സാമ്പത്തിക ഉച്ചകോടി ജൂണ്‍ 12ന് കൊച്ചിയില്‍

2678
0
Share:

കൊച്ചി: നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വും പ്രവണതകളും ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സാമ്പത്തിക ഉച്ചകോടി ചേരുന്നു.
‘ജന്മഭൂമി’യുടെ സംരംഭമായ ‘ഇന്‍ക്ലുസീവ് ഇന്ത്യ ഇക്കണോമിക് ഫോറം’ (ഐഐഇഎഫ്) ജൂണ്‍ പന്ത്രണ്ടിന് സംഘടിപ്പിക്കുന്ന ഉച്ചകോടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്യും.
എറണാകുളത്ത് ഹോട്ടല്‍ ലെ മെറിഡിയനില്‍ ചേരുന്ന യോഗത്തില്‍, നോട്ട് പിന്‍വലിക്കലിന് മുമ്പും ശേഷവുമുള്ള രാജ്യത്തെ സാമ്പത്തികാവസ്ഥ വിശദമായി ചര്‍ച്ച ചെയ്യും.

സാമ്പത്തിക സമഗ്ര കാര്യപരിപാടി, ഡിജിറ്റല്‍ സാമ്പത്തിക സംവിധാനത്തിലെ പരിഷ്‌കാരങ്ങളും സംരംഭങ്ങളും, നോട്ടില്ലാത്ത സമ്പദ് വ്യവസ്ഥയും വെല്ലുവിളിയും, ഡിജിറ്റല്‍ ഇന്ത്യയിലെ ചെറുകിട-അതിസൂക്ഷ്മ പണമിടപാട് മേഖല എന്നിവയാണ് മറ്റു ചര്‍ച്ചാ വിഷയങ്ങള്‍.
നോട്ടുപിന്‍വലിക്കല്‍ നടപടി ലഘൂകരിക്കാന്‍ വിവിധ മേഖലകളില്‍ സഹായകമായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

കേന്ദ്ര നിയമ, വിവര സാങ്കേതിക മന്ത്രി രവിശങ്കള്‍ പ്രസാദ്, ധനകാര്യ സഹമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍, വിവര-സാങ്കേതിക മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്‍രാജന്‍, രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ നയിക്കും. ദേശീയ നിരയിലുള്ള സാമ്പത്തിക വിദഗ്ധര്‍ വിവിധ ബാങ്ക്-ധനകാര്യ സ്ഥാപന മേധാവികള്‍, സമ്പത്തിക-വാണിജ്യ സ്ഥാപനങ്ങളുടെ തലവന്മാര്‍ തുടങ്ങിയവർ പങ്കെടുക്കും.

Share: