അഗ്നിവീർ സെലക്ഷൻ
2023-24 വർഷത്തെ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. കരസേനയിൽ , ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ (പത്താംക്ലാസ് വിജയം), ട്രേഡ്സ്മാൻ (എട്ടാംക്ലാസ് വിജയം) എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
വനിതകൾക്കും അഗ്നിവീർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് (മിലിട്ടറി പോലീസ്) അപേക്ഷിക്കാം.
നാലു വർഷത്തെ സേവനകാലയളവിലേക്കായിരിക്കും നിയമനം. കംപ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശനപരീക്ഷ കരസേന റിക്രൂട്ട്മെന്റ് റാലിക്ക്ആദ്യമായി ഇത്തവണ നടത്തും.
യോഗ്യത
ജനറൽ ഡ്യൂട്ടി: 45 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരെ ഡ്രൈവരുടെ ഒഴിവുകളിലേക്കും പരിഗണിക്കും.
ടെക്നിക്കൽ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ അന്‍പതു ശതമാനം മാർക്കോടെ പ്ലസ്ടു. ഓരോ വിഷയത്തിനു കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം.
അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ പ്ലസ്ടു ജയവും ഒരു വർഷത്തെ ഐടിഐ കോഴ്സും അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയവും രണ്ട്/ മൂന്ന് വർഷം ദൈർഘ്യമുള്ള ഐടിഐ ടെക്നിക്കൽ ട്രെയിനിംഗ്/ ഡിപ്ലോമയും.
ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ: 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു. ഓരോ വിഷയത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
ട്രേഡ്സ്മാൻ (പത്താംക്ലാസ് ജയം): ഓരോ വിഷയത്തിനും 33 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയം.
ട്രേഡ്സമാൻ (എട്ടാംക്ലാസ് ജയം): ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കോടെ എട്ടാംക്ലാസ് ജയം.
പ്രായം: 17 1/2 – 21 വയസ്. 2022 ഒക്ടോബർ ഒന്നിനും 2006 ഏപ്രിൽ ഒന്നിനും മധ്യേ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവർ.
ശാരീരിക യോഗ്യത: ജനറൽ ഡ്യൂട്ടി, ട്രേഡ്മാൻ തസ്തികയിലേക്ക് 166 സെമീ. ടെക്നിക്കൽ- 165 സെമീ, ക്ലർക്ക്/ സ്റ്റോർ കീപ്പർ- 162 സെമീ എന്നിങ്ങനെയാണ് കുറഞ്ഞ ഉയരം. നെഞ്ചളവ്- 77 സെമീ (അഞ്ചു സെമീ വികാസം). വനിതകൾക്ക് കുറഞ്ഞത് 162 സെമീ.
ഉയരത്തിനും പ്രായത്തിനും ആനുപാതികമായ തൂക്കം വേണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷ. റിക്രൂട്ട്മെന്റ് റാലി എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 17 മുതൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലാകും പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം അപേക്ഷാ സമർപ്പണ വേളയിൽ ലഭ്യമാണ്.
അപേക്ഷിക്കുന്ന വിഭാഗമനുസരിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 50 ചോദ്യങ്ങൾ/ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 ചോദ്യങ്ങൾ എന്നിവയുണ്ടായിരിക്കും. 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ പരീക്ഷ നടത്തുന്നതിനാൽ കട്ട്-ഓഫ് മാർക്ക് നിർണയിക്കാൻ നോർമലൈസേഷൻ ഉണ്ടായിരിക്കും.
നിശ്ചിത കട്ട്-ഓഫ് മാർക്ക് നേടുന്നവർക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസുകൾ നടത്തുന്ന റാലിയിൽ പങ്കെടുക്കാം.
കേരളത്തിൽ തെക്കൻ ജില്ലക്കാർക്കും വടക്കൻ ജില്ലക്കാർക്കും പ്രത്യേകം റാലികൾ നടത്തും. ഇതിനുള്ള അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
റാലിക്ക് ഹാജരാകുന്നവർ അഡ്മിറ്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ ( 20 കോപ്പി ) , യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവസർട്ടിഫിക്കറ്റ്, എൻസിസി, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം.
റാലിയുടെ ഭാഗമായി ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരിക്കും. 1.6 കിമീ ഓട്ടം, പുൾ-അപ്സ്, ഒന്‍പത് അടി നീളത്തിലുള്ള കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസ് എന്നിവയായിരിക്കും ഫിറ്റ്നസ് ടെസ്റ്റിലെ ഇനങ്ങൾ.
1.6 കിമീ ഓട്ടം, ലോംഗ് ജംപ്, മൂന്നടി ഹൈജംപ് എന്നിവയായിരിക്കും വനിതകൾക്കുള്ള ഇനങ്ങൾ. ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്നവർക്ക് വൈദ്യപരിശോധന ഉണ്ടായിരിക്കും.
ശന്പളം: അഗ്നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ ആദ്യവർഷവും പിന്നീടുള്ള മൂന്നു വർഷങ്ങളിൽ 33,000, 36,500, 40,000 രൂപ എന്ന രീതിയിൽ നാലു വർഷത്തേക്ക് മാസം ശന്പളം ലഭിക്കും.
ഇതിൽനിന്ന് നിശ്ചിത തുക അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് വകയിരുത്തും.
നാല് വർഷത്തെ സേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് സേവാനിധി പാക്കേജായി 10.04 ലക്ഷം രൂപ ലഭിക്കും.
അപേക്ഷ: http://joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. 250 രൂപയാണ് അപേക്ഷാ ഫീസ്. ഫീസ് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ യുപിഐ വഴി ഓണ്‍ലൈനായി അടയ്ക്കണം.
പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതേവെബ്സൈറ്റിൽനിന്ന് പിന്നീട് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.