എന്തും …. ഏതും മെച്ചപ്പെടുത്താന്‍ 61 മാന്ത്രിക ചോദ്യങ്ങള്‍…
എം ആർ കൂപ്മേയർ പരിഭാഷ: എം ജി കെ നായർ
എന്തും മെച്ചപ്പെടുത്താം എന്തും! വസ്തുക്കള്‍, ഉല്പന്നങ്ങള്, സംഘടനകള്‍, പദ്ധതികള്‍, രീതികള്‍ അല്ലെങ്കില്‍ എന്തും മെച്ചപ്പെടുത്തുന്ന വ്യക്തിക്ക് അംഗീകാരം കിട്ടുന്നു ഉദ്ദ്യോഗക്കയറ്റം കിട്ടുന്നു കൂടുതല്‍ സമ്പന്നനാകുന്നു, ചിലപ്പോള്‍ പ്രശസ്തനാകുക പോലും ചെയ്യുന്നു. ഒരാശയത്തിന് നിങ്ങളെ ധനവാനാക്കാം! ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും…. എളുപ്പത്തില്‍!
എങ്ങനെ ? ഇതാ ;
നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്തായാലും അതെപ്പറ്റി താഴെപ്പറയുന്ന 61 മാന്ത്രിക ചോദ്യങ്ങള്‍ സ്വയം ചോദിക്കുക :
എല്ലാറ്റിനും എല്ലാചോദ്യങ്ങളും അല്ലെങ്കില്‍ മിക്കവയും യോജിക്കുന്നവയായിരിക്കുകയില്ല. എന്നാല്‍ ഓരോചോദ്യവും പൂര്‍ണ്ണമായി പരിഗണിക്കുക. കാരണം, നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്തോ അതിന് താഴെപ്പറയുന്നവയില്‍ ചിലത്, അല്ലെങ്കില്‍ കൂടുതല്‍, ചിലപ്പോള്‍ അനേകം ചോദ്യങ്ങള്‍ യോജിക്കുന്നവയായേക്കാം.
ഈ പട്ടികയില്‍ ഒരൊറ്റ ചോദ്യം മാത്രമേ നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്ന കാര്യത്തിന് പ്രസക്തമായിട്ടുള്ളൂവെന്നു കാണുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള ഒരാശയം സ്ഫുരിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ‘ജാക്പോട്ട്’ നേടിയിരിക്കുന്നു! നിങ്ങള്‍ക്ക് ഉദ്ദ്യോഗക്കയറ്റം ലഭിക്കും, കൂടുതല്‍ സമ്പന്നനാകും, ഒരുപക്ഷെ പ്രശസ്തനായെന്നും വരും! ഒരൊറ്റ ആശയം നിങ്ങളെ ധനവാനാക്കും ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും….. എളുപ്പത്തില്‍!
മാന്ത്രിക ചോദ്യങ്ങളുടെ പട്ടികയിലെ ക്രമത്തിന് പ്രാധാന്യമൊന്നുമില്ല, നിങ്ങള്‍ക്ക് ആവശ്യമുള്ള ആശയസ്ഫുലിംഗം ജനിപ്പിക്കുന്നത് ഏറ്റവും അവസാനത്തെ ചോദ്യമായേക്കാം. അതിനാല്‍ ഓരോ ചോദ്യവും പൂര്‍ണ്ണമായി പരിഗണിക്കുക. ആ ചോദ്യം പ്രസക്തമല്ലെങ്കില്‍, അതു മറ്റാശയങ്ങള്‍ സ്ഫുരിപ്പിച്ചെക്കാം ; അല്ലെങ്കില്‍ മറ്റു ചോദ്യങ്ങള്‍ക്ക് വഴി തെളിച്ചെക്കാം – ഇത് വിലയേറിയ മെച്ചപ്പെടുത്തലുകള്‍ക്ക് വഴിതെളിക്കും. എല്ലാസാദ്ധ്യതയും പൂര്‍ണ്ണമായി പരിഗണിക്കുക. ഓരോ പക്ഷാന്തരവും സങ്കല്‍പ്പിക്കുക.
ആശയ സ്ഫുലിംഗങ്ങള്‍! 61 മാന്ത്രിക ചോദ്യങ്ങള്‍
(1) നിങ്ങള്‍ എന്താണ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ?
ഏത് സാധനം, ഏത് വസ്തു, ഏത് ഉല്പന്നം, ഏത് സംഘടന, ഏത് പദ്ധതി, ഏത് രീതി – എന്തും – എന്താണ് നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ?
(2) പ്രശ്നം എന്താണ്? ഉദ്ദേശ്യം? ലക്ഷ്യം?
(3) ഇപ്പോഴത്തെ അവസ്ഥ എന്താണ്? സാഹചര്യം?
(4) ആര് (അല്ലെങ്കില്‍ എന്ത്) അതിനു കാരണമായി? എന്തുകൊണ്ട് ? എപ്പോള്‍? എവിടെ? എങ്ങനെ?
(5) അതേപ്പറ്റി എന്തു ചെയ്യണം? എന്തുചെയ്യാന്‍ കഴിയും? തീര്‍ച്ചയായും ചെയ്യേണ്ടതെന്ത്?
(6) ആരത് ചെയ്യണം? നിങ്ങള്‍ തനിച്ചോ? അതോ നിങ്ങളെ സഹായിക്കാന്‍ മറ്റാരെയെങ്കിലും നിയമിക്കണമോ?
(7) മെച്ചപ്പെടുത്തല്‍ എന്തുകൊണ്ടാണാവശ്യം? എപ്പോള്‍?
(8) വസ്തു, ഉല്പന്നം,പദ്ധതി, രീതി, എന്തും -എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് നിങ്ങള്‍ കരുതുന്നത്? ആശയ സ്ഫുലിംഗങ്ങള്ക്കുവേണ്ടി താഴെപ്പറയുന്ന ചോദ്യങ്ങള്‍ പരിഗണിക്കുന്നതിനു മുന്‍പ് മെച്ചപ്പെടുത്തലിനു വേണ്ടിയുള്ള നിങ്ങളുടെ സ്വന്തം ആശയങ്ങള്‍ എഴുതിവെക്കുക.
(9) നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്നത് വലുതാക്കിയാല്‍ അത് കൂടുതല്‍ നല്ലതോ കൂടുതല്‍ അഭികാമ്യമോ ആകുമോ? (ഭക്ഷണപ്പൊതി മുതല്‍ കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, കപ്പലുകള്‍ തുടങ്ങി എണ്ണമറ്റ ഇനങ്ങള്‍ വിപുലീകരണം കൊണ്ട് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്). വലുതായി ചിന്തിക്കുക!
(10) നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്നത് കുറേക്കൂടി ചെറുതാക്കിയാല്‍ അത് കൂടുതല്‍ നല്ലതോ കൂടുതല്‍ അഭികാമ്യമോ ആകുമോ? നമ്മുടെ ലോകവും നമ്മുടെ ജീവിതങ്ങളും കൂടുതല്‍ തിങ്ങി ഞെരുങ്ങിയതായി മാറുന്നതിനാല്‍ ഒതുക്കത്തിന് വളരെ പ്രാധാന്യമുണ്ട്. ആധുനിക സാങ്കേതിക വിദ്യയില്‍ കൂടുതലും സാധിതപ്രായമായത് വലുപ്പം കുറയ്ക്കല്‍ കൊണ്ടാണ്. ചെറുതായി ചിന്തിക്കുക!
(11) എണ്ണം കൂട്ടുന്നത് കൊണ്ട് നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയുമോ? വോട്ടറന്മാരുടെ എണ്ണം കൂടുന്നത് കൊണ്ടാണ് തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നത്. അംഗസംഖ്യ വര്‍ദ്ധിപ്പിച്ച് സംഘടനകള്‍ വികസിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. പാനീയങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും വില്പന എണ്ണം കൂടുമ്പോള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ ആളുകളേയും ആയുധങ്ങളെയും സ്ഫോടന വസ്തുക്കളേയും മറ്റും ആശ്രയിച്ചാണ് പട്ടാള മേധാവിത്വം നിലകൊള്ളുന്നത്. വാങ്ങാന്‍ കഴിവുള്ള വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെ ആശ്രയിച്ചാണ് പ്രസിദ്ധീകരണങ്ങള്‍ നിലനില്‍ക്കുന്നത്. അനേകം മേഖലകളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എണ്ണം വര്‍ദ്ധിപ്പിക്കല്‍ ഒരു സുനിശ്ചിത മാര്‍ഗ്ഗമാണ്.
(12) എണ്ണം കുറച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മെച്ചപ്പെടുത്താന്‍ കഴിയുമോ? എണ്ണം കുറച്ചാല്‍ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കഴിയും. എണ്ണം കുറച്ച് (ഭാഗങ്ങളുടെ, ചലനങ്ങളുടെ പാക്കേജുകളുടെ, പ്രവര്‍ത്തനങ്ങളുടെ, പകരം വെയ്ക്കലുകളുടെ) കാര്യങ്ങള്‍ ലഘൂകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുക. ( ഉദാ: എല്ലാം കൃത്യമായി……..)
(13) മറ്റെന്തെങ്കിലുമായി സംയോജിപ്പിച്ചാല്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്ന കാര്യത്തില്‍ നേട്ടമുണ്ടാകുമോ? സംയോജിപ്പിക്കലിലൂടെ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ അനന്തമാണ്. ഉദാ:- വാഷിംഗ് മെഷീന്, ഫ്രിഡ്ജ് അതുപോലെ പലത് സംയോജിപ്പിച്ചുള്ള ആയിരക്കണക്കിന് ഉപകരണങ്ങള്‍ കണ്ടെത്താം.
(14) മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് എന്തു കൂട്ടിച്ചേര്‍ക്കാം?
(15) കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍, ചെലവ് കുറയ്ക്കാന്‍, ലളിതമാക്കാന്‍ നിങ്ങള്‍ക്ക് എന്താണ് ഒഴിവാക്കാന്‍ പറ്റുന്നത്?
(16) വേഗത വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെടുത്തല്‍ സാദ്ധ്യാണോ? വേഗത് വര്‍ദ്ധിപ്പിച്ചാല്‍ ഉല്പാദനക്ഷമത വര്‍ദ്ധിക്കും, പൊതുവേ അത് ചെലവ് കുറയ്ക്കുകയും ചെയ്യും.
(17) വേഗത കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഗുണമേന്മയും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കാനും നിരാകരണവും തൊഴിലാളികളുടെ മേലുള്ള സമ്മര്‍ദ്ദവും കുറയ്ക്കാനും സാധിക്കുമോ?
(18) ജോലികള്‍ ഊഴമനുസരിച്ച് ചെയ്യുന്നത് കൊണ്ട് വിരസത കുറയ്ക്കാന്‍ കഴിയുമോ?
(19) നിയന്ത്രണങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം? അനന്തമായ സാദ്ധ്യതകളാണ് ‘കണ്ട്രോള് ടെക്നോളജി’ നല്‍കുന്നത്.
(20) മാര്‍ദ്ദവം വര്‍ദ്ധിപ്പിച്ചാല്‍ നിങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുമോ? അനേകം തുണിത്തരങ്ങള്‍ കൂടുതല്‍ മൃദുലമാക്കപ്പെട്ടതിനാല് വളരെ കൂടുതല്‍ അഭികാമ്യമായിത്തീര്ന്നിട്ടുണ്ട് – എണ്ണമറ്റ ഉദാഹരണങ്ങളില്‍ ഇത് ഒന്നുമാത്രം.
(21) കടുപ്പം കൂട്ടിയാല്‍ നിങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുമോ? കട്ടികൂടിയ ലോഹസങ്കരങ്ങള്‍, കട്ടിംഗ് ടൂള്‍സ് തുടങ്ങിയവ ചില ഉദാഹരങ്ങള്മാത്രം.
(22) നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്നത് ആര്‍ജ്ജിക്കുന്നതും ഉപയോഗിക്കുന്നതും മറ്റും കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സാധിക്കുമോ? കൂടുതല്‍ ആവശ്യകത സൃഷ്ടിക്കുവാനുള്ള സുനിശ്ചിതമാര്‍ഗ്ഗം, കാര്യം കൂടുതല്‍ എളുപ്പമാക്കുക എന്നതാണ്!
(23) നിങ്ങള്‍ക്ക് അതെങ്ങനെ ലളിതമാക്കാം? സങ്കീര്‍ണ്ണത കുറയ്ക്കാം? അങ്ങനെയായാല്‍ അഭികാമ്യത കൂടും; ചെലവ് കുറയും.
(24) ചെയ്യേണ്ട പ്രത്യേക തിരുത്തലുകള്‍ എന്തൊക്കെയാണ്? നിലവിലുള്ള അവസ്ഥയിലെ തെറ്റുകള്‍ തിരുത്തിയാണ് മിക്ക മെച്ചപ്പെടുത്തലുകളും നടത്തുന്നത്.
(25) നിറം മാറ്റാനും മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കുമോ? നിറത്തിന് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, മനശ്ശസ്ത്രപരമായി ശക്തമായ ഫലം നല്‍കാനും സാധിക്കും. അനന്തസാദ്ധ്യതകളും പ്രയോഗങ്ങളും ഉള്ള വളരെ വിശാലമായ മണ്ഡലമാണ് കളര്‍-സൈക്കോളജി.
(26) വസ്തുവിന് മാറ്റം വരുത്താനും നന്നാക്കാനും നിങ്ങള്‍ക്ക് കഴിയുമോ? ഓരോ ഉദ്ദേശ്യത്തിനുമുളള പദാര്‍ത്ഥങ്ങള്‍ വളരെ വ്യത്യസ്തങ്ങളും അവയുടെ ഉപയോഗങ്ങളും അത്യന്തം അത്ഭുതകരങ്ങളുമാകയാല് ഫലത്തില്‍ എന്തും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ അനന്തമാണ്! പുതിയതും മെച്ചപ്പെടുത്തിയതുമായ വസ്തുക്കള്‍ക്കുവേണ്ടി നിരന്തരം അന്വേഷിക്കുക. വസ്തുക്കളുടെ പുതിയ സംയോജനങ്ങള്‍ക്കു വേണ്ടിയും അന്വേഷിക്കുക.
(27) ഉല്പാദന പ്രക്രിയയില്‍ എന്തു മാറ്റം വരുത്തിയാല്‍ കാര്യക്ഷമത, ഗുണമേന്മ, ഉല്പാദനം തുടങ്ങിയവ വര്‍ദ്ധിക്കും? ചെലവുകള്‍, പാഴ് വസ്തുക്കള്‍, ജോലിഭാരം എന്നിവ കുറയ്ക്കും? ഉല്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രം പോരാ-അതാദ്യം ചെയ്യുക!
(28) ഉദ്യോഗസ്ഥരെ സംബന്ധിച്ച് എന്തു മാറ്റമാണ് വേണ്ടത്? കൂട്ടണോ? കുറയ്ക്കണോ? കൂടുതല്‍ വിദഗ്ദ്ധര്‍ വേണോ? പരിശീലന പരിപാടികള്‍ വേണോ? പ്രചോദനം ആവശ്യമാണോ?
(29) നിങ്ങളുടെ പദ്ധതിയില്‍ എന്തു മെച്ചങ്ങളാണ് വരുത്താവുന്നത്? ഈ മാന്ത്രിക ചോദ്യങ്ങള്‍ വച്ച് പരിശോധിക്കുക. അവ ഗാഢമായി അവലോകനം ചെയ്താല്‍ മിക്കവാറും എല്ലാ പദ്ധതികളും ഏറ്റവും കുറഞ്ഞത് പത്ത് വിധത്തിലെങ്കിലും മെച്ചപ്പെടുത്താം.
(3൦) കാര്യക്ഷമതയും ജീവനക്കാരുമായുള്ള ബന്ധവും എതുവിധത്തില്‍ സമയമാറ്റം വരുത്തി മെച്ചപ്പെടുത്താം? സമയമാറ്റം സൗകാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും പര്യാപ്തമാണോ? മെയ്ന്റനൻസ് ഉള്‍പ്പെടെ 24 മണിക്കൂര്‍ ഉപയോഗിച്ചാലേ നൂറു ശതമാനം കാര്യക്ഷമമായി നിശ്ചിത ഉപകരണങ്ങളും വസ്തുക്കളും പ്രവര്‍ത്തിപ്പിക്കാനാവു.
(31) സമയം, ജീവനക്കാരുടെ പ്രവൃത്തികള്‍, ജോലിഭാരം തുടങ്ങിയവ എങ്ങനെ കൂടുതല്‍ ഭംഗിയായി വിഭജിച്ചുകൊടുക്കാം?
(32) ഫലങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് പലമടങ്ങാക്കി വര്‍ദ്ധിപ്പിക്കാം? കൂട്ടിച്ചേര്‍ക്കുന്നതു നന്ന്; എന്നാല്‍ ഗുണനം നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കുന്നു.
(33) അഭികാമ്യ ഗുണങ്ങള്‍, കൂടുതല്‍ അഭികാമ്യമെന്നു തോന്നിക്കത്തക്കവിധത്തില്‍ എങ്ങനെ വലുതാക്കിക്കാണിക്കാം?
(34) നിങ്ങള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന വസ്തുവിൻറെ ആകൃതിയില്‍ മാറ്റം വരുത്തിയാല്‍ അത് കൂടുതല്‍ നന്നാക്കാനോ കൂടുതല്‍ അഭികാമ്യമാക്കാനോ കഴിയുമോ? വ്യതിരിക്തത, കാര്യക്ഷമത, ആവശ്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആയിരക്കണക്ക് ഉല്പന്നങ്ങള്ക്ക് ഈ മാര്‍ഗ്ഗം ഉപയോഗിച്ചിട്ടുണ്ട്.
(35) നിലനിര്‍ത്തേണ്ട ഗുണങ്ങളും സ്വഭാവവിശേഷങ്ങളും എന്തൊക്കെയാണ്? മാറ്റങ്ങള്‍ വരുത്താനുള്ള വ്യഗ്രതയില്‍ നിലനിര്‍ത്തേണ്ട ഗുണങ്ങള്‍ മിക്കപ്പോഴും ബലികഴിക്കപ്പെടുന്നു. പെട്ടെന്നു വളരെ നവീനവും വളരെ വ്യത്യസ്തവുമാകുന്നതില് അപകടം ഉണ്ട്.
(36) നേട്ടം ഉണ്ടാകുന്ന വിധത്തില്‍ ഉപേക്ഷിക്കാവുന്നത് എന്താണ്? നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ ഉപേക്ഷിക്കാവുന്ന അനാവശ്യവസ്തുക്കളുടെയും രീതികളുടെയും എണ്ണക്കൂടുതല്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
(37) ഒരു കൃത്യമായ അതിര്‍ത്തി നിങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടോ? കൃത്യമായ അതിര്‍വരമ്പ് നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രയോജനപ്രദവും മിക്കപ്പോഴും ആവശ്യവുമാണ്. നിരവധി സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണം ആവശ്യമാണ്.
(38) മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ക്ക് എങ്ങനെ രൂപാന്തരപ്പെടുത്താം? അതിശക്തമായ മാറ്റങ്ങള്‍ മിക്കപ്പോഴും അഭികാമ്യമോ ആവശ്യമോ അല്ല. എന്നാല്‍ ചില മാറ്റങ്ങള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടാക്കും.
(39) അപകടം കുറയ്ക്കാനും സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും എങ്ങനെ നിങ്ങള്‍ക്ക് സാധിക്കും? ‘സുരക്ഷിതത്വം’ എന്ന ഏറ്റവും ആദിമവും ശക്തവുമായ മനുഷ്യവികാരങ്ങളില് ഒന്നിനോട് അങ്ങനെ പ്രതികരിക്കാം.
(40) അഭികാമ്യത സ്ഥാപിച്ചുകഴിഞ്ഞ ഏതിനോടെങ്കിലും നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്ന കാര്യം ബന്ധിക്കാനോ അല്ലെങ്കില്‍ രണ്ടും കൂടിയോ സാധിക്കുമോ? പരസ്പര നേട്ടത്തിന് – പലപ്പോഴും അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കുന്നതിന് – ബന്ധങ്ങളും സഹകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാവുന്നതാണ്.
(41) ബാഹ്യാകൃതി നിങ്ങള്‍ക്ക് എങ്ങനെ മെച്ചപ്പെടുത്താം? ആളുകള്‍, സംഘടനകള്‍, ഉല്പന്നങ്ങള്, വസ്തുക്കള്‍ – എല്ലാം വിധിക്കപ്പെടുന്നത് ബാഹ്യാകൃതിയുടെ അടിസ്ഥാനത്തിലാണ്. മിക്കവാറും തീരുമാനത്തെ ബാഹ്യാകൃതി വലിയൊരളവില്‍ സ്വാധീനിക്കുന്നു. അതങ്ങനെയാണ് എന്നതാണ് വസ്തുത. എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നു. അത് നിങ്ങള്‍ക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു.
(42) എങ്ങനെ നിങ്ങള്‍ക്ക് ഒരു സംഗതി പ്രവര്‍ത്തനക്ഷമമാക്കാം? പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാം? “വാക്കുകളേക്കാള്‍ ഉച്ചത്തില്‍ പ്രവര്‍ത്തികള്‍ സംസാരിക്കുന്നു” എന്ന പഴയ ചൊൽ എന്നെന്നും സത്യമാണ്. പ്രവൃത്തി ശ്രദ്ധയെ ആകര്‍ഷിക്കുന്നു; താല്പര്യം നിലനിര്‍ത്തുന്നു. എല്ലായ്പ്പോഴും അങ്ങനെയാണ്. എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതിനാല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുക.
(43) നിങ്ങള്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്യാനോ വര്‍ദ്ധിപ്പിക്കാനോ കഴിയുമോ? വൈകല്യങ്ങൾക്കോ നഷ്ടങ്ങള്‍ക്കോ എതിരെ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയുമോ? ബാദ്ധ്യത ഇല്ലാതാക്കാനോ കുറയ്ക്കാനോ സാധിക്കുമോ? നിങ്ങളുടെ ഉറപ്പ് സാക്ഷ്യ പത്രങ്ങളിലൂടെ ഊന്നിപ്പറയാന്‍ കഴിയുമോ?
(44) വര്‍ദ്ധിച്ച സംശുദ്ധികൊണ്ടോ ആരോഗ്യ സംരക്ഷണം കൊണ്ടോ അല്ലെങ്കില്‍ ദോഷകരമായ മലിനീകരണം കുറയ്ക്കുന്നതുകൊണ്ടോ നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാകുമോ?
(45) താഴെപ്പറയുന്ന ഏതെങ്കിലും മാറ്റം പ്രയോജനം ചെയ്യുമോ?
ഉയര്‍ത്തുന്നത്
താഴ്ത്തുന്നത്
കര്‍ക്കശമാക്കുന്നത്
കൂടുതല്‍ അയവു വരുത്തുന്നത്
വീണ്ടും ശക്തിപ്പെടുത്തുന്നത്
ബലപ്പെടുത്തുന്നത്
സംസ്ക്കരിക്കുന്നത്
മറിക്കുന്നത്
നേര് വിപരീതമാക്കുന്നത്
കറക്കുന്നത്
‘റീ – സൈക്കിള്‍’ ചെയ്യുന്നത്
സാന്ദ്രീകരിക്കുന്നത്
വികസിപ്പിക്കുന്നത്
‘സൂപ്പര്‍-ഇംപോസ്’ ചെയ്യുന്നത്
ആന്ദോലനം
കമ്പനം ചെയ്യുന്നത്
ചുഴറ്റുന്നത്
കറങ്ങുന്നത്
പൊതിയുന്നത്
കൂടുതല്‍ മുറുക്കുന്നത്
അയച്ചുവിടുന്നത്
കൂടുതല്‍ ശാന്തമാക്കുന്നത്
ലാളിത്യം നല്‍കുന്നത്
സ്വയം പ്രവര്ത്തിക്കുന്നതാക്കുന്നത്
സ്വയം നിയന്ത്രിക്കുന്നതാക്കുന്നത്
കമ്പ്യൂട്ടറൈസ് ചെയ്യുന്നത്
(46) നിങ്ങള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നത് ഭാരം കുറച്ചാല്‍ / ഭാരം കൂട്ടിയാല്‍ മതിയാകുമോ?
(47) അത് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? വിഭജനം, വിതരണം, സ്ഥാനം, സരളത എന്നിവ മെച്ചപ്പെടുത്താന്‍ കഴിയുമോ?
(48) സന്തോഷം, ആസ്വാദനം, വിനോദം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? സുഖം, ക്ഷേമം, വിശ്രമം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
(49) സംയുക്തമായി പ്രവര്‍ത്തിക്കാന്‍; അനുക്രമമാക്കാന്, ‘ഫ്രാഞ്ചെസ്’ ആകാന്‍ സാദ്ധ്യതകളുണ്ടോ?
(5൦) സേവനം, മേയിന്റനന്‍സ്, റിപ്പയറിംഗ് എന്നിവ മെച്ചപ്പെടുത്താന്‍ കഴിയുമോ? കൂടുതല്‍ എളുപ്പമാക്കാന്‍, വേഗത്തിലാക്കാന്‍, ചെലവുകുറയ്ക്കാന്‍ സാധിക്കുമോ?
(51) അതു കൂടുതല്‍ പരിഷ്കൃതമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? സ്റ്റൈലും ഫാഷനും ഡിസൈനും വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം അല്ലെങ്കില്‍ മുമ്പില്‍ സ്ഥാനം പിടിക്കുക.
(52) അതു കൂടുതല്‍ ഹൃദയഹാരിയാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
(53) ലഘുവായ വ്യവസ്ഥകള്‍ക്കും എളുപ്പത്തിലുള്ള ധനസഹായത്തിനും സാദ്ധ്യതകളുണ്ടോ?
പണം നല്കി സാധനം വാങ്ങല്‍, കൂടുതല്‍ അളവിലുള്ള സാധനം വാങ്ങല്‍, ഉടന്‍ സാധനം വാങ്ങല്‍ തുടങ്ങിയവയ്ക്ക് ഇളവു കൊടുക്കാന്‍ കഴിയുമോ?
(54) നിങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ളത് അനുകൂലവും എളുപ്പത്തില്‍ ഓര്‍മ്മിക്കത്തക്കതുമായ ഒരു ചിഹ്നം കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമോ? ഓര്‍മ്മിക്കുന്നതിനുള്ള പ്രധാനഘടകം – ‘ബന്ധം’ ആണ്.
(55) (1) പേര്, (2) ലേബല്‍ (3) ട്രേഡ് മാർക്ക് (4) പാക്കേജ് (5) മുന്പറഞ്ഞതില് ഏതിന്റെയെങ്കിലും രൂപഭംഗി എന്നിവയില്‍ നിങ്ങള്‍ക്ക് മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ കഴിയുമോ?
(56) മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് അംഗീകൃത പരിശോധനകള്‍, ബോദ്ധ്യപ്പെടുത്താവുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവകൊണ്ട് ശുപാര്‍ശ ചെയ്യിക്കപ്പെടാന്‍ സാധിക്കുമോ? രേഖാമൂലമായ ഉറപ്പിൻറെ പിന്‍ബലത്തോടെ?
(57) കൂടുതല്‍ സമയലാഭം ഉണ്ടാകത്തക്കവിധം അത് നിര്‍വ്വഹിക്കാന്‍ കഴിയുമോ? അദ്ധ്വാനലാഭം ഉണ്ടാക്കാന്‍ കഴിയുമോ? പണം ലാഭിക്കാന്‍ കഴിയുമോ?
(58) കൂടുതല്‍ ഫലപ്രദമായി നിങ്ങള്‍ക്കു മാതൃകകള്‍ ഉപയോഗിക്കാന്‍ കഴിയുമോ? ബോണസ് കൊടുക്കാന്‍? പ്രവര്‍ത്തന ഇന്‍സെന്റിവ് നല്കാന്? പ്രോത്സാഹനം കൊടുക്കാന്‍?
(59) അധികമൂല്യം, അധികസവിശേഷത, അധികഘടകം, “രഹസ്യ” ഘടകം – ഇവയിലേതെങ്കിലും നിങ്ങള്‍ക്ക് ലാഭകരമായി ചേര്‍ക്കാന്‍ സാധിക്കുമോ?
(6൦) നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുരോഗതി –
ഉല്പാദനം വര്‍ദ്ധിപ്പിക്കുമോ?
ചെലവു കുറയ്ക്കുമോ?
ഗുണമേന്മ വര്‍ദ്ധിപ്പിക്കുമോ?
വില്പന വര്‍ദ്ധിപ്പിക്കുമോ?
ആദായം വര്‍ദ്ധിപ്പിക്കുമോ?
ലാഭം വര്‍ദ്ധിപ്പിക്കുമോ?
ഭദ്രത ഉറപ്പുനല്‍കുമോ?
(61) നിങ്ങളുടെ മെച്ചപ്പെടുത്തലുകള്കൊണ്ട് –
(1) ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് കൂടുതലായി ലഭിക്കുമോ?
(പുറമേ-അല്ലെങ്കില്‍)
(2) അവര്‍ക്ക് ആവശ്യമില്ലാത്തത് കുറച്ചുമാത്രമാക്കുമോ?
ഏതു മാറ്റത്തിൻറെയും ആത്യന്തിക പരീക്ഷണം അതാണ്. വിജയവും പരാജയവും അതാണ് നിര്‍ണ്ണയിക്കുന്നത്.
എന്തും മെച്ചപ്പെടുത്താം. എന്തും!
വസ്തുക്കള്‍, ഉല്പന്നങ്ങള്. സംഘടനകള്‍, പദ്ധതികള്‍, രീതികള്‍, എന്തും മെച്ചപ്പെടുത്തുന്ന വ്യക്തിക്ക് അതിൻറെ ഗുണം കിട്ടുന്നു. ഉദ്ദ്യോഗക്കയറ്റം കിട്ടുന്നു. കൂടുതല്‍ ധനവാനാകുന്നു. ചിലപ്പോള്‍ പ്രശസ്തിയും ലഭിക്കുന്നു. ഒരാശയത്തിന് നിങ്ങളെ ധനവാനാക്കാന് കഴിയും! ഒരു ഡസന്‍ ആശയങ്ങള്‍ നിങ്ങളെ കൂടുതല്‍ ധനവാനാക്കുന്നു …. എളുപ്പത്തില്‍!
എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് ആദ്യം തീരുമാനിക്കുക. എന്നിട്ട് നിങ്ങളുടെ ചിന്തയെ പ്രചോദിപ്പിക്കുന്നതിനുള്ള ആശയസ്ഫുരണത്തിന് സഹായിക്കുന്ന 61 മാന്ത്രിക ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. എല്ലാ സാദ്ധ്യതകളും ആലോചനാപൂര്‍വ്വം പരിഗണിക്കുക. പകരമായി ഉപയോഗിക്കാവുന്ന എല്ലാസാദ്ധ്യതകളും ചിന്തിക്കുക.
മുമ്പു കൊടുത്തിട്ടുള്ള ചോദ്യങ്ങളുടെ തുടക്കത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാചോദ്യങ്ങളും (അല്ലെങ്കില്‍ മിക്കചോദ്യങ്ങളും) എല്ലാ കാര്യങ്ങള്‍ക്കും പ്രസക്തമായിരിക്കുകയില്ല.
എന്നാല്‍ നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കാര്യത്തിന് മുഴുവന്‍ പട്ടികയില്‍ നിന്നും ഒരൊറ്റ ചോദ്യം മാത്രമേ കണ്ടെത്താന്‍ കഴിയുന്നുള്ളൂവെന്നിരിക്കട്ടെ. ആ ചോദ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരാശയം സ്ഫരുപ്പിക്കുന്നുവെങ്കില് നിങ്ങള്‍ ‘ജാക്പോട്ട്’ നേടിയിരിക്കുന്നു.
( തുടരും )