ജനങ്ങൾ മുന്നറിയിപ്പുമായി സഹകരിക്കണം -മുഖ്യമന്ത്രി
മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങൾ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 29 മുതലുള്ള മഴക്കെടുതി മരണങ്ങൾ 256 ആണ്. ഈ ഘട്ടത്തിൽ 65 മരണമാണുള്ളത്. വ്യാഴാഴ്ച നെന്മാറയിൽ മണ്ണിടിഞ്ഞ് എട്ടുപേർ മരിച്ചിട്ടുണ്ട്.
സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിതമാണ്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തിൽ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. ഇക്കാര്യങ്ങളിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവർത്തനവും നടത്തുന്നു.
മുന്നറിയിപ്പ് ഉണ്ടായാൽ മാറിനിൽക്കാൻ എല്ലാവരും തയാറാകണം. ഇപ്പോൾ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങൾ പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറാതിരുന്നാൽ പിന്നീട് വെള്ളം കയറിയാൽ പ്രശ്‌നമാകും. അതിനാൽ, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ മാറാൻ തയാറാകണം.
പെരിയാറിന്റെയും ചാലക്കുടിയ പുഴയുടേയും ഭാഗത്തുള്ളവർ കുറേക്കൂടി ജാഗ്രത പുലർത്തണം. പെരിയാറിൽ ഒരു മീറ്ററോളം വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. ചാലക്കുടി ഭാഗത്തും ജലമുയരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരകളിൽ ഉള്ളവർ മാറിത്താമസിക്കണം.
ചാലക്കുടി പുഴയുടെ ഇരുഭാഗത്തും ഓരോ കിലോമീറ്റർ ചുറ്റളവിലുമുള്ളവർ സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കണം.
ആലുവയിലും ഇപ്പോൾ വെള്ളം കയറിയതിന്റെ അരകിലോമീറ്റർ ചുറ്റളവിലുള്ളവർ ജാഗ്രതവേണം. മാറാൻ നിർദേശമുണ്ടെങ്കിൽ മാറണം. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. കുട്ടനാടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മേഖലകളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ റാന്നി, ആറൻമുള, കോലഞ്ചേരി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.