ട്രെയിനി സയന്റിഫിക് ഓഫീസർ : ഇപ്പോൾ അപേക്ഷിക്കാം
ശാസ്ത്ര – സാങ്കേതിക വിഷയങ്ങളിൽ താല്പര്യമുള്ളവരിൽനിന്നും , ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിനു കീഴിലുള്ള ട്രെയിനിംഗ് സ്കൂളിൽ, ട്രെയിനി സയന്റിഫിക് ഓഫീസറാകാൻ അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആണവോർജ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടെ നിയമനം ലഭിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യമാണ് ഇവിടെ ലഭിക്കുന്നത്. പരിശീലന കാലയളവിൽ മികവു പുലർത്തുന്നവരെ കൽപിത സർവകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് അല്ലങ്കിൽ എംഫിൽ കോഴ്സുകൾക്കു ചേരാനും അനുവദിക്കും.
മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, എൻജിനിയറിംഗ് ഫിസിക്സ്, ഫുഡ് ടെക്നോളജി എന്നിവയിൽ ബിടെക്കോ, ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസസ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ്, ജിയോളജി, അപ്ലൈഡ് ജിയോളജി,അപ്ലൈഡ് ജിയോകെമിസ്ട്രി എന്നിവയിൽ എംഎസ്സിയോ നേടിയവർക്ക് അപേക്ഷിക്കാം.
രണ്ടു തരത്തിലാണു തെരഞ്ഞെടുപ്പ്. സ്കീം ഒന്നനുസരിച്ചു ബിടെക്, ഇന്റഗ്രേറ്റഡ് എംടെക്, എംഎസ്സി പാസായവർക്കു ബാർക്കിന്റെ മുംബൈ, കൽപ്പാക്കം,രാജാരാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി-ഇൻഡോർ, ന്യൂക്ലിയർ ഫ്യുവൽ കോംപ്ലെക്സ്- ഹൈദരാബാദ്, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് -ഹൈദരാബാദ് എന്നിവിടങ്ങളിൽ പരിശീലനം നൽകും. സ്കീം രണ്ട് അനുസരിച്ചു പ്രവേശനം ലഭിക്കുന്നവർക്കു എംടെക് അല്ലങ്കിൽ മാസ്റ്റർ ഇൻ കെമിക്കൽ എൻജിനിയറിംഗ് എന്നിവയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. പഠന ശേഷം കൂടുതൽ വേതനത്തോടെ ജോലിയിൽ പ്രവേശിക്കാം. വിവിധ ഐഐടികൾ, റൂർക്കി എൻഐടി, മുംബൈയിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവിടങ്ങളിലായിരിക്കും ഉപരിപഠനം.
യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം.
ഗേറ്റ് സ്കോറിന്റെയും ഓണ്‍ലൈനായി നടത്തുന്ന അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം . രണ്ടു പരീക്ഷയ്ക്കും ഉയർന്ന സ്കോർ നേടിയെങ്കിലെ പ്രവേശനം ലഭിക്കുകയുള്ളു.
ഇന്റർവ്യുവിനു ശേഷം തയാറാക്കുന്ന മെരിറ്റ് ലിസ്റ്റ് ബാർക്കിന്റെ പിഎച്ച്ഡി, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശനത്തിനും പരിഗണിക്കും.
2018 ഫെബ്രുവരി നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.
വെബ്സൈറ്റ്: www.barconlineexam.in