ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കല്‍
ഇംഗ്ലീഷ് ഉപയോഗിക്കുമ്പോള്‍ അതിര് കടന്ന വ്യാകരണ ചിന്ത അനാവശ്യമാണ്. ഇംഗ്ലണ്ടിലെ തന്നെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷില്‍ വ്യാകരണം നന്നേ കുറവാണ്. നാം മലയാളം ഉപയോഗിക്കുമ്പോള്‍ വ്യാകരണ നിയമം പാലിച്ചു കൊണ്ടാണോ സംസരിക്കരുള്ളത്? എത്ര മലയാളം പ്രൊഫസര്‍മാര്‍ സംസാരിക്കുമ്പോള്‍ വ്യാകരണ പിശകുകള്‍ വരുത്താറുണ്ട്.പക്ഷേ അതൊന്നും പരിഗണിക്കാത്ത നാം ഇംഗ്ലീഷ് ആകുമ്പോള്‍ വ്യാകരണ നിയമം കര്‍ശനമെന്നു കരുതുന്നത് എന്തുകൊണ്ട്?
–പ്രൊഫ ബലറാം മൂസദ്
ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല്‍ ടൂഷന്‍ വഴി നീന്തല്‍ പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ പറയാറുണ്ട്. കാര്യം കുറെയൊക്കെ ശരിയാണ്. Practice ആണ് രണ്ടിനും അത്യാവശ്യം എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. പക്ഷേ രണ്ടും തമ്മില്‍ അല്പസ്വല്പം വ്യത്യാസങ്ങളുമുണ്ട്. നീന്താനറിയാത്തവനെ വെള്ളത്തില്‍ പിടിച്ചിട്ടാല്‍ അവന്‍ വെള്ളം കുടിച്ചു മരിക്കുന്നു. ഇംഗ്ലീഷ് അറിയാത്തവനെ ഇംഗ്ലീഷു മാത്രം സംസാരിക്കുന്നവരുടെ ഇടയില്‍ കൊണ്ടു ചെന്നാക്കിയാല്‍ അവന്‍ ഇംഗ്ലീഷു ഭാഷ നല്ല വശമാക്കി തിരിച്ചു വരുന്നു! ഇതാണ് ഏറ്റവും വലിയ വ്യത്യാസം.
ഭാഷാ പഠനത്തിന്‍റെ കാര്യത്തില്‍ മാരകമായ വിപത്തൊന്നും പതിയിരിപ്പില്ല. പോരെങ്കില്‍ Spoken English-ലുള്ള വൈദഗ്ധ്യം പല തരത്തിലാകാം. വെറും രണ്ടോ മൂന്നോ ഇംഗ്ലീഷു പദങ്ങള്‍ കൊണ്ടു മാത്രം കഴിച്ചു കൂട്ടാവുന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ട്. ഒരു ‘Bus Conductor’ ആയി ജോലി ചെയ്യുന്ന ആളുടെ കാര്യം എടുക്കുക. യാത്രക്കാരുടെ അരികത്തു ചെന്ന് ‘ടിക്കറ്റ് വാങ്ങിയോ’? എന്ന് ചോദിക്കേണ്ടിടത്ത് വെറുതെ ‘Ticket’ എന്ന് ചോദ്യ സ്വരത്തില്‍ ചോദിക്കുകയേ വേണ്ടു. ‘which place’? എന്നോ ‘where’ എന്നോ തുടര്‍ന്ന് ചോദിക്കേണ്ട ആവശ്യം മിക്കവാറും വരില്ല. പിന്നെ അറിയേണ്ടത് എത്ര രൂപാ എത്ര പൈസ എന്ന് ഇംഗ്ലീഷില്‍ പറയേണ്ട കഴിവ് മാത്രമാണ്. അത് അത്ര പിടിയില്ലെങ്കില്‍ ടിക്കറ്റ് മുറിച്ചു കയ്യില്‍ കൊടുത്താലും മതി.
ഒരു കടയില്‍ salesman ആയിജോലി ചെയ്യുന്ന ഒരാള്‍ക്കാണെങ്കില്‍ വെറും ‘ Yes’, ‘No’ കൊണ്ട് മിക്കവാറും ഏതു സാഹചര്യവും കൈകാര്യം ചെയ്യാം. Customer വന്ന് Marvel soap ആവശ്യപ്പെട്ടു എന്നിരിക്കട്ടെ.അത് stock ഉണ്ടെങ്കില്‍ ചുമ്മാ കൊടുത്താല്‍ മതി. അതില്ല, പകരം Lux ആണുള്ളതെങ്കില്‍ Marvel soap no Sir Lux soap , yes sir എന്ന് ഒപ്പിക്കാവുന്നതെയുള്ളു. വേണമെങ്കില്‍ Lux soap, good soap എന്ന് കൂടി തട്ടിവിടാം.
വ്യാകരണം തെറ്റാതെ പൂര്‍ണ്ണവാചകങ്ങളില്‍ ആശയ വിനിമയം നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മാത്രമേ പ്രശ്നമുള്ളു. എങ്ങിനെ യെങ്കിലും ആശയ പ്രകടനം നടത്തിയാല്‍ മതിയെങ്കില്‍ ഇംഗ്ലീഷ് അത്ര വിഷമമുള്ള ഭാഷയൊന്നുമല്ല.
ഇംഗ്ലീഷ് ഉപയോഗിക്കുമ്പോള്‍ അതിര് കടന്ന വ്യാകരണ ചിന്ത അനാവശ്യമാണ്. ഇംഗ്ലണ്ടിലെ തന്നെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷില്‍ വ്യാകരണം നന്നേ കുറവാണ്. നാം മലയാളം ഉപയോഗിക്കുമ്പോള്‍ വ്യാകരണ നിയമം പാലിച്ചു കൊണ്ടാണോ സംസരിക്കരുള്ളത്? എത്ര മലയാളം പ്രൊഫസര്‍മാര്‍ സംസാരിക്കുമ്പോള്‍ വ്യാകരണ പിശകുകള്‍ വരുത്താറുണ്ട്.പക്ഷേ അതൊന്നും പരിഗണിക്കാത്ത നാം ഇംഗ്ലീഷ് ആകുമ്പോള്‍ വ്യാകരണ നിയമം കര്‍ശനമെന്നു കരുതുന്നത് എന്തുകൊണ്ട്? ഇതിനുള്ള ഉത്തരം മന:ശാസ്ത്രജ്ഞന്മാർ പറയട്ടെ.
ഏതു ഭാഷയുടെയും Spoken form ആണ് ആദ്യം ഉദ്ഭവിച്ചിട്ടുള്ളത്. Written form പിന്നീട് വന്നതാണ്. അത് കൊണ്ടു തന്നെ ഭാഷാ പണ്ഡിതന്മാര്‍ Written word നെ Symbol of a symbol എന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ വ്യാകരണക്കാര്‍ Written form ന് അമിത പ്രാധാന്യം കൊടുക്കുകയും grammar rules അതിൻറെ അടിസ്ഥാനത്തില്‍ ക്രമ പ്പെടുത്തുകയും ചെയ്തു. ഈ അടുത്ത കാലത്താണ് പുതിയ തലമുറകളില്‍പ്പെട്ട ഭാഷാ പണ്ഡിതന്മാര്‍ Spoken form ന്‍റെ നഷ്ടപ്പെട്ട പ്രാധാന്യം പുന:പ്രതിഷ്ഠിച്ചത്.
പക്ഷെ, ഇന്ത്യയിലെ ഇംഗ്ലീഷ് അദ്ധ്യാപനം ഇന്നും Writing Oriented ആയി തുടരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ practice കൊടുക്കാന്‍ ഒരു സംവിധാനവും നമ്മുടെ സാധാരണ സ്ക്കൂളുകളിലോ, കോളേജുകളിലോ ഇല്ല. ഇത് ഒരു അപഹാസ്യമായ സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുന്നു. “ഇംഗ്ലീഷ് അറിയാമോ? അറിയാം; പക്ഷേ, സംസാരിക്കാന്‍ അറിഞ്ഞുകൂടാ!” – ഇതാണ് അവസ്ഥ. പിന്നെ ഇംഗ്ലീഷ് അറിയുമെന്നു പറയുന്നതില്‍ എന്തര്‍ത്ഥം എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുഴഞ്ഞത് തന്നെ.
ഈ സ്ഥിതി വിശേഷത്തിന് ഇവിടുത്തെ വിദ്യാര്‍ത്ഥികളല്ല ഉത്തരവാദികള്‍. സിലബസും അത് തയ്യാറാക്കുന്ന സര്‍ക്കാരും അത് പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന അധ്യാപകരുമാണ് ഇതിന്‍റെ പാപഭാരം ചുമക്കേണ്ടവര്‍.
ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ practice ന് ഊന്നല്‍ കൊടുത്തേ പറ്റു. കിട്ടുന്ന അവസരങ്ങളിലൊക്കെ അറിയുന്ന തരത്തില്‍ ഇംഗ്ലീഷ് തട്ടിവിടാന്‍ തുടങ്ങണം. തെറ്റിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമേ ഇല്ല. തെറ്റ് വരുത്താതെ ഏതു കൊലകൊമ്പനും സംസാര ഭാഷ വശമാക്കിയിട്ടില്ല.
മറ്റൊരു പ്രായോഗിക മാര്‍ഗ്ഗം കൂടി നിര്‍ദ്ദേശിക്കാം. ഒറ്റക്കിരിക്കുമ്പോള്‍ മലയാള വാചകങ്ങള്‍ ഇംഗ്ലീഷിലാക്കി പരിശീലിക്കുക. ഒറ്റക്കുനടക്കുമ്പോഴും ഇങ്ങനെ ഇംഗ്ലീഷ് സംവാദം നിശബ്ദമായി നടത്താവുന്നതാണ്. ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കലും ഇംഗ്ലീഷില്‍ ഉത്തരം പറയലും ഒക്കെ സ്വയം ചെയ്യുക. ഒരു തരം ഭാഷാപരമായ മോണോആക്ട് അവതരിപ്പിക്കുക.
ഇംഗ്ലീഷ് ഭാഷയുടെ ആത്മാവ് അതിന്‍റെ വാചക ഘടനയിലാണെന്ന് സാധാരണ പറയാറുണ്ട്. Syntax അഥവാ വാചക ഘടനയെന്നത് ഓരോ ഭാഷാ വിദഗ്ധനും മറ്റുള്ളവര്‍ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയില്‍ വിട്ടുകളയുന്ന വിഭാഗമാണെന്ന് രസികനായ ഒരു അമേരിക്കന്‍ പണ്ഡിതന്‍ പറയുന്നു.
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന മലയാളിക്ക് ഏറ്റവും വലിയ കീറാമുട്ടിയും ഈ വാചക ഘടന തന്നെ. മലയാളത്തില്‍ ചിന്തിച്ച് ഇംഗ്ലീഷിലേക്ക് രൂപാന്തരപ്പെടുത്തുമ്പോള്‍ പലതരം അബദ്ധങ്ങള്‍ വന്നുചേരുന്നു. വാചക ഘടനയില്‍ ഇംഗ്ലീഷും മലയാളവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എടുത്തുകാട്ടിയേ പറ്റൂ.
ആദ്യം statement അഥവാ വസ്തു സ്ഥിതികഥനം എന്ന വകുപ്പില്‍ പ്പെട്ട വാചകങ്ങള്‍ തന്നെ എടുക്കുക. താഴെ ചേര്‍ത്ത വാചകങ്ങള്‍ പരിശോധിക്കുക.
He killed the snake with a stick. അവന്‍ പാമ്പിനെ വടി കൊണ്ടടിച്ചു കൊന്നു. പാമ്പിനെ അവന്‍ വടി കൊണ്ടടിച്ചു കൊന്നു.
ഇംഗ്ലീഷില്‍ കര്‍ത്താവ് (subject) ആദ്യമാണ് സാധാരണ വരിക. മലയാളത്തില്‍ അത് അത്ര നിര്‍ബന്ധമില്ല. കര്‍മ്മം (object) ആദ്യം വന്നാലും കുഴപ്പമൊന്നുമില്ല. കാരണം വാചകത്തില്‍ ഏതു നാമമാണ് കര്‍മ്മം എന്ന് സൂചിപ്പിക്കുന്ന വിഭക്തി പ്രത്യയം (‘നെ’ എന്നത്) മലയാള പ്രയോഗത്തിലുണ്ട്. ഇംഗ്ലീഷില്‍ അതില്ലാത്തതുകൊണ്ട് ക്രിയയ്ക്ക് മുൻപിൽ വരുന്ന നാമം കര്‍ത്താവ് എന്നെടുക്കുന്നു.
മലയാളത്തില്‍ സാധാരണ ക്രിയാപദം വാചകത്തിന്‍റെ ഒടുവില്‍ വരുന്നു. ഇംഗ്ലീഷിലാകട്ടെ അത് കര്‍ത്താവിന്‍റെ തൊട്ടു പിറകെയും. (He killed ….)
കര്‍ത്താവും കര്‍മ്മവും അല്ലാത്ത മറ്റു വിവരണ പദങ്ങളെല്ലാം ഇംഗ്ലീഷില്‍ സാധാരണ ക്രിയയ്ക്ക് ശേഷം വരുന്നു. (killed with a stick). മലയാളത്തിലാകട്ടെ അവയെല്ലാം ക്രിയയ്ക്ക് മുമ്പ് വരുന്നു. (വടി കൊണ്ടടിച്ചു കൊന്നു)
മറ്റൊരുദാഹരണം എടുക്കുക. Rama killed Ravana ഇംഗ്ലീഷില്‍ കൊന്നയാള്‍ രാമനാണ് എന്ന് വ്യക്തമാകുന്നത്ക്രിയയ്ക്ക് മുമ്പ് വരുന്ന നാമം അതായതുകൊണ്ടാണ്. കൊല്ലപ്പെട്ടയാള്‍ രാവണനാണെന്ന് വ്യക്തമാകുന്നതും വാചകത്തില്‍ ക്രിയയ്ക്ക് ശേഷം വരുന്ന സ്ഥാനം കൊണ്ടാണ്. Ravana killed Rama എന്ന് പറഞ്ഞാല്‍ രാമായണം പോയി കീമായണം ആയി മാറും. പക്ഷെ മലയാളത്തില്‍ ഇത്തരം നിര്‍ബന്ധങ്ങളില്ല. ‘രാമന്‍ രാവണനെ കൊന്നു.’ എന്നു പറഞ്ഞാലും ‘രാവണനെ രാമന്‍ കൊന്നു’ എന്നു പറഞ്ഞാലും ‘കൊന്നു രാമന്‍ രാവണനെ’ എന്നു തന്നെ പറഞ്ഞാലും അര്‍ത്ഥ വ്യത്യാസം വരുന്നില്ല.
ഇനി ചോദ്യങ്ങളുടെ ഘടനയിലേക്ക് കടക്കാം. താഴെ ചേര്‍ത്ത വാചകങ്ങളെടുക്കുക.
He is angry
Is he angry?
അവന്‍ കുപിതനാണ്
അവന്‍ കുപിതനാണോ?
മലയാളത്തില്‍ പ്രസ്താവന പോയി ചോദ്യമാകുമ്പോഴേക്ക് വാചക ഘടനയില്‍ മാറ്റമൊന്നുമില്ല. ‘ആണ്’ എന്ന ക്രിയ ‘ആണോ’ എന്ന് മാറുന്നുവന്നു മാത്രം. ഇംഗ്ലീഷിലാകട്ടെ ക്രിയയുടെ സ്ഥാനം മാറി He is എന്നത് പോയി Is he എന്നായി മാറി. വേറെയും ഉദാഹരങ്ങള്‍
He will come tomorrow
Will he come Tomorrow?
അവന്‍ നാളെ വരും.
അവന്‍ നാളെ വരുമോ?
He can do it
Can he do it?
അവന് അത് ചെയ്യാന്‍ കഴിയും. അവന് അത് ചെയ്യാന്‍ കഴിയുമോ?
സഹായക ക്രിയകളുള്ള ഇംഗ്ലീഷു വാചകങ്ങളില്‍ ആദ്യത്തെ ക്രിയ കര്‍ത്താവിനു മുമ്പേയും മറ്റേ ക്രിയ കര്‍ത്താവിനു പുറകെയും വരുന്നു. കര്‍ത്താവ് രണ്ടു ക്രിയകള്‍ക്കിടയില്‍ sandwich ചെയ്യപ്പെടുന്നു.
വാചക ഘടനയാണ് ഇംഗ്ലീഷ് ഭാഷയുടെ മര്‍മ്മം എന്ന് ഓര്‍മിപ്പിക്കാന്‍ ഈ ഉദാഹരണങ്ങള്‍ ഇവിടെ നിരത്തിയെന്നേയുള്ളു.
(തുടരും)