കൊറോണ വൈറസ്: നാം അറിയേണ്ടത്
1. എന്താണ് കൊറോണ വൈറസ് രോഗബാധ?
ആര്‍.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം.
2. രോഗത്തിന്റെ ലക്ഷണങ്ങള്‍?
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങള്‍.
3. രോഗം പകരുന്നതെങ്ങിനെ ?
ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരില്‍ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം.
4. രോഗ സാധ്യത കൂടുതലുള്ളവര്‍ ആരെല്ലാം ?
രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്.
5. രോഗ നിര്‍ണയം നടത്തുന്നത് എങ്ങനെ?
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം, കഫം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ rRT PCR, NAAT ടെസ്റ്റ് നടത്തിയാണ് രോഗ നിര്‍ണയം നടത്തുന്നത്.
6. ആരൊക്കെയാണ് പരിശോധനക്ക് വിധേയരാകേണ്ടത്?
കൊറോണ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ജില്ലയില്‍ എത്തിയയുടന്‍ നിര്‍ബന്ധമായും ആരോഗ്യകേന്ദ്രങ്ങളില്‍ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയേണ്ടതാണ്.
7. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എവിടെയാണ് പരിശോധനയ്ക്ക് എത്തേണ്ടത്?
ഗവ. ജനറല്‍ ആശുപത്രി , ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി.
8. ഈ രോഗത്തിനുള്ള ചികിത്സ എന്താണ്.?
രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നല്‍കുന്നത്.
9. എന്തൊക്കെ മുന്‍ കരുതലുകള്‍ എടുക്കണം. ?
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകള്‍ 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക
രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
10. കൊറോണ രോഗവുമായി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ടത് എവിടെ.?
കോഴിക്കോട് ജില്ലാ കൊറോണ നിയന്ത്രണസൈല്‍. ഫോണ്‍- 0495 2371471,
ദിശ – 04712552056
ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഫോൺ നം. 04772237612.
മലപ്പുറം : കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 273 7858.
• കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്നും 2 ആഴ്ചക്കുള്ളില്‍ വന്നിട്ടുള്ള എല്ലാവരും കണ്‍ട്രോള്‍ റൂം നമ്പറില്‍ വിവരം അറിയിക്കണം.
• ചൈനയില്‍നിന്നും വന്നിട്ടുള്ള ആളുകള്‍ക്ക് 28 ദിവസത്തിനകം ഏത് അസുഖം വന്നാലും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകേണ്‍തില്ല. ആരോഗ്യവകുപ്പിന്റെ സേവനം ലഭിക്കുന്നതായിരിക്കും.
• മേല്‍ പറഞ്ഞവരുടെ എല്ലാവിധ യാത്രകളും 28 ദിവസത്തേക്ക് നിയന്ത്രിക്കണം.
• ധാരാളം വെള്ളം കുടിക്കുക.
• ആളുകള്‍കൂടുന്ന എല്ലാ ചടങ്ങുകളില്‍നിന്നും വിട്ടു നില്‍ക്കണം
• സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 20 സെക്കന്‍ഡ് സമയം ഉരച്ച് കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
• കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ തൊടരുത്.
• പൊതുജനങ്ങളുടെ ആശുപത്രി സന്ദര്‍ശനം പരമാവധി കുറക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു. പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം.
ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങൾ ദിശ: 0471 2552056 എന്ന നമ്പരിൽ ലഭ്യമാണ്.