ഇൻഫർമേഷൻ അസിസ്റ്റൻറ് പാനൽ: ഇൻറ്ർവ്യൂ 19ന്

250
0
Share:

ആലപ്പുഴ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് , സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ എന്നീ തസ്തികകൾക്കായി ജില്ലാതല പാനൽ തയ്യാറാക്കുന്നു.

വാക്ക്-ഇൻ- ഇന്റർവ്യൂ സെപ്റ്റംബർ 19ന് സിവിൽ സ്റ്റേഷനിലുള്ള ജില്ല ഇൻഫർമേഷൻ ഓഫീസിൽ നടത്തും. താല്പര്യമുള്ളവർക്ക് രാവിലെ എട്ടു മുതൽ 9.30 വരെ രജിസ്റ്റർ ചെയ്യാം. രാവിലെ 10.30ന് അഭിമുഖം തുടങ്ങും.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടൻറ് എഡിറ്റർ, സബ് എഡിറ്റർ എന്നിവർക്കുള്ള അടിസ്ഥാന യോഗ്യത.

കണ്ടൻറ് എഡിറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ കണ്ടൻറ് ജനറേഷൻ, ഗ്രാഫിക് ഡിസൈൻ എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാകണം.

സബ് എഡിറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് മാധ്യമ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തിൽ കുറയാത്ത എഡിറ്റോറിയൽ, റിപ്പോർട്ടിങ് പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മൂന്നു തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾ മലയാളം ടൈപ്പിങ് അിറഞ്ഞിരിക്കണം.

മൂന്നു തസ്തിതകയിലും ജേണലിസം, മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയവും അധിക നൈപുണ്യവും അധിക യോഗ്യതയായി കണക്കാക്കും.

കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി തിരഞ്ഞെടുപ്പിന് ബാധകമായിരിക്കും. ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടൻറ് എഡിറ്റർ എന്നിവർക്ക് 15400 രൂപ വീതവും സബ് എഡിറ്റർക്ക് 19800 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അനുവദനീയമായ യാത്രബത്തയും അനുവദിക്കും.

അഭിമുഖ വേളയിൽ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസലിന് പുറമെ രണ്ടു പകർപ്പു വീതം കരുതിയിരിക്കണം. മൂന്ന് വിഭാഗത്തിലെയും ഉദ്യോഗാർഥികൾക്ക് ന്യൂസ് ഫോട്ടോഗ്രാഫിയിൽ പ്രാഥമിക പ്രയോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ന്യൂസ് റിപ്പോർട്ടുകൾക്കൊപ്പം നിർദ്ദേശാനുസരണം ഫോട്ടോ/മൊബൈൽ വീഡിയോ എന്നിവ കൂടി ലഭ്യമാക്കുന്നതിന് ഇവർ ബാധ്യസ്ഥരാണ്. ഇതിനു പ്രത്യേകം പ്രതിഫലം അനുവദിക്കുന്നതല്ല.

ഉദ്യോഗാർഥികൾക്ക് ഉപയോഗക്ഷമമായ സ്മാർട്ട് ഫോണും, ഡാറ്റ കണക്ഷൻ ഉൾപ്പടെയുള്ള സിം കാർഡും ഉണ്ടായിരിക്കണം.

എംപാനൽ ചെയ്യപ്പെടുന്നവർ മറ്റു മാധ്യമങ്ങളിലോ, സ്ഥാപനങ്ങളിലോ ജോലി ചെയ്യാൻ പാടില്ല. കേരള സർക്കാർ ജീവനക്കാരന് ബാധകമായ പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിന് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ളവർ തയ്യാറാവേണ്ടതാണ്. അത് ലംഘിക്കുന്നവരെ പാനലിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.

മറ്റു ജില്ലകളിൽ അപേക്ഷിച്ചവർ ഇവിടെ അപേക്ഷിക്കേണ്ടതില്ല. മൂന്നു തസ്തികകളിലും അഭിമുഖത്തിന് ഒരാൾക്ക് പങ്കെടുക്കാൻ അനുവാദമില്ല. സബ് എഡിറ്റർ, കണ്ടൻറ് റൈറ്റർ ഓരോ ഒഴിവും ഇൻഫർമേഷൻ അസിസ്റ്റൻറ് ഒന്നിലധികം ഒഴിവും ഉണ്ട്.

ഫോൺ: 04772251349.

Share: