കരിയർ മാഗസിൻറെ പിതാവ്!
1976 .
കൊല്ലം , ഫാത്തിമ മാത നാഷണൽ കോളേജിൽ ,കേരളത്തിലെ ആദ്യ ക്യാംപസ് സിനിമ എടുത്ത അഹങ്കാരത്തിലാണ് ഞങ്ങൾ. ‘ദി ഗ്യാപ് ‘.
അപ്പോഴാണ് ആൻ്റണി ലയണൽ ഫെർണാണ്ടസ് എന്ന അമേരിക്കൻ ആൻ്റണി സാർ പറയുന്നത് നമുക്കൊരു സിനിമയെടുക്കാം . തിരക്കഥ തയ്യാറാക്കൂ .
തിരക്കഥ എഴുതുന്നു. പകലുകൾ തേടുന്ന രാവുകൾ. ‘ഡേ ഫോർ നൈറ്റ്സ് ‘
ഒരു വ്യത്യസ്ത സിനിമ .
ആരും സംസാരിക്കുന്നില്ല.
സിനിമയുടെ സ്വിച്ച്ചോൺ നിർവഹിക്കുന്നത് ചലച്ചിത്ര നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ രവീന്ദ്രനാഥൻ നായർ എന്ന ജനറൽ പിക്ചർസ് രവി .
അദ്ദേഹം സ്വിച്ച് ഓൺ കഴിഞ്ഞു പോകുമ്പോൾ ഫാത്തിമ കോളേജ് പ്രിൻസിപ്പാൾ റെവ.ഫാദർ ഡോ .എ ജെ റൊസാരിയോ പറഞ്ഞു, ” രവി നിങ്ങൾ രാജന് ഒരു സിനിമ നൽകണം “.
” വരൂ ,എൻറെ ഓഫീസിലേക്ക്.”
അവിടെ നിന്നാരംഭിച്ച സൗഹൃദം.
നിരവധി തിരക്കഥകൾ.
എം മുകുന്ദൻറെ ‘കന്യക ‘
കാക്കനാടൻറെ ,’ മറ്റൊരു മുഖം ‘
പത്മരാജൻറെ ‘മഞ്ഞുകാലം നോറ്റ കുതിര ‘
ആനന്ദക്കുട്ടൻറെ ‘രാധാമാധവം’
ഉഷാമ്മ പറഞ്ഞ കഥ അടിസ്ഥാനപ്പെടുത്തി , ‘ആരോ ഒരാൾ’
എല്ലാം ജനറൽ പിക്ചർസിന്റെ ഓഫീസിൽ….രാജശേഖരൻ നായരുടെ അലമാരയിൽ.
ഒന്നും സിനിമയായില്ല.
എന്നും അദ്ദേഹത്തെ കണ്ടുകൊണ്ടിരുന്നു.
ഒരുമിച്ചുള്ള യാത്രകൾ.
സിനിമ ഷൂട്ടിങ്ങിനു പോകുമ്പോഴും കൂടെ കൂട്ടും.എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം ….
പബ്ലിക് ലൈബ്രറി .
കൊല്ലം ബീച്ചിലെ മുതിർന്നവരോടൊപ്പം മിക്കവാറും ദിവസങ്ങളിൽ സുദീർഘമായ ചർച്ചകൾ.
പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കിടയിലാണ് , ‘കരിയർ മാഗസിൻ ‘ വിഷയമാകുന്നത്.
തൊഴിൽ മാർഗ്ഗദർശനത്തിനായി ഒരു പ്രസിദ്ധീകരണം.
“നല്ല ആശയം . ” രവിമുതലാളി പറഞ്ഞു.
‘മലയാള നാട് രാഷ്ട്രീയ വാരികയുടെയും സിനിമ വാരികയുടെയും പത്രാധിപരായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചീഫ് എഡിറ്ററും പ്രസാധകനുമായ എസ് കെ നായർ സർ ഒരു ജൂലൈയിൽ നിര്യാതനാകുന്നത് .
“എന്താണിനി പരിപാടി ?” ഒരു സായാഹ്നത്തിൽ ബീച്ചിലിരുന്നപ്പോൾ രവി മുതലാളി ചോദിച്ചു.
“സിനിമ അല്ലെങ്കിൽ പത്രം.”
അദ്ദേഹം ചിരിച്ചു.
“പത്രം- കോടികൾ വേണ്ടേ ഒരു നിലയിലെത്തിക്കാൻ” ?
“മലയാളനാട് നടത്തുന്ന മധുരം വാരിക ഏറ്റെടുത്തലോ എന്നാലോചിക്കുകയാണ്. ‘കരിയർ മാഗസി’നുമുണ്ട് ആലോചനയിൽ” .
“പിന്നെന്താ ?”
“പണം വേണം . മുതലാളി സഹായിക്കണം”
അദ്ദേഹം ആലോചിച്ചിരുന്നു.
” രാജശേഖരൻ നായരോട് സംസാരിക്കൂ”.
സിനിമയുടെ മുഴുവൻ ചുമതലയും രാജശേഖരൻ നായർക്കാണ്.
” സിനിമ വേണോ , പത്രം വേണോ? അടുത്ത പടവും അടൂരായിരിക്കും ചെയ്യുന്നത്. സമയമെടുക്കും”.
” പത്രം തുടങ്ങാം. മധുരം വാരിക . നല്ല സർക്കുലേഷൻ ഇപ്പോൾത്തന്നെയുണ്ട്. ഒപ്പം കരിയർ മാഗസിനും തുടങ്ങാം.”
“കാശുതരാം. മുതലാളി സമ്മതിച്ചിട്ടുണ്ട്. പക്ഷെ വസ്തു ഈട് തരണം.”
“തരാം”
മധുരം , കയ്പ്പായി. കൈ പൊള്ളി.
കരിയർ മാഗസിൻ തുടങ്ങാമെന്നു തീരുമാനിക്കുന്നു.
” സൂക്ഷിച്ചു വേണം”. മുതലാളി പറഞ്ഞു.
” മുഖ്യമന്ത്രി പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചു. മുതലാളി ആദ്യ പ്രതി സ്വീകരിക്കണം”.
അദ്ദേഹം ചിരിച്ചു.
1984 ഓഗസ്റ്റ് ഒന്നിന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കെ കരുണാകരൻ ആദ്യപ്രതി രവിമുതലാളിക്ക് നൽകിക്കൊണ്ട് ‘ കരിയർ മാഗസിൻ’ പ്രകാശനം ചെയ്തു.
ഓരോ ദിവസവും അതിൻറെ വളർച്ചയെക്കുറിച്ചദ്ദേഹം സംസാരിച്ചു.
മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ‘കരിയർ മാഗസിൻ ‘ ഒരു നാഴികക്കല്ലായി.
അവസാനമായി കാണുമ്പോഴും അദ്ദേഹം ‘കരിയർ മാഗസിൻ ‘ എങ്ങനെയെന്ന് ചോദിച്ചു.
അതിൻറെ ഡിജിറ്റൽ പ്ലാറ്റഫോമിനെക്കുറിച്ചു പറഞ്ഞു.
എല്ലാം കേട്ടിരുന്നു.
“കൊള്ളാം . കാലത്തിനൊത്ത മാറ്റം.”
ഒടുവിൽ കാൽതൊട്ട് യാത്ര പറഞ്ഞു.
‘കരിയർ മാഗസി’ൻറെ പിതാവ് യാത്രയായി .
ഒരിക്കൽ ഒന്നിച്ചു കാറിൽ പബ്ലിക് ലൈബ്രറിയിൽ ചെന്നിറങ്ങുമ്പോൾ ഡോ. ചെറിയാൻ രവിമുതലാളിയോട് ചോദിച്ചു. ” മകനാണോ ?”
അദ്ദേഹം എന്നെ ഒരുനിമിഷം നോക്കി. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” മകനെപ്പോലെയാണ് .”
അതെ. മകനെപ്പോലെ സ്നേഹിച്ച , സഹായിച്ച ഒരാൾ.
മഞ്ഞുപോലെ ഒരു മനസ്.
-രാജൻ പി തൊടിയൂർ