‘കരിയർ മാഗസിൻ’

Share:

1984 ഓഗസ്റ്റ് 1
കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയം.
മുഖ്യമന്ത്രിയെ , കാത്തിരിക്കുന്നത് പ്രഗത്ഭരാണ്.
ഡോ. എൻ വി കൃഷ്ണവാരിയർ , ഡോ. എൻ. ശ്രീനിവാസൻ , തെങ്ങമം ബാലകൃഷ്ണൻ , കെ രവീന്ദ്രനാഥൻ നായർ, നൂറനാട് ഹനീഫ് …പ്രമുഖ വ്യക്തികൾ സദസിലുമുണ്ട്.

” വരുമോ? നമുക്കങ്ങു തുടങ്ങിയാലോ? നിയമസഭ നടക്കുകയാണ്. വരാതിരിക്കാനാ സാദ്ധ്യത. ”
കൊല്ലം എസ് എൻ കോളേജിൻറെ ശക്തനായ പ്രിൻസിപ്പാൾ ശ്രീനിവാസൻ സാർ മറ്റുള്ളവർ കേൾക്കെ പറഞ്ഞു.

” വരും സർ , പന്തളം സുധാകരൻ എം എൽ എയാണ് ഏറ്റിരിക്കുന്നത്. തീർച്ചയായും വരും.”

എന്തു തന്നെയായാലും മുഖ്യമന്ത്രിയെ കൊണ്ടുവരുമെന്ന പന്തളത്തിൻറെ ഉറപ്പ് മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

യുവ എം എൽ എ യും ലീഡറിൻറെ പ്രിയങ്കരനുമായ പന്തളം ‘കരിയർ മാഗസിൻ’റെ പ്രസക്തി മുഖ്യമന്ത്രി കെ കരുണാകരനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.
‘മലയാളത്തിലെ ആദ്യത്തെ കരിയർ ഗൈഡൻസ് പ്രസിദ്ധീകരണം . തൊഴിൽരഹിതർക്കും വിദ്യാർഥികൾക്കും മാർഗ്ഗദർശനം നല്കുന്നതിനായുള്ള സംരംഭം. അതിൻറെ പ്രകാശനം മുഖ്യമന്ത്രി തന്നെ നടത്തണം.’

“വരാം” എന്ന അദ്ദേഹത്തിൻറെ വാക്കുകൾ.

 

വൈകിയാണെങ്കിലും അദ്ദേഹം എത്തി.
പബ്ലിക് ലൈബ്രറിയുടെ ഓഡിറ്റോറിയത്തിലേക്കുള്ള പടികൾ ഓടിക്കയറുന്നതിനിടയിൽ ഉറക്കെചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, “ഞാൻ വൈകിയില്ലല്ലോ ?”
അദ്ദേഹത്തിൻറെ പൊട്ടിച്ചിരിയും ഊർജ്ജസ്വലതയും മറ്റുള്ളവരുടെ, കാത്തിരിപ്പിൻറെ മുഷിച്ചിൽ ഇല്ലാതാക്കി.

നൂറനാട് ഹനീഫ സാറിൻറെ സ്വാഗതപ്രസംഗം നീണ്ടു നീണ്ടു പോയപ്പോൾ ലീഡർ വീണ്ടുമൊരു തമാശ പൊട്ടിച്ചു.

‘കരിയർ മാഗസിൻ’ പോലൊരു പ്രസിദ്ധീകരണത്തിൻറെ പ്രസക്തിയെക്കുറിച്ചും അതിൻറെ പത്രാധിപരുടെ ഗുണഗങ്ങളെക്കുറിച്ചുമായിയിരുന്നു നൂറനാട് ഹനീഫ സാറിൻറെ വാക്കുകളിലേറെയും. സ്വാഗത പ്രസംഗം അദ്ദേഹം നിർത്തിയെങ്കിലും പിന്നീട് ഉത്‌ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രിയിൽ നിന്നും ഏറെ പ്രോത്സാഹജനകമായ ഉറപ്പുകൾ ലഭിക്കാൻ അത് കാരണമായി.

ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തുന്നതിനിടയിൽ , ‘ഇത്തരമൊരു സംരംഭത്തിന് എല്ലാ സഹായങ്ങളും എൻറെ പക്കൽ നിന്നുണ്ടാകുമെന്ന്’ മാത്രമല്ല , ‘ഏതവസരത്തിലും എന്നെ വന്നു കാണാൻ പത്രാധിപർക്ക് ഞാൻ പ്രത്യേക അനുമതിയും നൽകുകയാണ് ‘ എന്നദ്ദേഹം പറഞ്ഞത് പലരെയും അമ്പരപ്പിച്ചു. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി അത്തരമൊരനുവാദം നൽകിയത് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും മാത്രമല്ല മറ്റാരോടും സംസാരിക്കാത്ത ഗുരുവായൂർ അമ്പലത്തിനുള്ളിൽ വെച്ചുപോലും അദ്ദേഹം വിശേഷം ചോദിക്കുന്ന രീതിയിൽ ആ സൗഹൃദം വളർന്നു.

കരിയർ മാഗസിൻറെ ആദ്യ പ്രതി പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ കെ. രവീന്ദ്രനാഥൻ നായർക്ക് നൽകി പ്രകാശനം ചെയ്ത ശേഷം അദ്ദേഹം രഹസ്യമായി ചോദിച്ചു.
“എത്ര പ്രതി അടിച്ചു?”
“അയ്യായിരം”
“കൊള്ളാം. കൂടുതൽ അച്ചടിക്കണം. കൂടുതൽ പേരിലെത്തിക്കണം. സർക്കാർ ഒരുപാടുകാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് ജനങ്ങളിൽ എത്തിക്കാൻ ഒരു പേജ് മാറ്റിവെക്കണം”. മറിച്ചുനോക്കിയിട്ടു അദ്ദേഹം പറഞ്ഞു. ” എല്ലാ സ്കൂളുകളിലും ഇതെത്തണം”.

 

അദ്ദേഹം കൊളുത്തിയ ദീപം തെളിഞ്ഞു പ്രകാശം പരത്തി.
കരിയർ മാഗസിൻ ഒരു ലക്ഷം പ്രതി വരെ അച്ചടിച്ചു.
കേരളത്തിലെ സ്കൂളുകളിൽ അത് തുടർച്ചയായി എത്തി. വിദ്യാഭ്യാസ വകുപ്പ് അതിന്‌ അംഗീകാരം നൽകി.
ദുബായിലും ലബനോനിലും റഷ്യയിലും പതിപ്പുകൾ ഉണ്ടായി.

കരിയർ മാഗസിൻറെ സ്വീകാര്യത അത്തരം പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ വ്യാപകമാകാൻ ഇടയാക്കി.
വൻകിട പത്രക്കാർ ‘കരിയർ മാഗസിൻ’ തുടങ്ങിവെച്ച പംക്തികൾ അതേപടി പകർത്തി പ്രസിദ്ധീകരണമിറക്കി.
നൂറു വർഷത്തിലേറെ പ്രസിദ്ധീകരണ പാരമ്പര്യം അവകാശപ്പെടുന്ന പ്രസിദ്ധീകരണം കരിയർ മാഗസിൻറെ തലക്കെട്ട് അതേപടി പകർത്തി പ്രസിദ്ധീകരണമിറക്കി.
അനേകം യുവതീ-യുവാക്കൾ കരിയർ മാഗസിൻ വായിച്ചു തൊഴിൽ നേടി.
കേരളത്തിൻറെ തൊഴിൽ- വിദ്യാഭ്യാസ മേഖലയിൽ ഒരു പുത്തൻ സംസ്കാരം രൂപീകൃതമാകാൻ കരിയർ മാഗസിൻ നിമിത്തമായി.
പിന്നീട് പലതവണയും ലീഡറെ കാണുകയും വിലയേറിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
വേദിയൊരുക്കിയത്, പലപ്പോഴും, പന്തളം സുധാകരൻ! ( നന്ദി)

ലീഡർ പകർന്നുതന്ന ശുഭ വിശ്വാസത്തിൻറെ ശക്തി സ്രോതസ്സുകൾ ഇപ്പോഴും ഊർജ്ജമായി നിൽക്കുന്നു.
‘കരിയർ മാഗസിൻ’ ഇന്നിപ്പോൾ ഡിജിറ്റൽ ആകുമ്പോൾ , ലീഡർ കൊളുത്തിയ ദീപം പുതിയ വെളിച്ചമായി ഞങ്ങളിൽ നിറയുന്നു.
ലീഡർ ഇല്ലാത്ത ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ , നഷ്ടം തിരിച്ചറിയുന്നു.
ശുഭാപ്തി വിശ്വാസത്തിൻറെയും , നേതൃത്വത്തിൻറെയും വർണ്ണദീപങ്ങൾ കേരളത്തിന് , യുവതലമുറയ്ക്ക് പകർന്നു തന്ന മഹാമനുഷ്യന് ഒരു തുള്ളി കണ്ണുനീർ!

– രാജൻ പി തൊടിയൂർ

 

 

 

 

 

 

 

 

 

 

Share: