എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-18
ആശയങ്ങള്‍ നിര്‍ദ്ദേശിച്ചുകൊടുക്കാനുള്ള ശരിയായ, മാര്‍ഗ്ഗം
എം ആർ കൂപ്മേയർ പരിഭാഷ : എം ജി കെ നായർ
നിങ്ങളുടെ സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരാശയം നിങ്ങള്‍ ചിന്തിച്ചെടുക്കുമ്പോള്‍, നിങ്ങളുടെ തൊഴില്‍ ദാതാവിനെ അക്കാര്യം ബഹുമാനപുരസ്സരം അറിയിക്കുക. നിങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യനാകാന്‍ ശ്രമിക്കുന്നതിന്‍റെ അംഗീകാരം നിങ്ങള്‍ക്ക് കിട്ടും. ഞാനെന്നഭാവത്തിലോ കേള്‍ക്കുന്നയാളിന് നീരസം തോന്നുന്ന വിധത്തിലോ അതു പറയരുത്.
നിങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ അറിവും അനുഭവപരിചയവും നിങ്ങളുടെ തൊഴില്‍ ദാതാവിനുണ്ടെന്ന് ഓര്‍ക്കണം. അതിനാല്‍ അദ്ദേഹത്തിനറിയാവുന്നതില്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെന്ന തോന്നല്‍ നിങ്ങള്‍ ഉണ്ടാക്കിയാല്‍ അദ്ദേഹത്തിന്‍റെ നീരസം നിങ്ങളോടുണ്ടാകും.
അതിനാല്‍ എല്ലായ്പ്പോഴും നിങ്ങളുടെ ആശയങ്ങള്‍ ചോദ്യരൂപത്തില്‍ അവതരിപ്പിക്കുക. കൂടുതല്‍ അനുഭവപരിചയമുള്ള തൊഴില്‍ ദാതാവിന്‍റെ അഭിപ്രായം ചോദിക്കുന്ന മാതിരി.
എങ്ങനെ വേണമെന്ന്, ഇതാ:
യാദൃശ്ചികമായി, വിനയത്തോടെ താഴെപ്പറയുന്നതോ അതുമാതിരിയുള്ളതോ ആയ ചോദ്യങ്ങളിലൊന്ന് ആവശ്യമായ മാറ്റത്തോടെ ചോദിക്കുക:
(1) എന്തു സംഭവിക്കുമെന്ന് അങ്ങ് വിചാരിക്കുന്നു: – (നിങ്ങളുടെ ആശയം സ്വീകരിച്ചാല്‍)?
(2) നമ്മുടെ സ്ഥാപനം…. (നിങ്ങളുടെ ആശയം) പരീക്ഷിച്ചുനോക്കിയാല്‍, അങ്ങ് വിചാരിക്കുന്നുവോ, അത്……….
(3) അങ്ങു വിചാരിക്കുന്നുവോ നമുക്കുചെലവു കുറയ്ക്കാന്‍ കഴിയുമെന്ന്….. (നിങ്ങളുടെ ആശയം സ്വീകരിച്ചാല്‍?)
(4) അത് ഉത്പാദനം വര്‍ദ്ധിപ്പിക്കുമോ, നമ്മള്‍ ….. (നിങ്ങളുടെ ആശയം സ്വീകരിച്ചാല്‍)?
(5) നമ്മള്‍…. (നിങ്ങളുടെ ആശയം സ്വീകരിച്ചാല്‍) നമ്മുടെ ഉപഭോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അങ്ങ് വിചാരിക്കുന്നത്?
(6) നമ്മുടെ തൊഴിലാളികള്‍ …. (നിങ്ങളുടെ ആശയത്തിന്)… മുന്‍ഗണന കൊടുക്കുമോയെന്ന് ഞാന്‍ അതിശയിക്കുന്നു?
നിങ്ങളുടെ തൊഴില്‍ ദായകന് എല്ലായ്പ്പോഴും ചോദ്യരൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇത്രയും ഉദാഹരണങ്ങള്‍ – “അങ്ങനെയെങ്കില്‍ രീതി” മതിയാകും.
ഈ സമ്പ്രദായത്തിന് താഴെപ്പറയുന്ന നേട്ടങ്ങളും സുരക്ഷിതത്വവും ഉണ്ട്:
നിങ്ങളുടെ മേലധികാരിയേക്കാള്‍ നിങ്ങള്‍ കൂടുതല്‍ മിടുക്കാനാണെന്നു നിങ്ങള്‍ ചിന്തിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കി അദ്ദേഹത്തിന്‍റെ നീരസത്തിന് പാത്രമാകുകയില്ല. നിങ്ങള്‍ ചോദിച്ചത് അദ്ദേഹത്തിനുള്ള അഭിപ്രായം മാത്രം – വിനയപൂര്‍വ്വം, യാദൃശ്ചികമായി ചോദിച്ചത്.
നിങ്ങളുടെ ആശയം തൊഴിലുടമയ്ക്ക് പ്രായോഗികമായി തോന്നുന്നില്ലെങ്കില്‍, അദ്ദേഹം അക്കാര്യം പറയും. ഒരുപക്ഷെ, എന്തുകൊണ്ടാണെന്നും പ്രസ്താവിക്കും. അപ്പോള്‍ അദ്ദേഹത്തെ ശ്ലാഘിച്ചുകൊണ്ട് നിങ്ങള്‍ക്കു പറയാം: “അതുകൊണ്ടാണ് അങ്ങയുടെ സുചിന്തിതമായ അഭിപ്രായം ഞാന്‍ ആരാഞ്ഞത് – എന്‍റെ ആശയത്തെപ്പറ്റി കൂടുതലായി ചിന്തിക്കുന്നതിനുമുമ്പ്”, നിങ്ങളുടെ ആശയം തിരസ്കരിക്കപ്പെട്ടു എന്ന വസ്തുത, ആ വിധത്തില്‍ തൊഴിലുടമയ്ക്ക് ഒരഭിനന്ദനമാക്കിമാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
സാഹചര്യം അനുകൂലമാണെന്നു കണ്ടാല്‍ നിങ്ങള്‍ക്കു കൂട്ടിച്ചേര്‍ക്കാം: “കമ്പനിയ്ക്ക് കൂടുതല്‍ പ്രയോജനമുണ്ടാകത്തക്കവിധത്തില്‍ എനിക്കെങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രയോജനകരമായ ഒരാശയം എനിക്കുതോന്നിയാല്‍ അങ്ങയുടെ അഭിപ്രായം ചോദിക്കുന്നതില്‍ അങ്ങേക്ക് വിരോധം തോന്നുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”
നിങ്ങളുടെ തൊഴിലുടമക്ക് നിങ്ങളുടെ ആശയങ്ങളില്‍ താല്പര്യമില്ലെന്നും നിങ്ങള്‍ക്കു തരുന്ന ശമ്പളത്തിനു ജോലിചെയ്‌താല്‍ മതിയെന്നും പറയുകയാണെങ്കില്‍ – കൂടുതല്‍ പ്രയോജനമുള്ള മറ്റൊരു ജോലി, കൂടുതല്‍ പുരോഗമനപരമെന്നു തോന്നുന്ന മറ്റൊരു കമ്പനിയില്‍ അന്വേഷിക്കുക.
ഓര്‍മ്മിക്കുക:
ഉദ്ദ്യോഗക്കയറ്റം കിട്ടാനുള്ള സുനിശ്ചിതമാര്‍ഗ്ഗം നിങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദനായിത്തീരുകയാണ്.
എങ്ങനെ കൂടുതല്‍ ഉപയോഗയോഗ്യനാകാമെന്ന് തൊഴിലുടമയോട് അന്വേഷണം നടത്തുകയാണ് അദ്ദേഹത്തിന്‍റെ അനുഭാവപൂര്‍വ്വമായ ശ്രദ്ധ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗം.
നിങ്ങള്‍ ഉപയോഗയോഗ്യനാകാനുള്ള മൂന്നു തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഇവയാണ്:
(1) ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുക.
(2) സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുക
(3) സ്വയം മെച്ചപ്പെടുത്തുക
മെച്ചപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയും അതിന് പ്രതിഫലം നല്‍കുകയും ചെയ്യുന്ന പുരോഗമനപരമായ കാഴ്ചപ്പാടുള്ള “വളരുന്ന” കമ്പനിയാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യനാകുന്നതിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ –
നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകുന്നു …… എളുപ്പത്തില്‍!