ആമിയും മലയാളനാടും

Share:

രാജൻ പി തൊടിയൂർ

മാധവിക്കുട്ടിയെയും കമലാദാസിനെയും കമല സുരയ്യയെയും തേടി, ആമിയിലൂടെയുള്ള കമലിൻറെ യാത്ര ബാലിശവും നിരർത്ഥകവുമായ ചെപ്പടി വിദ്യയായതിനാലാണ് മലയാളി പ്രേക്ഷകർ അത് പുറംകാൽ കൊണ്ട് തള്ളിക്കളഞ്ഞത്.
മലയാള സാഹിത്യത്തിൽ മാധവിക്കുട്ടിയുടെ, ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരുടെയിടയിൽ കമലാദാസിൻറെ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിയാനുള്ള ബോധപൂർവമായ ശ്രമം പോലും കമൽ നടത്തിയതായി കാണുന്നില്ല.

മാധവിക്കുട്ടി എന്ന ഒരു എഴുത്തുകാരിയുടെ ആദ്യ രചന , പ്രസിദ്ധീകരിക്കാൻ തന്റേടം കാട്ടിയ എസ് കെ നായർ എന്ന പത്രാധിപരെ കോമാളിയായി ചിത്രീകരിച്ചതിലൂടെ കമലിൻറെ ധിഷണാപരമായ പാപ്പരത്തം വ്യക്തമാകും. മലയാള സാഹിത്യം കണ്ട ഏറ്റവും മികച്ച സാഹിത്യകാരന്മാരുടെ വിമർശന സ്വഭാവമുള്ള രചനകൾ വെളിച്ചം കണ്ടത് ‘മലയാളനാട്’ എന്ന ഓഫ്‌ബീറ്റ്‌ പ്രസിദ്ധീകരണവും എസ് കെ നായർ എന്ന ഉന്നത വിദ്യാഭ്യാസവും സാംസ്കാരികാവബോധവുമുള്ള പത്രാധിപരും മലയാളത്തിൽ ഉണ്ടായതുകൊണ്ട് മാത്രമാണ്.
കോളേജ് അദ്ധ്യാപകനായി ജീവിതമാരംഭിച്ച എസ് കെ നായർ വ്യവസായ ലോകത്തെത്തുകയും പത്രവും സിനിമയും ഒരാവേശമായി സ്വീകരിക്കുകയും ചെയ്തു. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു പ്രസിദ്ധീകരണവും മികച്ച സിനിമകളും നമുക്ക് നൽകിയ പ്രതിഭാധനനായ പത്രാധിപരെയാണ് കമൽ സ്ത്രീ ലമ്പടനായ കോമാളിയായി ചിത്രീകരിച്ചിരിക്കുന്നത്.

എഴുത്തുകാരെ തിരിച്ചറിയാനും അവരുടെ കഴിവുകൾക്ക് ഊർജ്ജം പകരാനും എന്നും എസ് കെ നായർ മുൻപന്തി യിലായിരുന്നു. എഴുത്തുകാരനിലെ ശക്തി തിരിച്ചറിഞ്ഞത് കൊണ്ടാണ് മാധവിക്കുട്ടിയുടെ ‘എൻറെ കഥയും ഒ വി വിജയൻറെ ‘ധർമ്മ പുരാണ’വും കാക്കനാടൻറെയും എം മുകുന്ദൻറെയും പദ്മരാജന്റെയും വേറിട്ട രചനകളും ‘മലയാളനാടി’ൽ വെളിച്ചം കണ്ടത്.

ആഢ്യത്വത്തിൻറെ പ്രതീകമായ ‘മാതൃഭൂമി’ യും കുടുംബവായനക്കാരുടെ ആശ്വാസമായ മനോരമ വരികയും ഇടതുപക്ഷ രാഷ്ട്രീയത്തിൻറെ മുഖപത്രമായ ജനയുഗം വരികയും മലയാളത്തിൽ ജ്വലിച്ചു നില്കുന്ന കാലഘട്ടത്തിലാണ് ‘ എൻറെ കഥ ‘ മലയാളനാട് വാരികയിൽ പ്രസിദ്ധീകരിക്കുന്നത്. മാധവിക്കുട്ടി ( കമലാദാസ് ) ഇംഗ്ലീഷിൽ എഴുതി അയച്ച പല അദ്ധ്യായങ്ങളും മലയാളികളെ ത്രസിപ്പിക്കുന്നതാക്കിയതിൽ അന്ന് മലയാളനാടിലുണ്ടായിരുന്ന കാക്കനാടന് വലിയ പങ്കുണ്ടായിരുന്നതായി മലയാളനാടിലുണ്ടായിരുന്ന പലർക്കും അറിയാമായിരുന്ന സത്യമാണ്.1968 ൽ സസ്‌തി ബ്രത എഴുതിയ ‘മൈ ഗോഡ് ഡൈഡ് യംഗ് ‘1973 മാധവിക്കുട്ടി എഴുതിയ എൻറെ കഥയ്ക്ക് പ്രചോദന മായിരുന്നു വെന്നും കാക്കനാടൻ പറയാറുണ്ടായിരുന്നു.
എൻറെ കഥ ഒരിക്കലും മാധവിക്കുട്ടിയുടെ ആത്മകഥ ആയിരുന്നില്ല. കാക്കനാടൻ ആധുനിക സാഹിത്യത്തിൻറെ മസാല പുരട്ടിയ ഒരു സാങ്കൽപ്പിക സൃഷ്ടി. അത് യാഥാർഥ്യമെന്ന് തോന്നിപ്പിക്കുവാൻ മാധവിക്കുട്ടിയും കാക്കനാടനും എസ് കെ യും ഒരുപോലെ ശ്രമിച്ചിരുന്നു.

സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നില്ല എസ് കെ നായർ പത്ര പ്രസിദ്ധീകരണം നടത്തിയത്. മറ്റു ബിസിനസ്സുകൾ ലാഭമുണ്ടാക്കിയപ്പോൾ മലയാള നാടും സിനിമ വാരികയും രാഷ്ട്രീയ വാരികയും മധുരം വാരികയുമൊക്കെ സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. എഴുപതു കാലഘട്ടത്തിലെ സിനിമ നിർമ്മാതാക്കൾക്കും സംവിധായകർക്കുമുണ്ടായിരുന്ന ദൗർബല്യങ്ങൾ ഒരുപക്ഷെ, എസ് കെ നായർക്കും ഉണ്ടായിരുന്നിരിക്കാം. മലയാള സാഹിത്യത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയ പത്രാധിപർ, ലോകസാഹിത്യത്തെ മലയാളത്തോടടുപ്പിച്ച പത്രാധിപർ അതായിരുന്നു എസ് കെ നായർ . എം കൃഷ്ണൻ നായർ ‘സാഹിത്യവാരഫലം’ എഴുതുന്നതിനുള്ള റോയൽറ്റിയുടെ പത്തിരട്ടി തുകക്കുള്ള പുസ്തകങ്ങൾ ഓരോ ആഴ്ചയും വാങ്ങിനൽകുമായിരുന്നു എസ് കെ . എഴുതിയാലും ഇല്ലെങ്കിലും കൊല്ലത്തെത്തുന്ന സാഹിത്യകാരൻമ്മാർക്കും കവികൾക്കും സിനിമാക്കാർക്കും തണലായിരുന്നു മലയാളനാടും എസ് കെ നായരും.

എഴുത്തുകാരനുള്ള പ്രതിഫലം മുൻകൂറായി നൽകുന്ന സ്വഭാവമായിരുന്നു എസ് കെയുടേത്. മാധവിക്കുട്ടിക്കും തകഴിച്ചേട്ടനും തോപ്പിൽ ഭാസിക്കും വൈക്കം ചന്ദ്രശേഖരൻ നായർക്കും പി എൻ മേനോനും അക്കാര്യത്തിൽ വ്യത്യാസമില്ലായിരുന്നു. ആവശ്യമറിഞ്ഞു സഹായിക്കുന്ന വലിയ മനസ്സുള്ള , സംസ്കാര ചിത്തനായ എസ് കെ നായരെ പടുവിഡ്ഢിയായ , പത്രാധിപരായി ചിത്രീകരിച്ചതിലൂടെ കമലിൻറെ ധിഷണാശക്തി വെളിപ്പെടുന്നു. കൃഷ്ണ സങ്കല്പം ഇത്ര മോശമായി അവതരിപ്പിക്കാൻ കമലിന് മാത്രമേ കഴിയൂ.
അതുപോലെ തന്നെ മാധവിക്കുട്ടിയെ ഇത്ര ഉപരിപ്ലവമായും. മനുഷ്യ സ്നേഹത്തിൻറെ കഥപറഞ്ഞ , മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച മാധവിക്കുട്ടിയെ അവതരിപ്പിക്കുവാൻ കമൽ ആവശ്യമായ പഠനം നടത്തിയിട്ടില്ല എന്നുവേണം നാം കരുതാൻ. ഇത് കലയോടും കാലഘട്ടത്തോടുമുള്ള കപട നാടകമാണ്. കാലം മാപ്പുതരില്ല.

( മലയാളനാടിൻറെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു , ലേഖകൻ )

Share: