വിദ്യാഭ്യാസ ധനസഹായം

Share:

വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന, വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ബി.പിഎല്‍. വിഭാഗത്തില്‍പ്പെട്ട നിയമപരമായി വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍, ഭര്‍ത്താവ് നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം മൂലമോ കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍, എ.ആര്‍.ടി. തെറാപ്പിയ്ക്ക് വിധേയരാകുന്ന എച്ച്.ഐ.വി. ബാധിതര്‍ എന്നിവരുടെ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ അര്‍ഹരല്ല.
ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകള്‍ക്ക് പ്രതിമാസം 300 രൂപയും ആറ് മുതല്‍ 10 വരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു 750 രൂപയും ഡിഗ്രിയും അതിനു മുകളിലും 1000 രൂപയും ആണ് സഹായം. അപേക്ഷ രേഖകള്‍ സഹിതം ആഗസ്റ്റ് 20 നകം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള അങ്കണവാടിയുമായോ ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.

Share: