ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE ) മെയിൻ പരീക്ഷ മെയ് 17 ന്
ഐഐടി ഡൽഹി, രാജ്യത്തെ 23 ഐഐടികളിലേക്കു നടത്തുന്ന പൊതുപ്രവേശന പരീക്ഷ (ജെഇഇ അഡ്വാൻസ്ഡ്) മെയ് 17നു നടക്കും.
ഫലം ജൂൺ എട്ടിന് പ്രസിദ്ധീകരിക്കും.
രജിസ്‌റ്റർ ചെയ്‌തവർക്ക് മേയ് ഏഴിന് വൈകിട്ട് അഞ്ചുവരെ ഫീസ് അടയ്ക്കാം.
ജെഇഇ ജനുവരി, ഏപ്രിൽ സെഷനുകളുടെ റാങ്ക് പട്ടികയിൽ ഏറ്റവും മുന്നിലെത്തുന്ന 2,50,000 പേർക്ക് അപേക്ഷിക്കാം.
യോഗ്യത: 2019, 2020 വർഷങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയവരാകണം. 2018ലെ പ്ലസ്ടു ഫലം ആ വർഷം ജൂണിനു ശേഷമാണ് പ്രസിദ്ധപ്പെടുത്തിയതെങ്കിൽ അവരും യോഗ്യരാണ്.
പ്ലസ്‌ടു പരീക്ഷയിൽ പരീക്ഷയിൽ 75 ശതമാനം എങ്കിലും മൊത്തം മാർക്ക് നേടുകയോ, ബന്ധപ്പെട്ട ബോർഡിലെ വിജയികളിൽ ഏറ്റവും മുകളിലെ 20 പെർസെന്റൈലിൽപ്പെടുകയോ വേണം. പട്ടികജാതി–-വർഗ, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 65 ശതമാനം മാർക്ക്. മൊത്തം മാർക്ക് കണക്കാക്കുന്നതിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ വിഷയങ്ങളായി പഠിച്ചവരാകണം.മുമ്പ് ഐഐടി പ്രവേശനം ലഭിച്ചിരിക്കരുത്.
പരീക്ഷ: മേയ് 17നു രാവിലെ ഒമ്പതുമുതൽ 12 വരെയും പകൽ രണ്ടുമുതൽ അഞ്ചു വരെയുമായി രണ്ട് കംപ്യൂട്ടർ അധിഷ്ഠിത പേപ്പറുകളാണ് പ്രവേശനപരീക്ഷയ്‌ക്ക് ഉണ്ടാകുക. രണ്ടും നിർബന്ധമായി എഴുതണം. രണ്ടിലും മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഭാഗങ്ങൾ. ആശയഗ്രഹണം, യുക്തിചിന്ത, വിശകലനശേഷി എന്നിവ പരിശോധിക്കുന്ന തരത്തിൽ മൾട്ടിപ്പിൾ ചോയ്സ് / ന്യൂമെറിക്കൽ ആൻസർ രീതിയിലുള്ള ഒബ്ജെക്ടീവ് ചോദ്യങ്ങൾ. മൈനസ് മാർക്കുണ്ട്. സിലബസുൾപ്പെടെ വിശദാംശം പ്രോസ്പെക്ടസിലുണ്ട്. പരിശീലനത്തിനുള്ള മോക് ടെസ്റ്റ് സൈറ്റിൽ.
പ്രധാന വ്യവസ്ഥകൾ : 2020 ജനുവരി, ഏപ്രിൽ സെഷനുകളിലെ ജെഇഇ മെയിനിൽ ഏറ്റവും മുന്നിലെത്തുന്ന 2.50 ലക്ഷം പേരിൽ ഉൾപ്പെടണം. (ജനറൽ 40.5 ശതമാനം, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കമുള്ളവർ: 10 ശതമാനം
ഒബിസി–-എൻസിഎൽ: 27 ശതമാനം, എസ്‌സി:15 ശതമാനം, എസ്‌ടി: 7.5 ശതമാനം സംവരണം. ഇവയിലോരോന്നിലും 5 ശതമാനം ഭിന്നശേഷി വിഭാഗത്തിനുമാണ്).
1995 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരാകണം പട്ടികജാതി–-വർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുവർഷം ഇളവ് നൽകിയിട്ടുണ്ട് (1990 ഒക്ടോബർ ഒന്നിനുശേഷം)
അഡ്മിറ്റ് കാർഡ് : മെയ് 12 രാവിലെ 10 മുതൽ മെയ് 17 ന് രാവിലെ ഒമ്പതുവരെ ഡൗൺലോഡ് ചെയ്യാം.
പരീക്ഷാകേന്ദ്രങ്ങൾ : കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, പാലക്കാട്, തൃശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് .
ആർക്കിടെക്ചർ അഭിരുചിപരീക്ഷ ജൂൺ 12ന്
ഖരഗ്പുർ, റൂർക്കല ഐഐടികളിൽ ബി ആർക് പ്രോഗ്രാമുകളിലേക്ക് ജെഇഇ അഡ്വാൻസ്ഡിൽ യോഗ്യത നേടിയവർക്കു താൽപ്പര്യമുണ്ടെങ്കിൽ ജൂൺ 17ലെ ആർക്കിടെക്ചർ അഭിരുചി പരീക്ഷയെഴുതാം.
ഇതിനുള്ള രജിസ്ട്രേഷൻ ജൂൺ എട്ടിനും ഒമ്പതിനും നടത്തും. മൂന്നു മണിക്കൂർ പരീക്ഷ ഹൈദരാബാദ് അടക്കം ഏഴ് സോണൽ കോ–ഓർഡിനേറ്റിങ് ഐഐടികളിൽ മാത്രം. ഫലം ജൂൺ 16ന് പ്രസിദ്ധീകരിക്കും. ടെസ്റ്റിൽ മിനിമം യോഗ്യത മതി. റാങ്കിങ് ജെഇഇ അഡ്വാൻസ്ഡിലെ സ്കോർ നോക്കിയാണ്. കൂടുതൽ വിവരം സൈറ്റിലെ ബ്രോഷറിലുണ്ട്. കേരള എൻട്രൻസിലെയോ ജെഇഇ മെയിനിലെയോ ചോദ്യരീതികളിൽനിന്നു തീർത്തും വ്യത്യസ്തമായതിനാൽ ഈ ടെസ്റ്റിനു പ്രത്യേകം തയാറെടുക്കണം.
ജെഇഇ സ്‌കോർ മാനദണ്ഡമാക്കിയ മറ്റ് സ്ഥാപനങ്ങൾ
■ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
■ തിരുവനന്തപുരത്ത് ഉൾപ്പെടെയുള്ള രാജ്യത്തെ 7 ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ റിസേർച്ച് (ഐസർ)
■ തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി(ഐഐഎസ്‌ടി)
■ റായ്‌ബറേലി രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി
■ വിശാഖപട്ടണം ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി
കൂടുതൽ വിവരങ്ങൾ https://jeeadv.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.