ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്സ്

Share:
  • ഋതു പി രാജൻ

മാധ്യമ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ , സാങ്കേതിക വളർച്ച തുടങ്ങിയവ ജേർണലിസം പഠിച്ച മാധ്യമപ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി കൂടിവരുന്ന ഈ കാലത്തും ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് പ്രിയം ഏറുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് വേണ്ട അടിസ്ഥാന കഴിവുകള്‍ ഉള്ളവര്‍ക്കുപോലും പലപ്പോഴും ശരിയായ പരിശീലനം നേടിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നത് കൊണ്ടാവാം ഇത്. അച്ചടി മാധ്യമങ്ങളിലൂടെയും ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്ത കണ്ടെത്തി, അവലോകനം ചെയ്ത്, അവതരിപ്പിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, അവ എഴുതുക, എഡിറ്റ് ചെയ്യുക, ഫോട്ടോഎടുക്കുക , സംപ്രേക്ഷണം ചെയ്യുക എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തില്‍ അനേകം ഉപമേഖലകള്‍ ഉണ്ട്.

മാധ്യമങ്ങളെ പൊതുവായി അച്ചടിമാധ്യമങ്ങള്‍ എന്നും ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നും തരാം തിരിച്ചിരിക്കുന്നു.

അച്ചടി മാധ്യമങ്ങളില്‍ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ് എന്നിങ്ങനെയുള്ള മേഖലയില്‍ ജോലി സാദ്ധ്യതകള്‍ ഉണ്ട്. റേഡിയോ, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയാണ് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രണ്ടു തരമുണ്ട് സ്വതന്ത്ര വെബ് പേജുകളും, ഏതെങ്കിലും പത്രദ്രിശ്യശ്രാവ്യമാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പും. ഇവയിലേയ്‌ക്കെല്ലാം റിപ്പോര്‍ട്ടര്‍, റൈറ്റര്‍,എഡിറ്റര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ്, ആങ്കര്‍, റിസേര്‍ച്ചര്‍ എന്നിങ്ങനെയുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ജേർണലിസം , മാസ്സ് കമ്മ്യൂണിക്കേഷൻ പഠിച്ചവർക്ക് ടെലിവിഷൻ മേഖലയിലും ധാരാളം തൊഴിൽ അവസരങ്ങളാണുള്ളത്.

പ്ലസ്ടുകഴിഞ്ഞവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്നുള്ളത്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

കോഴ്‌സുകൾ

ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റേഴ്‌സ്ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ചില സ്ഥാപനങ്ങളില്‍ ചില പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് പഠിക്കുവാനും അവസരങ്ങള്‍ ഉണ്ട്.

പഠിക്കുവാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത

ബാച്ചിലര്‍ ഡിഗ്രിക്ക് 10+2 ആണ് അടിസ്ഥാന യോഗ്യത. മിക്കവാറും അവസരങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രി ജേര്‍ണലിസത്തില്‍ തന്നെ ഉള്ളവര്‍ക്കേ മാസ്റ്റേഴ്‌സ് ചെയ്യുവാന്‍ പറ്റുകയുള്ളു. അല്ലാതെയുള്ള കോഴ്‌സുകളും ഇപ്പോള്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 10+2 വും പി.ജി.ഡിപ്ലോമയ്ക്ക് ബിരുദവും ആണ് അടിസ്ഥാന യോഗ്യത.

ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേർണലിസം

നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേർ ണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. മികച്ച സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍

ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്.
നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്.
1. ജേർണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54).
2. ജേർണലിസം (ഹിന്ദി-53 സീറ്റ്),
3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40),
4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്.
25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക.
പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടാകും. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.

റേഡിയോ ജോക്കി

എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫെബ്രുവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
പ്രായം 18-നും 25-നും ഇടയിലായിരിക്കണം.
പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം.
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ് എ .ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍.

ജേർണലിസം , മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്‌സുകൾ പഠിപ്പിക്കുന്ന മുപ്പതോളം കോളേജുകൾ കേരളത്തിലുണ്ട്.

പ്രവേശനം എങ്ങനെ?

പ്രധാന സ്ഥാപനങ്ങളില്‍ എല്ലാം അഡ്മിഷന്‍ ഒരു പ്രത്യേക പ്രവേശന പരീക്ഷ മുഖാന്തിരം ആയിരിക്കും.

പഠിക്കാൻ  സ്ഥാപനങ്ങള്‍

കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേർണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.

എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

മറ്റു  പ്രധാന സ്ഥാപനങ്ങള്‍:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (IIMC), ന്യൂ ഡല്‍ഹി

എഴുത്തച്ഛൻ മലയാളം സർവ്വകലാശാല , പാലക്കാട്

ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ചെന്നൈ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ (IIJNM), ബാംഗ്ലൂര്‍

മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹമ്മദാബാദ്

സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പൂനെ

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ

മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ (MASCOM), കോട്ടയം

മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി

തൊഴിൽ സാദ്ധ്യതകള്‍

ഈ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും റേഡിയോയിലും ടിവി ചാനലുകളിലും ജോലി നേടാം. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്,  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ്  എന്നിവിടങ്ങളിൽ തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ഒരു ഫ്രീലാന്‍സര്‍ ആവുക എന്നതും നല്ല ഒരു വഴിയാണ്. മാധ്യമസ്ഥാപനങ്ങള്‍ കൂടാതെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും കോർപറേഷനുകളിലെയും പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍,  എന്നിവയെല്ലാം മാധ്യമ പഠിതാക്കളുടെ തൊഴില്‍ മേഖലകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേർണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്ക് തൊഴിൽ സാധ്യതയുണ്ട്.

മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യാന്‍ ഇപ്പോള്‍ വസരങ്ങള്‍ ഉണ്ട്.

Share: