പൊതുവിദ്യാഭ്യാസ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

Share:

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ വിദ്യാ മൊബൈല്‍ ആപ്പ് പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത സെല്‍ഫി ലേണിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാവുകയാണ്. ജീവിതത്തിന്റെ സര്‍വതലങ്ങളിലും ആധുനികവത്കരണം നടക്കുന്നതിന്റെ സ്വാധീനം കുട്ടികളിലും ഉണ്ടാവുന്നു. ആധുനിക പഠനസങ്കേതങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികള്‍ മനസ്സിലാക്കിക്കഴിഞ്ഞു. സെല്‍ഫി മൊബൈല്‍ ആപ്പും ഇതിന്റെ ഭാഗമാണ്. തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി നിഖില്‍ ബേവിച്ചനാണ് ആപ്പിന്റെ ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയത്.
ആദ്യഘട്ടത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാനഘട്ട തയ്യാറെടുപ്പിന് സഹായകമായ വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെങ്കിലും തുടര്‍ന്ന് ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ വിവിധ വിഷയങ്ങളും ആപ്പില്‍ കൂട്ടിച്ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ,് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു

Share: