സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് : ജനുവരി 17 നകം അപേക്ഷിക്കുക

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ പുതിയ വിജ്ഞാപനമനുസരിച്ചു ( കാറ്റഗറി നമ്പർ 545 / 2017 ) സെക്രട്ടേറിയറ്റ് / അസിസ്റ്റന്റ് /ഓഡിറ്റർ / പി എസ് സി / അഡ്വക്കേറ്റ് ജനറൽ ഓഫീസ് / ലോക്കൽ ഫണ്ട് ഓഡിറ്റ് / വിജിലസ് ട്രിബുണൽ / സ്പെഷ്യൽ ജഡ്ജസ് & ഇൻക്വിയറി കമ്മീഷണർ ഓഫീസ് എന്നിവിടെക്കുള്ള നേരിട്ട നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സർവ്വ കലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 -36 . 27800 – 59400 എന്ന ശമ്പള സ്കെയിലിൽ ആയിരിക്കും നിയമനം. 14 / 12 / 2017 ലെ അസാധാരണ ഗസറ്റ് അനുസരിച്ചു പ്രസിദ്ധീകരിച്ച തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി 2018 ജനുവരി 17 രാത്രി 12 മണി വരെയാണ്.
പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പംതന്നെ പഠിച്ചു തുടങ്ങിയാൽ മാത്രമേ കേരളസർക്കാർ നൽകുന്ന ഏറ്റവും മികച്ച തൊഴിൽ അവസരം പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു. പരമാവധി 1500 പേർക്ക് ജോലി ലഭിക്കാൻ സാദ്ധ്യതയുള്ള ഈ പരീക്ഷക്ക് കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചിരുന്നെങ്കിൽ ഇത്തവണ ആറുലക്ഷത്തിലേറെ അപേക്ഷകരുണ്ടാകാനാണ് സാദ്ധ്യത.

സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷയിൽ പുതിയ പരീക്ഷാസമ്പ്രദായം പ്രാബല്യത്തിൽ വരുത്തുന്നതിനെക്കുറിച്ചാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആലോചിക്കുന്നത്. ഒറ്റപരീക്ഷയും, ഒറ്റവാക്കിലുത്തരവും എന്ന രീതി മാറ്റി പഴയതുപോലെ വിവരണ സ്വഭാവമുള്ള പരീക്ഷ നടത്തുന്നതിനെക്കുറിച്ചാണ് പി എസ് സി യിലെ വിദഗ്ദ്ധർ ഇപ്പോൾ പദ്ധതിയിടുന്നത്. ബിരുദം അടിസ്ഥാന യോഗ്യയായി നിശ്ചയിച്ചിട്ടുള്ള തസ്തികകൾക്ക് രണ്ട് പരീക്ഷകൾ എന്നും ആലോചിക്കുന്നുണ്ട്. . പുതുവര്‍ഷത്തില്‍ പി എസ് സിയുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരാനാണ് സാദ്ധ്യത . തത്വത്തില്‍ അംഗീകരിച്ച പരിക്ഷ്‌കാര നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ചോടെ പ്രാബല്യത്തില്‍കൊണ്ടുവരാനാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ പദ്ധതി.

സര്‍ക്കാര്‍ ജോലിക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലില്‍ നിന്നാണ് പി എസ് സി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കിയത്. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പി എസ് സി പരീക്ഷകള്‍ക്കുണ്ടാവുക. പുതിയ പരീക്ഷാ സമ്പ്രദായങ്ങളും ഓൺലൈൻ പരീക്ഷാരീതിയും ലോകമെമ്പാടും വ്യാപകമാകുമ്പോഴാണ് വിവരണ സ്വഭാവമുള്ള പരീക്ഷാ രീതിയിലേക്കുള്ള പി എസ് സി യുടെ മടക്കയാത്ര. വിവരണ സ്വഭാവമുള്ള പരീക്ഷ മൂല്യനിര്‍ണ്ണയം നടത്തുമ്പോൾ ഏകസ്വഭാവം ലഭിക്കുകയില്ലെന്നും മാർക്കിടുന്നയാളിൻറെ മാനസിക വ്യാപാരങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുമെന്നും വിലയിരുത്തിയാണ് അത്തരം പരീക്ഷകൾ ജോലിക്കുള്ള മത്സരങ്ങളിൽ ഒഴിവാക്കിയത്. എന്നാൽ വിവരണ സ്വഭാവമുള്ള പരീക്ഷ മൂല്യനിര്‍ണ്ണയം ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം പി എസ് സിയിൽ നടക്കുന്നതായാണ് അറിയുന്നത് . വിവരാണാത്മക പരീക്ഷയ്ക്കും ഓണ്‍ലൈന്‍ സംവിധാനം സാധ്യമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മാതൃകയാണ് പി എസ് സിയും സ്വീകരിക്കുന്നത്.

അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും പുതിയ പരീക്ഷ സമ്പ്രദായത്തിലൂടെ കഴിയുമെന്നാണ പി എസ് സിയുടെ പ്രതീക്ഷ. 2018 മുതല്‍ എസ് എസ് എല്‍ സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക. ഒരേ യോഗ്യതയുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ ഒറ്റ പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ തസ്തികയുടെ വ്യത്യാസമനുസരിച്ചുള്ള പരീക്ഷയായിരിക്കും നടത്തുക. കൂടാതെ പ്രായോഗിക പരീക്ഷ വരുന്ന തസ്തികയ്ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനമിറക്കുക. മാത്രമല്ല തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്. ബിരുദം അടിസ്ഥാനയോഗ്യതയുള്ള പരീക്ഷകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാക്കും എന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഇത്തവണ അതൊഴിവാക്കിയിട്ടുണ്ട്.

പരീക്ഷയിൽ മുൻനിരയിലെത്താൻ , ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യോത്തരങ്ങൾ പഠിക്കുന്നതോടൊപ്പം വിവരണ സ്വഭാവമുള്ള ചോദ്യോത്തരങ്ങളും സ്വയം തയ്യാറാക്കി പഠിക്കേണ്ടതുണ്ട്. കരിയർ മാഗസിൻ ഓൺലൈൻ പഠനം ( www.careermagazine.in ) പരീക്ഷക്ക് തയ്യാറാകുന്നവർക്ക് സ്വന്തം കഴിവ് വിലയിരുത്താനും മാർക്ക് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ ഇരുപത്തിനാല് മണിക്കൂറും ( 24x 7 ) പഠിക്കുന്നതിനുള്ള വേദിയാണ് www.careermagazine.in

– ഡോ. ശിവശങ്കരൻ നായർ

Share: