‘ഫാബ് ലാബ്’ തുറക്കുന്ന ഡിജിറ്റൽ വഴിത്താര
റിഷി പി രാജൻ
ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന ഫാബ് ലാബ് സംവിധാനം കേരളത്തിലും സജീവമാകുകയാണ്. കേരളത്തിലെ വിദ്യാർഥി-യുവ സംരംഭകർക്കായി കേരള സ്റ്റാർട്ടപ് മിഷനാണ് അതിനു നേതൃത്വം നൽകുന്നത്. ആശയങ്ങൾ യാഥാർഥ്യമാകുന്നത് വർധിച്ചാൽ സാങ്കേതികവിദ്യ വളർന്നുവെന്ന് അവകാശപ്പെടാമെന്നും അതിന് വഴിയൊരുക്കുവാൻ നമുക്ക് കഴിയണമെന്നും
കേരള സ്റ്റാർട്ടപ് മിഷൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ഡോ. സജി ഗോപിനാഥ് വ്യക്തമാക്കുന്നു.
അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുള്ള (എംഐടി) “സെന്റർ ഫോർ ബിറ്റ്സ് ആൻഡ് ആറ്റംസി’ ന്റെ ഡയറക്ടർ പ്രഫ. നീൽ ഗെർഷെൻഫെൽഡ് രൂപകൽപ്പന ചെയ്തതാണ് ഫാബ് ലാബ് എന്ന ആശയം. നവീന ഉത്പന്നങ്ങളുടെ പ്രഥമ മാതൃക (പ്രോട്ടോടൈപ്പ്) നിർമിക്കുന്നതിനുള്ള വേദിയാണ് ഫാബ് ലാബ്. ഇവ പ്രാദേശിക തലത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട പഠനത്തിനും ആശയാവിഷ്കാരത്തിനും വേദിയാകുകയും ചെയ്യുന്നു. ഡിജിറ്റൽ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ ലഭ്യമാക്കുന്ന വർക്ഷോപ്പുകളാണിവ.
വ്യക്തിഗതമോ പ്രാദേശികമോ ആയ ആവശ്യങ്ങൾക്കനുയോജ്യമായി ഭേദഗതി വരുത്താവുന്ന സ്മാർട്ട് ഉപകരണങ്ങൾ നിർമിക്കുന്നതിൽ ഫാബ് ലാബ് ഉപയോക്താക്കളെ ശാക്തീകരിക്കുന്നു. ആഗോളതലത്തിൽ നടക്കുന്ന വിജ്ഞാന കൈമാറ്റ ശൃംഖലയിലൂടെ സാങ്കേതിക വിദഗ്ധരെയും ഗവേഷകരെയും വിദ്യാർഥികളെയും ആശയ പ്രചാരകരെയും ബന്ധിപ്പിക്കുന്ന മാധ്യമം കൂടിയാണ് ഫാബ് ലാബ്.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ രണ്ടു ഫാബ് ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) കാംപസിലും കളമശേരി കേരള ടെക്നോളജി ഇന്നവേഷൻ സോണിലുമാണ് ഇവ പ്രവർത്തിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള സ്റ്റാർട്ടപ്പുകൾ, സംരംഭകർ, കോർപ്പറേറ്റുകൾ, വ്യക്തിഗത നിർമാതാക്കൾ, ഗവേഷണ സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ ഉൾപ്പടുന്ന മേക്കർ സമൂഹത്തെ കേരള ഫാബ് ലാബുകൾ സഹായിക്കുന്നു. ഡിജിറ്റൽ ഫാബ്രിക്കേഷൻ കൂടുതൽ പഠിക്കണമെന്നും രാജ്യാന്തര ഫാബ് ലാബ് സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും ആഗ്രഹമുള്ള എല്ലാവർക്കും ഫാബ് ലാബ് സേവനം ലഭ്യമാണ്. ഫാബ് ലാബ് അംഗത്വം പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾ, സ്കൂൾ-കോളജ്-യൂണിവേഴ്സിറ്റി അടക്കമുള്ള പഠനഗവേഷണ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സ്ഥാപനങ്ങളും മേക്കർമാരും വ്യക്തികളും എന്നിങ്ങനെ.
ആശയങ്ങളെ ഡിജിറ്റൽ ഫാബ്രിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് ഉത്പന്നങ്ങളാക്കുന്ന പ്രക്രിയയിൽ വിദഗ്ധപരിശീലനം നൽകുന്നതിനായി കേരള ഫാബ് ലാബിൽ ഫാബ് അക്കാഡമി ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്. എംഐടിയുടെ “ഹൗ ടു മേക്ക് (ഓൾമോസ്റ്റ്) എനിത്തിംഗ്’ എന്ന പ്രശസ്തമായ ഹ്രസ്വകാല പ്രോട്ടോടൈപ്പിംഗ് കോഴ്സിനെ അധിഷ്ഠിതമാക്കിയാണ് ഫാബ് അക്കാഡമി കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട 16 മൊഡ്യൂളുകളായാണ് കോഴ്സിന്റെ ഘടന. 2-ഡി, 3-ഡി മോഡലിംഗ്, ഡിജിറ്റൽ ഫാബ്രിക്കേഷൻ, ഇലക്ട്രോണിക്സ് പ്രോഗ്രാമിംഗ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് എന്നിവയിൽ പ്രാഥമികതല ധാരണ അഭികാമ്യമാണ്. മുഴുവൻ സമയ കോഴ്സാണ് ഫാബ് അക്കാഡമിയുടെ ഡിപ്ലോമ കോഴ്സ്.
ഫാബ് അക്കാഡമി കോഴ്സിലൂടെ ഇതിനോടകം ഇരുപത്തിയെട്ടോളം ഫാബ് വിദഗ്ധരെയാണ് കേരളത്തിൽനിന്ന് സൃഷ്ടിച്ചെടുത്തത്. ഇവരിൽ പലരും ഇന്ന് വിദേശ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഡിജിറ്റൽ ഫാബ്രിക്കേഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ യുവാക്കളെ സംരംഭകരാക്കുന്നതിനും പുതിയ ടെക്നോളജിയിൽ അതികായരാക്കുന്നതിനും ഉതകുന്നതാണ് ഫാബ് അക്കാഡമി പരിശീലനം.
ഇതിനുപുറമെ വിവിധ എൻജിനിയറിംഗ് കോളജുകളിലായി കേരളത്തിൽ 20 ഫാബ് ലാബുകൾ സ്റ്റാർട്ടപ്പ് മിഷന്റെ മാർഗനിർദേശത്തോടെ സ്ഥാപിതമായിട്ടുണ്ട്. എംഐടി ഫാബ് ലാബ് സംഘവും കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) ഫാബ് ലാബും സംയുക്തമായാണ് യന്ത്രങ്ങൾ, ഉപകരണങ്ങൾ, സോഫ്റ്റ്വേർ ഇൻസ്റ്റലേഷൻ, പരീക്ഷണ പ്രവർത്തനം മുതലായവ ഉൾപ്പെടെ കൈകാര്യം ചെയ്ത് ഇത്തരം ഫാബ് ലാബ് സ്ഥാപിക്കുക. ഓരോ ഫാബ് ലാബിനും ഒരു കോ-ഓർഡിനേറ്റർ ഉണ്ടാകും.
സാങ്കേതിക ഉത്പന്നങ്ങളുടെ ഉത്പാദക സംസ്കാരത്തിന്റെ ആശയപ്രചാരണത്തിനായി ഫാബ് ലാബ് തിരുവനന്തപുരത്തും കൊച്ചിയിലും ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ഐഐഐടിഎംകെ കാംപസിലും കളമശേരിയിലും പ്രവർത്തിക്കുന്ന ഫാബ് ലാബുകളാണ് ശിൽപശാലകൾക്ക് വേദികൾ. ഡിജിറ്റൽ ഫാബ്രിക്കേഷൻ മാതൃകകളായ 3ഡി പ്രിന്റിംഗ്, ലേസർ കട്ടിംഗ്, സ്ക്രീൻ പ്രിന്റിംഗ്, കസ്റ്റം പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ രൂപകല്പന, ഫാബ്രിക്കേറ്റിംഗ്, സിഎൻസി മില്ലിംഗ് എന്നിവയിലാണ് പരിശീലനം നൽകുക.
ആശയത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള ദൂരം അൽപ്പം കൂടി കുറയ്ക്കുകയാണ് ഫാബ് ലാബ് എന്ന സംവിധാനത്തിലൂടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ചെയ്യുന്നത്. സാങ്കേതിക-വിവര സാങ്കേതികവിദ്യ രംഗങ്ങളിൽ കൂടാതെ ഹാർഡ്വേർ രംഗത്തും കേരളത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ഈ പ്രവർത്തനത്തിന്റെ ദീർഘകാല ലക്ഷ്യം.