എയർബസും സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവച്ചു

എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ ഡോ. സജി ഗോപിനാഥും എയർബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാൻലിയും ധാരണാപത്രം ഒപ്പുവച്ചത്.
എയർബസിന്റെ ബിസ്‌ലാബ് ആക്‌സിലറേറ്റർ പദ്ധതിയുടെ ഇന്നവേഷൻ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയർബസിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും ഇത് പ്രവർത്തിക്കുക. ലോകത്തിലെ നാലു ബിസ്‌ലാബുകളിൽ ഒന്നാണ് ബംഗളൂരുവിലേത്. ഫ്രാൻസിലെ ടുളൂസ്, സ്‌പെയിനിലെ മാഡ്രിഡ്, ജർമനിയിലെ ഹാംബർഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ. തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ബിസ്‌ലാബിൽ ആറു മാസത്തെ പരിശീലനം നൽകും. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുൾപ്പെടുത്തി ശിൽപശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും.
ജർമൻ കോൺസൽ ജനറൽ മാർഗിറ്റ് ഹെൽവിഗ് ബോട്ടെ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ. ടി സെക്രട്ടറി ശിവശങ്കർ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം. സി. ദത്തൻ, എയർബസ് ബിസ്‌ലാബ് ഇന്ത്യയുടെ സിദ്ധാർഥ് ബാലചന്ദ്രൻ, ടെക്‌നോപാർക്ക് സി. ഇ. ഒ ഋഷികേശ് നായർ, ഐ. സി. ടി അക്കാഡമി സി. ഇ. ഒ സന്തോഷ് കുറുപ്പ്, ചീഫ് മിസിസ്‌റ്റേഴ്‌സ് ഫെലോ അരുൺ ബാലചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.