സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജൂൺ അവസാന വാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. പ്രായപരിധി 20 – 35. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി. ഹാർഡ്‌വെയർ എൻജിനീയർക്ക് ഇലക്ട്രിക്കൽ/ ഇലക്ട്രിക് ആന്റ് ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. പ്രായപരിധി 21 – 35. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി. ഇലക്ട്രീഷ്യൻ ഡൊമസറ്റിക്കിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 21 – 35. 3 – 4 മാസം (600 മണിക്കൂർ) ആണ് കാലാവധി. റിപ്പേയർ ആന്റ് മെയിന്റനൻസ് ഓഫ് ഇലക്‌ട്രോണിക് ഡൊമസ്റ്റിക് അപ്ലയൻസസിന്് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18 – 30. 3 – 4 മാസം (560 മണിക്കൂർ) ആണ് കാലാവധി.
അപേക്ഷകർ തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം ഓഫീസു വഴി ഓഫീസ് ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.