കണ്ടക്ടർ റാങ്ക് ലിസ്റ്റ് : അവഗണിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ

Share:

കെഎസ്ആര്‍ടിസിയില്‍ നാലായിരത്തിലധികം എംപാനല്‍ കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുമ്പോഴും പിഎസ്‌സി അഡ്വസൈ് അയച്ച 4051 പേരില്‍ ഒരാള്‍ക്ക് പോലും ഇതുവരെ നിയമനം നൽകിയിട്ടില്ല എന്ന പരാതിയുമായി കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടര്‍ പിഎസ്‌സി അഡൈ്വസ്ഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ . 2500 പുതിയ ഒഴിവുകള്‍കൂടി പ്രസ്തുത ലിസ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തിലാണിതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

നാലായിരത്തിലധികം പേര്‍ കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരായി ജോലിചെയ്യുമ്പോഴും കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിലെത്തിയ ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിക്കാതെ വലയുന്നു. പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചതിനുശേഷവും കഴിഞ്ഞ പതിനൊന്നു മാസങ്ങളായി ഇവരുടെ നിയമനം കെഎസ്ആര്‍ടിസി നടത്തിയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടര്‍ പിഎസ്‌സി അഡൈ്വസ്ഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍.

കെ.എസ്.ആര്‍.ടി.സി റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി ജീവനക്കാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നു. എന്‍.ജെ.ഡി ഒഴിവുകളിലേക്ക് കഴിഞ്ഞ ഡിസംബര്‍ 31ന് പി.എസ്.സി അഡ്വൈസ് മെമ്മോ നല്‍കിയ 4051 പേര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഇതുവരെ നിയമനം നല്‍കിയിട്ടില്ല. അഡ്വൈസ് മെമ്മോ നല്‍കി മൂന്നുമാസത്തിനകം നിയമനം നല്‍കണമെന്നാണ് പി.എസ്.സി ചട്ടം. കെ.എസ്.ആര്‍.ടി.സി താത്കാലിക ജീവനക്കാരെ ഒഴിവാക്കി പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പിന്‍വാതില്‍ നിയമനം ശക്തമായത്. പി.എസ്.സി നിയമന ശിപാര്‍ശ നല്‍കിയാല്‍ മൂന്നുമാസത്തിനകം ജോലി നല്‍കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം എല്‍.ഡി.എഫ് സര്‍ക്കാരും മറന്നിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ചെയ്ത 9300 ഒഴിവുകളിലേക്കാണ് പി.എസ്.സി ആഡ്വൈസ് നല്‍കിയത് .പക്ഷെ 4051 പേര്‍ ജോലിയില്‍ പ്രവേശിച്ചില്ല. ഈ ഒഴിവുകളിലേക്ക് സംവരണ ക്രമം പാലിച്ച്‌ പി.എസ്.സി വീണ്ടും അഡ്വൈസ് അയച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി നിസംഗത പാലിക്കുകയാണ്. നിയമന ശിപാര്‍ശ ലഭിച്ച ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും പ്രായ പരിധി കഴിഞ്ഞതിനാല്‍ മറ്റൊരു പരീക്ഷയ്ക്ക് യോഗ്യരല്ലാതായിട്ടുണ്ട്.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിലവില്‍ 4200 ഓളം താത്കാലിക കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. 2013ന് ശേഷം ഉണ്ടായ റിട്ടയര്‍മെന്റ് ഒഴിവുകളും പ്രമോഷന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിക്ക ഡിപ്പോകളിലും കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ പല സര്‍വീസുകളും മുടങ്ങുന്നതായും ആക്ഷേപമുണ്ട്.

പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണ് ബന്ധപ്പെട്ടവര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും അഡ്വൈസ് ലഭിച്ചവര്‍ക്ക് നിയമനം നല്‍കാത്തതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോടതി ഉത്തരവിന് വിരുദ്ധമായി 2013ന് ശേഷം പല തവണയായി നിരവധി താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായും ആരോപണമുണ്ട്.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പിഎസ്‌സി താത്കാലിക നിയമനങ്ങള്‍ നടത്തിയത്. അതിന് ശേഷം പിഎസ്‌സി റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്ലറിക്കല്‍ മിസ്‌റ്റേക്ക് ആണെന്ന വാദവുമായി കെഎസ്ആര്‍ടിസി രംഗത്ത് വന്നു.എന്നാല്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കുറയ്ക്കാനോ തിരിച്ചെടുക്കാനോ നിയമപരമായി സാധിക്കില്ലെന്ന് വ്യക്തമാക്കി പിഎസ്‌സി കെഎസ്ആര്‍ ടിസിയുടെ ആവശ്യം തള്ളുകയായിരുന്നു.

പിഎസ്‌സി സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ മറ്റ് നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് സുപ്രിം കോടതിയുടെ ഉത്തരവും നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പിന്‍വാതില്‍ നിയമനം നടന്നത്.

ഹാജരാവാത്തവരുടെ 4051 എന്‍ജെഡി വേക്കന്‍സിയിലാണ് 2016 ഡിസംബര്‍ 31ന് പിഎസ്‌സി അഡൈ്വസ് അയച്ചത്. ഇതു കൂടാതെ അഡൈ്വസ് കിട്ടിയവര്‍ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ലഭിക്കാതെ കാത്തുനില്‍ക്കുമ്പോഴും എംപാനല്‍ കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തി. പിഎസ്‌സിയെപ്പോലും അപ്രസക്തമാക്കി കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

Share: