ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍

Share:

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്ലൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 24 മുതല്‍ 31 വരെ നടത്തും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇ യിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.

മാര്‍ച്ച് 2018 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എഴുതിയിട്ടുള്ള ആറ് വിഷയങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ വരെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഷയങ്ങളില്‍ പരീക്ഷ എഴുതാത്ത വിഷയമുണ്ടെങ്കില്‍ അവ എഴുതുന്നതിനും റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ 2018 ലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയിലോ ഈ സപ്ലിമെന്ററി പരീക്ഷയിലോ ആറ് വിഷയങ്ങളും എഴുതിയാലേ മാര്‍ച്ച് 2019 ലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.

മറ്റു പരീക്ഷാ ബോര്‍ഡുകളില്‍ നിന്നും 2018 ല്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കോഴ്‌സുകളിലേക്ക് പുന:പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ (ലാറ്ററല്‍ എന്‍ട്രി വിഭാഗം) ഈ സപ്ലിമെന്ററി പരീക്ഷ എഴുതിയാല്‍ മാത്രമേ ഇവര്‍ക്ക് 2019 ലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഇവര്‍ക്ക് ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഭാഗമായ നിരന്തരമൂല്യനിര്‍ണ്ണയം, പ്രായോഗിക പരീക്ഷ എന്നിവ ബാധകമായിരിക്കും.

കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഈ വര്‍ഷവും ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്റ്റര്‍ ചെയ്യുന്ന വിഷയത്തില്‍, ജൂലൈ 2018 ലെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും മാര്‍ച്ച് 2019 ലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്യപ്പെടും. പരീക്ഷയെഴുതുന്ന വിഷയത്തിന്റെ ജൂലൈ 2018 ലെ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫീസും മാര്‍ച്ച് 2019 ലെ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷാഫീസും ഒന്നിച്ച് അടയ്ക്കണം.

റഗുലര്‍ ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16 ഉം, കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ 28 നു മുമ്പും ഫീസടക്കണം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപയുമാണ.് കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്.

വിശദവിവരങ്ങള്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: