾ ഒരുവർഷം പഠിച്ചെടുക്കാം. അഖിലേന്ത്യാ ഭാഷയെന്ന നിലയ്ക്ക് ഹിന്ദിയും, ലോക ഭാഷയെന്ന നിലയ്ക്ക് ഇംഗ്ലീഷും നാം പഠിക്കുന്നത് നമ്മുടെതന്നെ ആവശ്യവുമാണ്. ഏതു പ്രദേശത്തു ചെന്നാലും അവരുടെ ഭാഷയിൽ നമുക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ അവരുടെ ഇഷ്ടം നേടിയെടുക്കാൻ എളുപ്പമാണ്. അറേബ്യൻ നാടുകളിൽ ചെല്ലുമ്പോൾ അറബിയിൽ സംസാരിക്കുകയാണെങ്കിൽ ജോലി ലഭിക്കാനും എളുപ്പമാണ്.

മുംതാസ് രഹാസ് : നമ്മുടെ നാട്ടിലെ രക്ഷിതാക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാനും ഇംഗ്ലീഷ് ഭാഷയിൽ വിനിമയം നടത്താനും കൂടുതൽ ശ്രദ്ധിക്കുന്നു. ഇത് മലയാള ഭാഷയുടെ വളർച്ചയെയും നിലനില്പിനെയും നമ്മുടെ സംസ്കാരത്തെയും ബാധിക്കുകയില്ലേ ?

രാജൻ പി തൊടിയൂർ:  വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ തന്നെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചുതുടങ്ങുന്നു. മാതൃഭാഷയില്‍ പഠനം നടത്താതെ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുമ്പോള്‍ കുട്ടിയുടെ ആത്മാവിഷ്‌കാരത്തിനുള്ള കഴിവുകള്‍ ശരിയായ അര്‍ത്ഥത്തില്‍ വികസിക്കുന്നില്ല. ഏതൊരു നാട്ടിലെ മാതൃഭാഷയും അവിടത്തെ സംസ്‌കാരത്തിന്റെയും തനിമയുടെയും ജീവസ്സുറ്റ പ്രതീകമാണ്. വിദ്യാലയങ്ങളില്‍ മലയാളത്തിന് അര്‍ഹമായ സ്ഥാനം ഇന്നും കൈവന്നിട്ടില്ല. രക്ഷിതാക്കൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. പാഠ്യപദ്ധതിയില്‍ ഭാഷാ-സാഹിത്യകൃതികള്‍ വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം ഉള്‍പ്പെടുത്തണം. സംസ്ഥാനത്ത് ആരംഭിച്ച മലയാള സര്‍വ്വകലാശാല അക്കാദമിക് തലത്തില്‍ മാത്രം ഒതുങ്ങാതെ ഭാഷയെ ജനകീയമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്‍കൈയെടുക്കണം. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷയും കേരള സംസ്‌കാരവും പഠിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച ‘മലയാളംമിഷന്‍’ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഔദ്യോഗിക തലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഭരണഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.

ആധുനിക ഡിജിറ്റല്‍ യുഗത്തിലെ സാങ്കേതികതയുടെ കുതിച്ചുകയറ്റത്തില്‍ ഭാഷയും കാലത്തോടൊപ്പം വളരേണ്ടതുണ്ട്. ഭാഷ എന്നത് കേവലം ആശയ വിനിമയത്തിനുള്ള ഒരുപാധി മാത്രമല്ല. കാലഘട്ടത്തിനുസരിച്ച് ഭാഷയിലും ലിപിയിലും തനിമ ചോരാതെയുള്ള പരിഷ്‌കാരങ്ങള്‍ നടത്തണം. ആധുനിക ഓണ്‍ലൈന്‍-നവമാധ്യമങ്ങളുടെ പ്രചാരണവും വളര്‍ച്ചയും കാണാതെ മലയാളത്തിന് മുന്നോട്ട് കുതിക്കാനാവില്ല. നമ്മുടെ നാടിന്റെയും സംസ്‌കൃതിയുടെയും ഹൃദയത്തുടിപ്പായ മാതൃഭാഷയെ മലയാളത്തെ, സ്നേഹിക്കുന്നതോടൊപ്പം രാജ്യത്തെ മറ്റു ഭാഷകളും പഠിക്കാനും സംസ്കാരം ഉൾക്കൊള്ളാനും നാം തയ്യാറാകണം. ‘ഭാഷാ ചലഞ്ച്’ ഏറ്റെടുക്കാനും അതിൽ സജീവ പങ്കാളിയാകാനും ഓരോ ഭാരതീയനും തയ്യാറാകണം. കരിയർ മാഗസിൻ ഡോട്ട് ഇൻ ( www.careermagazine.in ) അതിനുള്ള വേദിയായിരിക്കും.

 

Share: