സിവിൽ സർവീസസ് പരീക്ഷ എഴുതുമ്പോൾ
സിവിൽ സർവീസസ് പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ, ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ്: സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങൾ ഒന്ന് വിശദമാക്കാമോ?
രാജൻ പി തൊടിയൂർ: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ യ്ക്ക് അപേക്ഷിക്കാൻ ഇനി എട്ട് ദിവസം കൂടി. അവസാന തിയതി മാർച്ച് 18 . ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നിവയിലേക്കും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക പരീക്ഷയാണിത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന പ്രാഥമിക പരീക്ഷ ജൂണ്‍ രണ്ടിനും പ്രധാന പരീക്ഷ ഒക്‌ടോബറിലും നടക്കും.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ബിരുദമാണ് സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത:
2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ പ്രായമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
അഖിലേന്ത്യ തലത്തിൽ നടക്കുന്ന ഈ പരീക്ഷ ജനറൽ വിഭാഗത്തിന് 6 തവണയും , ഒബിസിക്കും വികലാംഗർക്കും 9 തവണയും അപേക്ഷിക്കാം. എസ്‌സി, എസ്ടി-പരിധികൾ ഇല്ല,
അപേക്ഷാഫീസ് നൂറ് രൂപയാണ്. സ്റ്റേറ്റ് ബാങ്കിന്‍റെ ഏതെങ്കിലും ശാഖയിൽനിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാം. വനിതകൾ, വികലാംഗർ, എസ്‌സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ ഒരുമിച്ചാണ് നടത്തുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്)ഉം സിവിൽ സർവീസിന്‍റെ കീഴിലാണ്. ഫോറസ്ട്രി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും സിവിൽ സർവീസസ് പ്രിലിമിനറി പാസായിരിക്കണം. സിവിൽ സർവീസസിൽ 896 ഉം ഫോറസ്റ്റ് സർവീസസിൽ 90ഉം ഒഴിവുകളാണ് കണക്കാക്കുന്നത്. പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയശേഷം ആദ്യമായി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയാണ്.
മുംതാസ് രഹാസ്: ഏതൊക്കെ മേഖലകളിലാണ് സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നവർക്ക് ജോലി ലഭിക്കുക?
രാജൻ പി തൊടിയൂർ: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് -ജില്ലാ കളക്റ്റർ തുടങ്ങി ചീഫ് സെക്രട്ടറി വരെയാകാം.
ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് :വിദേശങ്ങളിലുള്ള എംബസ്സികളിലും കോൺസുലേറ്റുകളിലും യു എൻ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ലഭിക്കും. ഇന്ത്യന്‍ പൊലിസ് സര്‍വിസ് : പോലീസ് സൂപ്രണ്ട് തുടങ്ങി ഡി ജി പി വരെയാകാം.
കൂടാതെ
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്
ഇന്ത്യന്‍ പി.ആന്റ് ടി.എക്കൗണ്ട് ആന്റ് ഫിനാന്‍സ് സര്‍വിസ്
ഇന്ത്യന്‍ റവന്യൂ സര്‍വിസ്
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വിസ്
ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വിസ്
ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വിസ്
ഇന്ത്യന്‍കോര്‍പറേറ്റ് ലോ സര്‍വിസ്
ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസ്
ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വിസ്..
ഇന്ത്യന്‍ റെയില്‍വേപേഴ്‌സണല്‍ സര്‍വിസ്
ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട് സര്‍വിസ്
ഇന്ത്യന്‍ ഡിഫന്‍സ് എസ്‌റ്റേറ്റ് സര്‍വിസ്
ഇന്ത്യന്‍ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വിസ്
പോസ്റ്റ് ഓഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ഇന്‍ റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്
ഇന്ത്യന്‍ ട്രേഡ് സര്‍വിസ്
ആംമ്ഡ് ഫോഴ്‌സസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സിവില്‍ സര്‍വിസ്
ഡല്‍ഹി,ആന്റമാന്‍ ആന്‍ഡ് നികോബാര്‍ ഐലന്റ്, ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു ആന്‍ഡ് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി സിവില്‍ സര്‍വിസ് , ഡല്‍ഹി, ആന്റമാന്‍ ആന്‍ഡ് നികോബാര്‍ ഐലന്റ്, ലക്ഷദ്വീപ് ,ദാമന്‍ ആന്‍ഡ് ദിയു ആന്‍ഡ് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി പൊലീസ് സര്‍വിസ് പോണ്ടിച്ചേരി സിവില്‍ സര്‍വിസ് പോണ്ടിച്ചേരി പൊലിസ് സര്‍വിസ് എന്നിവിടങ്ങളിലാണ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കുക.
മുംതാസ് രഹാസ്: പരീക്ഷ ഘട്ടങ്ങള്‍ ഒന്ന് വിശദീകരിക്കാമോ?
രാജൻ പി തൊടിയൂർ: പ്രാഥമിക പരീക്ഷ – പ്രധാന പരീക്ഷ , അഭിമുഖം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷവിജയിച്ചാല്‍ മാത്രമേ പ്രധാന പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പ്രാഥമിക പരീക്ഷയി ലെ മാര്‍ക്ക് പ്രധാന പരീക്ഷക്ക് പരിഗണിക്കില്ല. പ്രാഥമിക പരീക്ഷക്ക് രണ്ട് പേപ്പര്‍ ആണ് ഉണ്ടാകുക.
ആദ്യ പേപ്പർ ഇരുന്നൂറ് മാര്‍ക്കിനും അടുത്തത് എണ്‍പത് മാര്‍ക്കിനും.
ആദ്യ പേപ്പറിൽ ഇന്ത്യാചരിത്രം, വേള്‍ഡ്‌ജോഗ്രഫി, പരിസ്ഥിതി, ഇന്ത്യന്‍ ഭരണ ഘടന, ജനസംഖ്യ, ജനറല്‍ സയന്‍സ് തുടങ്ങിയ പൊതുവിഷയങ്ങളും രണ്ടാമത് പേപ്പറിൽ ബേസിക് മാത്തമാറ്റിക്, മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, അനലിറ്റിക്കല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളുമായിരിക്കും ഉണ്ടാകുക.
എഴുത്തുപരീക്ഷ , ഇന്‍ര്‍വ്യൂ എന്നിവ അടങ്ങിയതാണ് പ്രധാന പരീക്ഷ.
ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒഴികെ മറ്റ് വിഷയങ്ങള്‍ മാതൃഭാഷയില്‍ എഴുതാം.വിവിധ വിഷയങ്ങള്‍ അടങ്ങിയ ജനറല്‍ സ്റ്റഡീസ് പേപ്പറുകളുള്ള മെയിന്‍ എക്‌സാമില്‍ ഓപ്ഷണല്‍ സബ്ജറ്റും തിരഞ്ഞെടുക്കേണ്ടതുണ്ട്. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവരില്‍ നിന്നും ഇന്‍ര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സിവിൽ സര്‍വ്വീസ് നിയമന പട്ടികയിൽ ഉള്‍പ്പെടുക.
മുംതാസ് രഹാസ്: സിവിൽ സർവീസ് പരീക്ഷ മലയാളത്തിൽ എഴുതാമല്ലോ? അത് പ്രയോജനപ്രദമാണോ?
രാജൻ പി തൊടിയൂർ: ഭരണഘടന അംഗീകരിച്ച മലയാളമടക്കമുള്ള 22 ഭാഷകളിൽ സിവിൽ സർവീസ് എഴുതാം. സിവിൽ സര്‍വീസ് പരീക്ഷയില്‍ മലയാളഭാഷ ഉപയോഗപ്പെടുത്തിയാല്‍ മികച്ച വിജയം നേടാമെന്ന് കേരളം ആദ്യം തിരിച്ചറിഞ്ഞത് 2003-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിയായ അശ്വതി എസ് മലയാളം ഐച്ഛികവിഷയമെടുത്ത് ദേശീയതലത്തില്‍ മൂന്നാം റാങ്ക് നേടിയപ്പോഴാണ്. അതിന് ശേഷം മലയാളം ഐച്ഛികവിഷയമെടുത്ത് മെയിന്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.
മലയാളമടക്കമുള്ള പ്രാദേശികഭാഷകളെ ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ് ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒഴികെ മറ്റ് വിഷയങ്ങള്‍ മാതൃഭാഷയില്‍ എഴുതാം എന്ന തീരുമാനം ഉണ്ടാകുന്നത്. സംസ്കൃതം പോലുള്ള അടിസ്ഥാന ഭാഷകൾ പാടെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന സമയത്താണ് പ്രാദേശിക ഭാഷകൾക്ക് അംഗീകാരം ലഭിക്കുന്നത്. ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടും മിക്ക ഭാഷകളും അധ്യാപനത്തിനോ ക്ലറിക്കല്‍ ജോലികള്‍ക്കോ ഗവേഷണത്തിനോ അപ്പുറം മികച്ച ജോലി സാധ്യത നല്‍കുന്ന തരത്തിലേക്ക് വരാതിരുന്നത് പുതിയ തലമുറയ്ക്കുള്ള ആകര്‍ഷകത്വം കുറച്ചിട്ടുണ്ട്. അതിന് ന്യൂജെന്‍ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളമുണ്ടായി ഏഴു പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇംഗ്ലീഷ് ഭാഷ നല്‍കുന്ന ജോലിസാദ്ധ്യതകള്‍ പോലും മലയാളത്തിന് നല്‍കാന്‍ കഴിയും വിധം നാമതിനെ രൂപപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
മുംതാസ് രഹാസ്: സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനു മലയാളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറവയാണ് കണ്ടു വരുന്നത്.
രാജൻ പി തൊടിയൂർ: മലയാളം ഐച്ഛികവിഷയമെടുത്ത് മെയിന്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം പലപ്പോഴും കുറവായിട്ടാണ് കാണുന്നത്. മലയാളം ഒരു പരീക്ഷാമാധ്യമമായി എടുക്കാന്‍ മലയാളികൾ അധൈര്യപ്പെട്ടു.അതായത് സിവിൽ സര്‍വീസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളും മലയാളത്തില്‍ എഴുതിയാല്‍ മാര്‍ക്ക് കുറഞ്ഞു പോയാലോ,എന്തിന് വെറുതേ റിസ്ക് എടുക്കുന്നുവെന്ന് അവര്‍ ചിന്തിച്ചതില്‍ കുറ്റം പറയാന്‍ കഴിയില്ല.സിവിൽ സര്‍വീസിലെ മലയാളം പേപ്പര്‍ നോക്കുന്ന കേരളത്തിലെ ചില അധ്യാപകര്‍, യു.പി.എസ്.സി പോലും അതിന് ഡിഗ്രി നിലവാരം മതിയെന്ന് നിഷ്കര്‍ഷിച്ചപ്പോള്‍, അത് പോരാ, കളക്ടര്‍ ആവാന്‍ പി.എച്ച്.ഡിയ്ക്ക് തുല്യമായ അറിവ് വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്ത പലരും ബുദ്ധിമുട്ടി.
അപ്പോള്‍ പിന്നെ മൊത്തം പരീക്ഷ തന്നെ മലയാളത്തില്‍ എഴുതാന്‍ മലയാളികൾ ശരിക്കും ഭയപ്പെട്ടു.അതേ സമയം എഞ്ചിനീയറിംഗ്-മാനവികവിഷയങ്ങള്‍ ക്ക് കൃത്യമായ മേധാവിത്വം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് രൂപപ്പെട്ടു വന്നു. മറുവശത്ത് മലയാളം വിഷയനിലവാരം ഇടക്കാലത്ത് താഴ്ന്നതും ഒരു കാരണമായി മാറിയതോടെ മലയാളം നന്നായി അറിയാവുന്ന പലരും ഒന്നുകില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ അതേ വരെ പഠിച്ചിട്ടില്ലാത്ത മാനവിക (ഹുമനിറ്റിെസ്)വിഷയങ്ങൾ തിരഞ്ഞെടുത്തു. അത്ര കാലവും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന മാനവികവിഷയങ്ങള്‍ പ്രത്യേകിച്ചും ഇക്കണോമിക്സ്,ഹിസ്റ്ററി എന്നിവ സിവിസിവിൽ സര്‍വീസ് ഓപ്ഷണല്‍ വിഷയങ്ങളായത് ഇത്തരമൊരു സാഹചര്യത്തിലാണ്.
നമുക്ക് മുന്‍പേ, തൊണ്ണൂറുകളിലേ പ്രാദേശിക ഭാഷയുടെ സാദ്ധ്യതകള്‍ തമിഴര്‍ കണ്ടെത്തി.അത് ഫലപ്രദമായി അവര്‍ ഉപയോഗിച്ചപ്പോള്‍ തമിഴ് നാട് , സിവിൽ സര്‍വീസില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടം പിടിച്ചു. പണ്ട് ഐശ്ചികവിഷയം ആരെങ്കിലും മലയാളമെടുത്താല്‍ കളക്ടര്‍ ആവാനുള്ള ആളല്ലേ പി എച്ച് ഡി യ്ക്ക് തുല്യമായ അറിവ് മലയാളത്തില്‍ വേണമെന്ന് മൂല്യനിര്‍ണയത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്ന അധ്യാപകരുടെ മനോഭാവവും ഇപ്പോള്‍ മാറിയിട്ടുണ്ട്.എന്നാല്‍ ചെറിയ തെറ്റുകള്‍ പ്രത്യേകിച്ചും അക്ഷര-വ്യാകരണതെറ്റുകള്‍ സിവിൽ സര്‍വീസ് മലയാളം പേപ്പറില്‍ വന്നാല്‍ അവരൊരിക്കലും ക്ഷമിക്കില്ല, ഐശ്ചികവിഷയം മാത്രമല്ല, നിര്‍ബന്ധമായും ജയിച്ചിരിക്കേണ്ട ഒരു ഇന്ത്യന്‍ ഭാഷ കൂടിയാണ് സിവിൽ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ മലയാളം. അതില്‍ ജയിച്ചാല്‍ മാത്രമേ ബാക്കിയുള്ള പേപ്പറുകള്‍ മൂല്യനിര്‍ണ്ണയത്തിനു തിരഞ്ഞെടുക്കൂ.
ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ലാത്തവര്‍ക്ക് സിവിൽ സര്‍വീസിലേക്ക് കടന്നു കൂടാനുള്ള എളുപ്പവഴിയല്ല മലയാളം ഐശ്ചികവിഷയവും പരീക്ഷാമാധ്യമവും. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് മലയാളത്തിലെഴുതിയാല്‍ കിട്ടും എന്ന് കരുതരുത്.
സമൂഹത്തിന് വേണ്ടി ജീവിക്കേണ്ടവരും അവര്‍ക്കു വേണ്ടി ഭരണചക്രം തിരിക്കേണ്ട വരുമായ ഐ എ എസ് , ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥന്മാരെയും മറ്റു ഉത്തരവാദിത്വ ജോലിയിലേക്കുള്ളവരെയുമാണ് ഈ പരീക്ഷയിലൂടെ കണ്ടെതുന്നത് . ഒരു മത്സര പരീക്ഷയിലൂടെ ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തസ്തിക ആയതുകൊണ്ടുതന്നെ സിവിൽ സര്‍വിസ് പരീക്ഷക്ക് മൂല്യവും ശക്തിയുമുണ്ട്. യു.പി.എസ്.സി നടത്തുന്ന ഈ പരീക്ഷ വിജയിക്കണമെങ്കില്‍ വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും പരന്ന വായനയും ആവശ്യമാണ്.