മഹാരാജാസ് കോളേജ്; ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖാന്തിരം നടത്തും. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേക്കുളള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.maharajas.ac.in വെബ്‌സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ഥികള്‍ 100 രൂപ അപേക്ഷഫീസ് അടച്ച് അപേക്ഷിക്കണം.
ആര്‍ട്‌സ് (കള്‍ച്ചറല്‍)/സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവരും മഹാരാജാസ് കോളേജിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ആപ്ലിക്കേഷന്‍ പ്രിന്റൗട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് ജൂണ്‍ 19-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം.
ലക്ഷദ്വീപ് ക്വാട്ടയിലെ ബിരുദാനന്തര ബിരുദ പ്രവേശനം മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്ന തീയതി വരെ നടത്തും. എം.എ മ്യൂസിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കായുളള അഭിരുചി പരീക്ഷ ജൂണ്‍ 26-ന് രാവിലെ 10-ന് നടത്തും. അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പൂര്‍ണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0484 2352838
ഇ-മെയില്‍: adms2018@maharajas.ac.in