എ പി ജെ @ 90

Share:

ക്കഴിഞ്ഞ ഒക്ടോബർ 15 ന് എ പി ജെ യുടെ 90 -മത് ജന്മവാർഷികം.
” ഇന്ത്യയിലെ കുട്ടികൾക്ക് നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുണ്ട്. നിങ്ങൾ ചെയ്യുന്നത് ഒരു മഹാകാര്യമാണ്.തൊഴിൽ വിദ്യാഭ്യാസ ബോധവൽക്കരണം. ഇനിയും അനേക കോടി നിരക്ഷകരുള്ള ഒരുരാജ്യത്തു കുട്ടികളെ പഠിപ്പിക്കാൻ , ഗ്രാമങ്ങളിൽ നിങ്ങളോടൊപ്പം വരാൻ ഞാനുമുണ്ടാകും.”
2002 ൽ ചെന്നൈ, അണ്ണാ സർവ്വകലാശാലയിലുരുന്നു അദ്ദേഹം പറഞ്ഞു.

ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്‌നങ്ങൾ. അത് ഉറക്കം കെടുത്തുന്നവയായിരിക്കണം എന്ന് എഴുതിയതും , സ്വപ്‌നങ്ങൾ ചിന്തകളായും ചിന്തകൾ കർമ്മങ്ങളായും മാറണമെന്ന് നമ്മെ പഠിപ്പിച്ചതും എ പി ജെ.

ഒരു മഹാസ്വപ്നത്തിന്റെ രേഖാചിത്രവുമായി അദ്ദേഹത്തെ തേടി ഒരു യാത്ര. ഒപ്പം ഇന്ത്യ ടുഡേ പത്രാധിപർ പി കെ ശ്രീനിവാസൻ.

2002 ലെ ഒരു പ്രഭാതത്തിൽ ചെന്നൈയിൽ അണ്ണാ സർവകലാശാലയിലേക്ക്. പി കെ ശ്രീനിവാസന്റെ സ്കൂട്ടറിന് പിന്നിലിരിക്കുമ്പോൾ ഇന്ത്യ ടുഡേയിലെ അരുൺ റാം പറഞ്ഞതോർത്തു. “ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്റെ മുന്നിലേക്കാണ് പോകുന്നത് . അബദ്ധങ്ങൾ ഒന്നും വെച്ച് കാച്ചരുത് ”
ഞങ്ങളുടെ സങ്കൽപ്പങ്ങളെ, സ്വപ്നങ്ങളെ ഒരു മഹാ അബദ്ധമായാണ് അന്ന് പലരും കരുതിയത്.
ലോകത്തിലുള്ള മുഴുവൻ ആളുകളെയും ഒരു വേദിയിൽ കൊണ്ടുവരിക. പരസ്പ്പരം ആശയങ്ങൾ പങ്കുവെക്കുക. ചിത്രങ്ങൾ കൈമാറുക. ചർച്ചകൾ നടത്തുക. ഒരു ‘സോഷ്യൽ മീഡിയ നെറ്റ്‌വർക്ക്’.
ഇന്റർനെറ്റിന്റെ അനന്ത സാദ്ധ്യതകൾ മനസ്സിൽ കുറിച്ചിട്ട സ്വപ്നം.

പി കെ . ശ്രീനിവാസന് അത് മനസ്സിലായത് കൊണ്ടാണ് ആ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചത്. അന്ന് ശ്രീനിയോടൊപ്പം ഇന്ത്യ ടുഡേയിലുള്ളവർ അതിൽ വലുതായൊന്നും കണ്ടില്ല. ടെലിഫോൺ കണ്ടുപിടിച്ചു ആശയവിനിമയത്തിനുള്ള അനന്ത സാധ്യതകൾ ലോകത്തിനുമുന്നിൽ തുറന്നു വെച്ച ഗ്രഹാം ബെൽ ആയിരുന്നു മാതൃക. ടെലിഫോൺ ഇ ഡയറക്ടറി ഡോട്ട് കോം എന്നതിന് പേരിട്ടു.
വിഷ്വൽ ടെലിഫോൺ ഡയറക്ടറി എന്ന് പ്രചരിപ്പിച്ചു. ആശയം പറഞ്ഞുകൊണ്ട് എ പി ജെ യ്ക്ക് മെയിൽ ചെയ്തു.
അദ്ദേഹം മറുപടി തന്നു. “ഗ്രേറ്റ് . കാണാം. സംസാരിക്കാം”. – എ പി ജെ

അരുൺറാമിനും സുന്ദർ ദാസിനും ജോസെഫിനുമൊക്കെ അല്ഫുതമായിരുന്നു . എ പി ജെയെപ്പോലൊരാൾ ഒരു ഭ്രാന്തൻ ആശയത്തെക്കുറിച്ചു സംസാരിക്കാൻ വിളിച്ചിരിക്കുന്നു. ശ്രീനിക്കും എനിക്കും അല്ഫുതമായിരുന്നു.

പക്ഷെ എ പി ജെ അങ്ങനെ ആയിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം എഴുതിയത്: ‘ യുവാക്കളുമായി ബന്ധപ്പെടാൻ എന്നെ പ്രേരിപ്പിക്കുന്ന അടിസ്ഥാന കാരണം ഇതാണ്. അവരുടെ സ്വപ്‌നങ്ങൾ എന്താണെന്നറിയണം. അസാദ്ധ്യമെന്നു കരുതുന്ന കാര്യങ്ങൾ സ്വപ്നം കാണുന്നതും അത് നേടിയെടുക്കുന്നതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നതും തീർത്തും ശരിയാണെന്നു എനിക്ക് അവരോടു പറയണം….സ്വപ്നം കാണാതിരുന്നാൽ വിപ്ലവകരമായ ചിന്തകൾ രൂപം കൊള്ളുകയില്ല.ചിന്തകളില്ലെങ്കിൽ പ്രവർത്തനങ്ങളുമില്ല. അതുകൊണ്ട് നമുക്ക് വലിയ വലിയ സ്വപ്‌നങ്ങൾ കാണാം. സ്വപ്‌നങ്ങൾ സഫലമാക്കാനുള്ള ശ്രമങ്ങൾ ആണ് എപ്പോഴും വിജയത്തിലേക്ക് നയിക്കാറുള്ളത്. ചില പരാജയങ്ങളും കാലതാമസവും സംഭവിക്കാമെന്നിരിക്കിലും അവസാന വിജയം വരെ കാത്തിരിക്കാനുള്ള ഇശ്ചാശക്തി നമുക്കുണ്ടാകണം”.

ലോകമെമ്പാടും ഐ ടി മേഖല പ്രതിസന്ധിയെ നേരിടുമ്പോഴാണ് പുതിയ സംരംഭം. ടെലിഫോൺ ഇ ഡയറക്ടറി ഡോട്ട് കോം ( http://www.thehindu.com/thehindu/lf/2002/02/23/stories/2002022302640200.htm )
ഒരുപക്ഷെ, ഇന്ത്യയിലെ ആദ്യത്തെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് . ഫേസ്ബുക് തുടങ്ങുന്നതിന് 2 വർഷങ്ങൾ മുൻപ്!

എ പി ജെ യെ കാണണം. അഭിപ്രായം ആരായണം . പറ്റുമെങ്കിൽ ഇന്ത്യയുടെ മഹാശാസ്ത്രജ്ഞനെക്കൊണ്ട് ഉത്‌ഘാടനം ചെയ്യിക്കണം.
ലോകത്താദ്യമായി വിഷ്വൽ ടെലിഫോൺ ഡയറക്ടറി. സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് . ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടിച്ചു 125 -മത് വർഷം ഫോട്ടോയും വീഡിയോയും സഹിതമുള്ള ടെലിഫോൺ ഡയറക്ടറി . പരസ്‌പരം ആശയ വിനിമയം നടത്താനും പരിചയപ്പെടാനും കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദി. ഇന്റർനെറ്റിനു മാത്രം കഴിയുന്ന കാര്യം.
വിശാലമായ മുറിയിലെ വലിയ മേശക്ക് പിന്നിലിരുന്നു ചെറിയ മനുഷ്യൻ, എ പി ജെ , എല്ലാം ശ്രദ്ധിച്ചു കേട്ട്. ഒടുവിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” നല്ല ആശയം. ഗ്രഹാംബെല്ലിനെ നാം ആദരിക്കുന്നു. എല്ലാവിജയങ്ങളും നേരുന്നു.” അദ്ദേഹം പുഞ്ചിരിച്ചു.
ഉത്‌ഘാടനത്തിനുള്ള പൊതു ചടങ്ങിൽ പങ്കെടുക്കാനൊക്കാത്തതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞു.
പിന്നീടദ്ദേഹം യുവജനങ്ങളെ കുറിച്ചും നമ്മുടെ വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ‘കരിയർ’ ബോധവൽക്കരണത്തെ ക്കുറിച്ചും സംസാരിച്ചു.
“കഠിനാദ്ധ്വാനമില്ലാതെ വിജയമില്ല. വിജയത്തിന് എളുപ്പവഴികളില്ല. വലിയ വിജയങ്ങൾക്ക് കഠിനാദ്ധ്വാനവും കാത്തിരിപ്പും അനിവാര്യമാണ്”. അദ്ദേഹം പറഞ്ഞു.

അതില്ലാത്തത് നമ്മെ പരാജിതരാക്കുന്നു എന്ന് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു.
ടെലിഫോൺ ഇ ഡയറക്ടറി ഡോട്ട് കോം ആറുമാസത്തിനുള്ളിൽ അടച്ചുപൂട്ടി.

പത്ത് മാസങ്ങൾ കഴിഞ്ഞു തുടങ്ങിയ ലിങ്ക്ഡ് ഇനും രണ്ടു് വര്ഷം കഴിഞ്ഞു തുടങ്ങിയ ‘ഫേസ്ബുക്കും’ കോടാനുകോടികൾ വാരുമ്പോൾ എ പി ജെ പറഞ്ഞത് എത്ര ശരി എന്ന് മനസ്സിൽ കുറിച്ചിടുന്നു.

വർഷങ്ങൾക്ക് മുൻപ് (2015 ) പഠിപ്പിച്ചുകൊണ്ടിരുന്നവർക്ക്‌ മുന്നിൽ കുഴഞ്ഞുവീണു എ പി ജെ നമ്മോട് യാത്രപറഞ്ഞപ്പോൾ , ഒരു പത്രപ്രവർത്തക സുഹൃത്ത്‌ ചോദിച്ചു:
എ പി ജെ യുമായി നല്ല അടുപ്പം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിൻറെ വലിയ സ്വപ്‌നങ്ങൾ പങ്കു വെച്ചിട്ടുള്ള ഒരാളെന്ന നിലയിൽ എന്തുകൊകൊണ്ട് ഒരു വരി എഴുതുന്നില്ല?
“ഇല്ല സുഹൃത്തേ, മരണക്കുറിപ്പെഴുതാൻ ഇപ്പോൾ എനിക്ക് കഴിയാറില്ല”. മറുപടി പറഞ്ഞു.
സ്മരണാഞ്ജലി , ദുഃഖബാഷ്പം എന്നൊക്കെ പേരിട്ടാലും അതൊരുതരം ക്രുരതയായാണ് തോന്നുന്നത്.
പലരെക്കുറിച്ചും എഴുതി.
ബേബിച്ചായനെ ( കാക്കനാടൻ ) ക്കുറിച്ച് എഴുതിയശേഷം മുനയൊടിച്ചു.
പലരും മരിച്ചു എന്ന് വിശ്വസിക്കാതിരിക്കനാണ് ശ്രമിക്കുന്നത്.
പദ്മരാജൻറെ വേർപാട് ഒരാഘാതമായിരുന്നു.
മലയാറ്റൂർ, തകഴി, ആനന്ദക്കുട്ടൻ, എസ് കെ നായർ ,കാമ്പിശ്ശേരി , തോപ്പിൽ ഭാസി , തോപ്പിൽ രാമചന്ദ്രൻ പിള്ള , എം ജി രാധാകൃഷ്ണൻ , വേണു നാഗവള്ളി , തെങ്ങമം ബാലകൃഷ്ണൻ, സുകുമാർ അഴീക്കോട്,എം വി പൈലി – ജീവിത ത്തോട് ചേർന്ന് നിന്ന ആരെക്കുറിച്ചും എഴുതിയില്ല.
ഇന്നിപ്പോൾ 90 -ആമതു ജന്മ വാർഷികത്തിൽ , ഭാരതത്തിൻറെ വികസനത്തെക്കുറിച്ചു ഏറ്റവുമധികം സ്വപ്നം കണ്ട , പ്രവർത്തിച്ച , മരണം വരെയും നമ്മെ പഠിപ്പിച്ച മഹാ പ്രതിഭയെ ഓർക്കാതെ വയ്യ.
എന്നും അദ്ദേഹം നമുക്കും വരും തലമുറക്കും പ്രചോദനമാകട്ടെ.

– രാജൻ പി തൊടിയൂർ

Tagsapj
Share: