ഒരു ദശാബ്ദം : ബേബിച്ചായനില്ലാതെ….

Share:

സൗഹൃദക്കൂട്ടങ്ങളുടെ ഓളപ്പരപ്പിൽ തേവള്ളിക്കായൽ.
കരയിൽ കസേരയിട്ട് ബേബിച്ചായൻ -മലയാളസാഹിത്യത്തിന് ആധുനിക ഭാഷ്യം പകർന്ന ജോർജ് വർഗീസ് കാക്കനാടൻ .
താന്ത്രിക ചിത്രകലയുടെ ഉപാസകൻ രാജൻ കാക്കനാടൻ , ഇഗ്‌നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ,വി ബി സി നായർ, ചാത്തന്നൂർ മോഹൻ , പ്രൊഫ കല്ലട രാമചന്ദ്രൻ …. സൗഹൃദക്കൂട്ടം അണിചേരുകയായി.

തേവള്ളിക്കായലിന്റെ ഓളങ്ങളിൽ സ്നേഹസംഗീതം പ്രതിധ്വനിക്കുന്നു.
‘സ്പിരിച്വൽ’ ചർച്ചകൾ.

കവിത.സിനിമ സാഹിത്യം. കടമ്മനിട്ടയും ചുള്ളിക്കാടും ചാത്തന്നൂർ മോഹനനും ഉറക്കെ പാടുന്നു.
ഇടക്കൊക്കെ പരിഭവത്തിൽ പൊതിഞ്ഞ സ്നേഹ മുദ്രയോടെ ശാസനയുമായി അമ്മിണിച്ചേച്ചി.
കാക്കനാടൻ പറയും:
“സൗഹൃദമെന്നാൽ പരസ്പരം അറിയുക എന്നതിനേക്കാൾ ഒരാൾ മറ്റൊരാളെ സഹിക്കുക എന്നതാണ്. അംഗീകരിക്കുക എന്നതാണ്. അതിന് കഴിയാതെ വരുമ്പോൾ സൗഹൃദം ഇല്ലാതായി തീരുന്നു”.
“ഓരോ തവണയും അപരിചിതനോട് ‘ഹലോ ‘ പറയുമ്പോൾ , നാം ഒരു കുടുംബത്തിലെ അംഗമാണെന്ന് ഹൃദയം നമ്മോട് ആവർത്തിക്കുന്നു” – സുസേ കാസേം

കാക്കനാടൻ മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകൾ എക്കാലവും മലയാളി മനസ്സിൽ പച്ച പിടിച്ച് നില്ക്കുമെന്നുള്ളതിന് രണ്ട് പക്ഷമില്ല.

ആധുനിക മലയാള സാഹിത്യത്തിന്, മലയാളനാടുമായി ചേർന്ന് നിൽക്കുമ്പോൾ അദ്ദേഹം നൽകിയ സംഭാവനകൾ…

മാധവിക്കുട്ടിയുടെ ‘എൻറെ കഥ’ , എഴുതിയതാരാണ് ?

ബേബിച്ചായൻ മറഞ്ഞു പത്തു വർഷം കഴിയുമ്പോൾ, ലഹരിയുടെ ഉന്മാദത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ ഒഴുകിയെത്തി, ഓർമ്മയിൽ.
സസ്തി ബ്രതയുടെ ‘ ചെറുപ്പത്തിലേ മൃതിയായ ദൈവവും’ ‘എൻറെ കഥ’യും തമ്മിലുള്ള ബന്ധം.
മാധവിക്കുട്ടിയുടെ ഇംഗ്ലീഷിലുള്ള വരികൾ മലയാളത്തിൽ സാഹിത്യമാക്കിയ കാക്കനാടൻ നൽകിയ സംഭാവന.
‘എൻറെ കഥ’പോലെ തീഷ്ണവും വൈകാരികവും സത്യസന്ധവുമായ ഒരു ആത്മകഥ കേരളം കണ്ടിട്ടില്ലെന്നും, പിന്നീടുവന്ന ഒരു പെണ്ണെഴുത്തുകാരിക്കും ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും മലയാളത്തിലെ എഴുത്തുകാരും ബുദ്ധിജീവികളും ആവർത്തിക്കുമ്പോൾ എൻറെ കഥയ്ക്ക് മജ്ജയും മാംസവും നൽകിയത് യഥാർഥത്തിൽ ആരാണെന്ന് മലയാളി അറിഞ്ഞിരിക്കണം.

അന്തരിച്ച പ്രൊഫ. കല്ലട രാമചന്ദ്രനും ചാത്തന്നൂർ മോഹനും ഒത്തിരിക്കുമ്പോൾ സസ്തി ബ്രതയുടെ ‘മൈ ഗോഡ് ഡൈഡ് യങ് ‘ എങ്ങനെ ‘എൻ്റെ കഥ’യെ സ്വാധീനിച്ചുവെന്ന് കാക്കനാടൻ പറഞ്ഞു. മാധവിക്കുട്ടിയുടെ കുറിപ്പുകൾ ഇംഗ്ലീഷിൽനിന്നും പരിഭാഷപ്പെടുത്തുമ്പോൾ അതിൽ പ്രണയവും ലൈംഗികതയും വാരിക്കോരി നിറച്ചതും എങ്ങനെയെന്ന് ബേബിച്ചായൻ പറയുന്നു. ” ഇതൊരിക്കലും പുറത്താകരുത്. കുറഞ്ഞപക്ഷം ഞാൻ ഭൂമിയിൽ നിന്നപ്രത്യക്ഷമാകും വരെയെങ്കിലും”.

രണ്ടായിരത്തി പതിനൊന്നു ഒക്ടോബർ 19 ന് ബേബിച്ചായൻ നമ്മോടു യാത്രാമൊഴി ചൊല്ലി.
അതിനും മുൻപേ മലയാളനാടിൻറെ മുഖ്യ പത്രാധിപർ എസ് കെ നായർ. പിന്നെ കല്ലട , ചാത്തന്നൂർ മോഹൻ.
ഇന്നിപ്പോൾ ബേബിച്ചായൻ വിടചൊല്ലി പത്തു വർഷം കഴിയുമ്പോൾ , ഓർമ്മയുടെ ചിത്രങ്ങളിൽ നിന്ന് ഇതൊക്കെ മറയും മുൻപ് എഴുതിവെക്കണമെന്ന് പറഞ്ഞ ഹരി കട്ടേലിനെ ഓർക്കുകയാണ്.

ഒരുപാട് ചർച്ചകളും തർക്കങ്ങളും ‘എൻറെ കഥ’ യെ ചൊല്ലിയുണ്ടാകുമ്പോൾ അറിയാവുന്ന ചില യാഥാർഥ്യങ്ങൾ കൂടി.

ഏപ്രിൽ 23 ൻറെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ പെട്ടെന്നൊരുത്തരം ,
കാക്കനാടൻറെ ജന്മദിനം എന്നാണ്.
എനിക്ക് മാത്രമല്ല.
അദ്ദേഹത്തെ ‘ബേബിച്ചായൻ’ എന്ന് വിളിച്ചിരുന്ന കൊല്ലത്തെ കലാ – സാഹിത്യ – സാംസ്കാരിക – മദ്യപ സംഘത്തിനൊക്കെയും.
‘മദ്യപാനം ആരോഗ്യത്തിന് …?’ എന്നൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോഴൊക്കെ ആദ്യ അദ്ധ്യായം കാക്കനാടനിൽ നിന്ന് തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു.
അതി മനോഹരമായി മദ്യപിച്ചിരുന്ന അദ്ദേഹം 76 വയസുവരെ ജീവിച്ചിരുന്നു എന്ന് മാത്രമല്ല. എഴുതിക്കൊണ്ടുമിരുന്നു.

അവസാന നാളുകളിലും കാണുമ്പോൾ, ഉടൻ പൂർത്തിയാക്കാൻ പോകുന്ന ‘ക്ഷത്രിയൻ’ എന്ന നോവലിനെക്കുറിച്ചു പറയുമായിരുന്നു.
രാജൻ കാക്കനാടൻ, പൂർത്തിയാക്കികൊണ്ടിരുന്ന ‘ഓടിയൻ’ തിരക്കഥയെക്കുറിച്ചു പറയുന്നതുപോലെ.
രാജൻ കാക്കനാടൻ, അരവിന്ദന് വേണ്ടി എഴുതിക്കൊണ്ടിരുന്ന ‘ഓടിയൻ’, അരവിന്ദൻറെ മരണത്തോടെ നിർത്തി എന്നാണ് കരുതിയത്.
എന്നാൽ മൂകാംബികയിൽ, ഒരു സായാഹ്നത്തിൽ കണ്ടുമുട്ടിയപ്പോൾ രാജൻ കാക്കനാടൻ പറഞ്ഞു. “ഒടിയൻ ഞാൻ എഴുതുകയാണ്. നമുക്കത് സിനിമയാക്കണം”.

അടുത്ത പ്രഭാതത്തിൽ കുടജാദ്രിയിലേക്ക് നടക്കുമ്പോൾ കൂടുതൽ സമയവും രാജൻ ഒടിയനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. കരിയർ മാഗസിൻ, അതിൻറെ ഉച്ചസ്ഥായിയിൽ ആയ കാരണം എൻറെ കയ്യിൽ ഒരു സിനിമ എടുക്കാനുള്ള പണമുണ്ടെന്നും സിനിമയിലുള്ള താൽപ്പര്യം കൊണ്ട് ‘ഓടിയൻ’ ഞാൻ എടുക്കുമെന്നും രാജൻ കാക്കനാടൻ കരുതുന്നത് പോലെ തോന്നി.

അതിനും വർഷങ്ങൾക്കു മുൻപ് , എസ്തപ്പാന്റെ സെറ്റിൽ വെച്ചാണ് രാജൻ കാക്കനാടൻ ഓടിയൻറെ കഥപറയുന്നത്. അരവിന്ദന് അതിഷ്ടപ്പെടുകയും ചെയ്തു.

എന്നാൽ മദ്യപ സംഘത്തിലല്ലാതെ കാക്കനാടൻ ‘ക്ഷത്രിയ’നെ കുറിച്ച് പറഞ്ഞില്ല.
അമ്മിണിച്ചേച്ചിയുടെ കണ്ണുരുട്ടലിനും അമ്മയുടെ അടക്കം പറച്ചിലിനുമിടയിലൂടെ , ഞങ്ങൾ ബേബിച്ചായനുമൊത്തു ഒരുപാട്  കഥ പറഞ്ഞു.

മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് വഴിതിരിച്ചുവിട്ട മഹാ പ്രതിഭ എന്നതിനപ്പുറം മനുഷ്യനെ സ്നേഹിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത മഹാമനുഷ്യനായിരുന്നു , കാക്കനാടൻ.
ഇരുപതു വയസിന്റെ വ്യത്യാസമുണ്ടെങ്കിലും കാക്കനാടൻ ഒരു സുഹൃത്തായി കൂട്ടി.
എഴുതുന്നതിനെ പ്രോത്സാഹിപ്പിച്ചു. അംഗീകരിച്ചു.
ചെറുപ്പം മുതലേ അദ്ദേഹത്തിൻറെ കൃതികൾ വായിച്ചിരുന്നെങ്കിലും , ‘മലയാളനാടിൽ’ എത്തും വരെയും കാക്കനാടനെ നേരിൽ കണ്ടിട്ടില്ലായിരുന്നു.
മലയാളനാടിനു സബ് എഡിറ്റർമാരെ എടുത്തപ്പോൾ ഇന്റർവ്യൂ ബോർഡിൽ കാക്കനാടനും ഉണ്ടായിരുന്നു.
സെലക്ഷൻ കത്ത് കിട്ടും മുൻപ് ജനയുഗത്തിൽ വെച്ചുകണ്ട ഭാർഗ്ഗവൻ മാമനോട് കാക്കനാടൻ പറഞ്ഞു: “രാജനെ എസ് കെ നായർ വിലക്കെടുത്തു”.
മാമൻ അത് പറയുമ്പോൾ എനിക്കത്രയും വിലയുണ്ടോ എന്നാണാദ്യം തോന്നിയത്.
2003 ൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡിന് ഞാനെഴുതിയ ‘നിഴൽചിത്രങ്ങളുടെ പൊരുൾ ‘ തിരഞ്ഞെടുത്തു കൊണ്ട്, “ഇതിൽപ്പരമൊരു പുസ്തകമില്ല അവാർഡിന് ” എന്ന് കമ്മിറ്റി ചെയർമാനായിരുന്ന കാക്കനാടൻ പറഞ്ഞു എന്നാണ് മെമ്പർ സെക്രട്ടറി ആയിരുന്ന സി. രമേശ് കുമാർ പറഞ്ഞത്.
അതായിരുന്നു, കാക്കനാടൻ. എല്ലാവരിലും മൂല്യം കണ്ടു. എൻറെ ആദ്യ നോവലിൻറെ ( നക്ഷത്രങ്ങൾ വെറുതെ ചിരിക്കുന്നു) അവതാരികയിൽ ‘എഴുത്തിലെ ഇന്ദ്രജാലം’ എന്നാണ് അതിനെ വിശേഷിപ്പിച്ചത് .
സ്നേഹിക്കാനും അംഗീകരിക്കാനും അഭിനന്ദിക്കാനും ഒപ്പം കൂടാനും ഒരു ബേബിച്ചായൻ.
നിറം മങ്ങിയ ഒരു ചിത്രം കയ്യിൽ എവിടെനിന്നോ കിട്ടിയപ്പോൾ അതിൽ പ്രൊഫ. കല്ലട രാമചന്ദ്രനും, ചാത്തന്നൂർ മോഹനും ഒപ്പം . മലയാള സാഹിത്യത്തിൻറെ, കവിതയുടെ, നിരൂപണത്തിൻറെ നിറം മങ്ങിയ ചിത്രം.
കാക്കനാടൻറെ സാഹിത്യത്തിന് ഒരിക്കലും നിറം മങ്ങുന്നില്ല.

– രാജൻ പി തൊടിയൂർ

 

Share: