അനുകൂല പരിഗണന പിടിച്ചുപറ്റി മുന്നേറാനുള്ള സുനിശ്ചിതമാര്‍ഗ്ഗം

215
0
Share:

എം ആർ കൂപ്മേയെർ പരിഭാഷ : എം ജി കെ നായർ

ഉദ്യോഗക്കയറ്റം കിട്ടാന്‍, ജീവിതത്തില്‍ മുന്നേറാന്‍, എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ നിങ്ങളെ സഹായിക്കാന്‍ കഴിവുള്ളവരുടെ അനുകൂലപരിഗണന പിടിച്ചുപറ്റാന്‍ ഒരു സുനിശ്ചിതമാര്‍ഗ്ഗമുണ്ട്.

മറ്റുള്ളവരുടെ സന്മനോഭാവവും സഹായവും സഹകരണവും കൊണ്ടു മാത്രമേ ഇന്നത്തെ സങ്കീര്‍ണ്ണമായ ലോകത്തില്‍ വിജയം വരിക്കാന്‍, അല്ലെങ്കില്‍ നിങ്ങളുടെ ജീവിതലക്ഷ്യം, അതെന്തായിരുന്നാലും, നേ ടിയെടുക്കാൻ കഴിയുകയുള്ളൂ.

എൻറെ മറ്റുഗ്രന്ഥങ്ങളിൽ ഞാന്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതു പോലെ, ഒരാളിൻറെ സ്വന്തം കഴിവും ശക്തിയും കൊണ്ടുമാത്രം – ഏറ്റവും ശക്തനായ മനുഷ്യനുപോലും – ഏറ്റവും മുകളില്‍ കയറിപ്പറ്റാന്‍ സാധിക്കുകയില്ല.

ഇന്ന് വിജയംവരിക്കുന്ന ഓരോ വ്യക്തിയേയും, അയാള്‍ വിജയം വരിക്കണമെന്നാഗ്രഹിക്കുന്ന വ്യക്തികളുടെ കരങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതാണ്!

തീര്‍ച്ചയായും, നിങ്ങള്‍ വിജയത്തിന് അര്‍ഹനായിരിക്കണം. പക്ഷേ വിജയം അര്‍ഹിക്കുന്നുവെന്നുള്ളതു മാത്രം പോരാ.
പ്രസിഡണ്ട് കാല്‍വിന്‍ കൂളിജ് പറഞ്ഞതുപോലെ, “വിദഗ്ദ്ധരെങ്കിലും വിജയം വരിക്കാത്തവരാണ് സര്‍വ്വസാധാരണം. അതുപോലെ മറ്റൊന്നില്ല. വിദ്യാസമ്പന്നരായ പരിത്യക്തരാണ് ലോകം നിറയെ.”

വിദ്യ ഉണ്ടായിരിക്കുക, കഴിവുണ്ടായിരിക്കുക, അര്‍ഹതയുണ്ടായിരിക്കുക, എല്ലാം വിലപിടിച്ച ആസ്തികള്‍ തന്നെ, സംശയമില്ല. എന്നാല്‍ ഉപരിപഠനമോ അസാധാരണ കഴിവോ അര്‍ഹതയുണ്ടായിരിക്കലോ നിങ്ങള്‍ക്കു വിജയം ഉറപ്പാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏറ്റവും വിജയശ്രീലാളിതരായിട്ടുള്ള അനേകം പേരും ഔപചാരികമായ ഉന്നത വിദ്യാഭ്യാസമോ, നൈസര്‍ഗികമായ അനുഗ്രഹീത കഴിവോ ഉള്ളവരല്ല. സാമാന്യമായ മുന്‍പരിചയവും തൊഴില്‍ വൈദഗ്ദ്ധ്യവും മാത്രമുള്ള അവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ “അര്‍ഹത” ഉള്ളവരുമല്ല.

വിജയം നേടുന്ന ഇന്നത്തെ വ്യക്തികള്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ അറിയാവുന്നവരും ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുമാണ്. വിജയിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം അതാണ്. സ്വമനസ്സാലെ നിങ്ങളെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക – അതാണ് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്ന്. മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കാന്‍ അതീവ താല്‍പര്യത്തോടെ ആഗ്രഹിക്കണം!

നിങ്ങള്‍ വിജയിക്കാന്‍ മറ്റുള്ള ആളുകള്‍ ആഗ്രഹിക്കാന്‍ തക്കവിധം അവരെ നിങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം?

എല്ലായ്പ്പോഴും ഓര്‍മ്മിക്കുക.

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിക്കണം!

അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ നിങ്ങള്‍ക്ക് തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമുമ്പായി അവര്‍ക്ക് ആവശ്യമുള്ളത് നിങ്ങള്‍ കൊടുക്കുക – അല്ലെങ്കില്‍ അതുനേടാന്‍ അവരെ സഹായിക്കുക.

നിങ്ങള്‍ എങ്ങനെ ആരംഭിക്കണം?

വിജയത്തിലേക്ക് നിങ്ങളെ നയിക്കാന്‍ കഴിവുള്ളവരുടെ അനുകൂലശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് നിങ്ങള്‍ക്ക് ആരംഭിക്കാം.

ആദ്യം അവരെ സഹായിക്കാനുള്ള നിങ്ങളുടെ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടോ തെളിയിച്ചു ബോദ്ധ്യപ്പെടുത്തിക്കൊണ്ടോ അനുകൂലശ്രദ്ധ നിങ്ങള്‍ക്ക് ആകര്‍ഷിക്കാവുന്നതാണ്.

സഹകരണവും സഹായവും വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ അനുകൂലശ്രദ്ധ ആകര്‍ഷിക്കുവാന്‍ പറ്റിയ മറ്റൊരു സുനിശ്ചിത മാര്‍ഗ്ഗമില്ല.

മറ്റുള്ളവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് പൂര്‍ത്തിയാക്കുന്നതിന് അവരെ സഹായിക്കുന്നതിനു സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന കാര്യത്തില്‍ മടികാണിക്കുകയോ ഭീരുത്വം കാണിക്കുകയോ ചെയ്യരുത്. നിങ്ങളുടെ സഹായം ഉടന്‍ തന്നെ സ്വീകരിക്കപ്പെട്ടില്ലെങ്കിലും നിങ്ങള്‍ അനുകൂലവും ഓര്‍മ്മിക്കത്തക്കതുമായ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരിക്കും.

നിങ്ങളുടെ ജോലിക്കാര്യത്തില്‍ അത് ഇരുന്നൂറ് ശതമാനം സത്യമാണ്. മാനേജ്മെന്റിൻറെ ഉന്നതതലത്തില്‍ ഉള്ളവരുടെ അനുകൂലശ്രദ്ധയാകര്‍ഷിക്കുവാന്‍ (നിങ്ങള്‍ അതു ചെയ്തിരിക്കണം!) ആഗ്രഹിക്കുന്നുവെങ്കില്‍, കൂടുതല്‍ ചെയ്യുവാന്‍, കൂടുതല്‍ നന്നായി ചെയ്യുവാന്‍, നിങ്ങളെ കൂടുതല്‍ ഉപയോഗമുള്ളവനാക്കി തീര്‍ക്കുവാന്‍ നിങ്ങള്‍ക്കുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും കാണിച്ചു കൊടുക്കുകയും വേണം.

കഴിഞ്ഞ അദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ തൊഴില്‍ദായകനോടു ചോദിക്കുക –

“എന്നെക്കൊണ്ട് കൂടുതല്‍ പ്രയോജനം സിദ്ധിക്കാന്‍ ഞാനെന്തു ചെയ്യണം?”

എൻറെ ജോലി കൂടുതല്‍ ഭംഗിയായി എനിക്കെങ്ങനെ ചെയ്യാന്‍ കഴിയും?”

“കമ്പനിക്കു കൂടുതല്‍ പ്രയോജനം ചെയ്യത്തക്കവിധം കൂടുതല്‍ കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ സാധിക്കും? ഏതു പുസ്തകങ്ങളും വ്യാപാര പ്രസിദ്ധീകരണങ്ങളുമാണ് ഞാന്‍ വായിക്കേണ്ടത്? ബിസിനസ്സിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ എന്തൊക്കെ അധിക ജോലികളാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്?”

“ജോലിയെ സംബന്ധിച്ച, അല്ലെങ്കില്‍ തൊഴില്‍ ബാഹ്യമായ എന്തു പരിശീലനമാണ് എനിക്കു കിട്ടാവുന്നത് ?”

“എനിക്ക് തിരുത്താവുന്നതും മെച്ചപ്പെടുത്താവുന്നതുമായ ഏതു കാര്യമാണ് ഞാന്‍ തെറ്റായി അല്ലെങ്കില്‍ അവിദഗ്ദ്ധമായി ചെയ്യുന്നത്?”
ഇപ്രകാരം നിങ്ങളുടെ ആത്മാര്‍ത്ഥമായ താല്പര്യം താഴെപ്പറയുന്ന കാര്യങ്ങളില്‍ പ്രകടിപ്പിക്കുക.

1. ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ നിങ്ങളുടെ തൊഴില്‍ദായകന്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി നിങ്ങള്‍ കൊടുക്കുക.

2. ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ നിങ്ങളുടെ തൊഴില്‍ദായകന്‍ നിങ്ങളില്‍ നിന്നും ആഗ്രഹിക്കാത്ത കാര്യം കുറച്ചുമാത്രം കൊടുക്കുക. (അല്ലെങ്കില്‍ ഒട്ടും കൊടുക്കാതിരിക്കുക)

തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം –

(1) അനുകൂല ശ്രദ്ധ ആകര്‍ഷിക്കും.
(2) നിങ്ങള്‍ക്ക് ഉദ്യോഗക്കയറ്റം നേടിത്തരും.
(3) നിങ്ങളെ വിജയത്തിലേക്കു നയിക്കാന്‍ കഴിവുള്ളവരുടെ സന്മനോഭാവം നേടിയെടുക്കാന്‍ സഹായിക്കും.
(4) നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും …….. വേഗത്തില്‍!

നിങ്ങള്‍ക്ക് വേഗത്തില്‍ കൂടുതല്‍ സമ്പന്നനാകണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ ഏറ്റവുമധികം ലാഭം തരുന്ന ബിസിനസ്സില്‍ത്തന്നെ പ്രയോഗിക്കണം!

അതിനാല്‍ എളുപ്പത്തില്‍, കൂടുതല്‍ ധനവാനാകാന്‍ പാകത്തിലുള്ള ബിസിനസസ് തെരഞ്ഞെടുക്കാന്‍, അത്തരത്തിലുള്ള 34 ബിസിനസുകളുടെ പട്ടിക അടുത്ത അദ്ധ്യായത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. അഞ്ചുലക്ഷം മുതല്‍ ഒരു കോടി വരെ അഞ്ചുവര്‍ഷം കൊണ്ട് അത്തരം ബിസിനസുകളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ സമ്പാദ്ച്ചിട്ടുണ്ട്.

അതിനാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം മുതല്‍ ഒരു കോടി വരെ സമ്പാദിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അത്തരം സമ്പാദ്യം നേടിയ 34 വ്യത്യസ്ത ബിസിനസുകള്‍ അടുത്ത അദ്ധ്യായത്തില്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

അടുത്ത അദ്ധ്യായം : അഞ്ച് വർഷത്തിനുള്ളിൽ എങ്ങനെ ‘മഹാസമ്പന്ന’നാകാം…..

Share: