വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

Share:

മലപ്പുറം: വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവസരം നല്‍കുന്നു. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ഭാഷകളിലാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളും അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും. ജര്‍മന്‍, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന വാരം മുതല്‍ ആരംഭിക്കും. അതത് വിദേശ രാജ്യത്തെ സര്‍ക്കാരുമായോ സര്‍ക്കാര്‍ അംഗീകൃത അജന്‍സികളുമായോ ചേര്‍ന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം രീതി കൂടുതലായി നടപ്പില്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ വീട്ടിലിരുന്നും പ്രയോജനപ്പെടുത്താനായിട്ടാണ് അസാപിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഭാഷ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും
കൂടുതല്‍ വിവരങ്ങള്‍ക്കും www.asapkerala.gov.in / www.skillparkkerala.in എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സീനിയര്‍ പ്രോഗ്രാം മാനേജര്‍ പി.അനീഷ് അറിയിച്ചു. ഫോണ്‍: 9495999675/8848094505/9495999681.

Share: