മലയാളം തെറ്റില്ലാതെ – രാജൻ പി. തൊടിയൂർ

കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തിൽ നമ്മുടെ ഭാഷ, മലയാളം , തെറ്റില്ലാതെ ഉപയോഗിക്കുന്നതിനു നമുക്ക് പ്രതിജ്ഞ എടുക്കാം.
ഭാഷയുടെ അടിസ്ഥാന ശിലയിൽ പിറന്ന ഒരുസംസ്ഥാനത്തിൻറെ സപ്തതി!
കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തിലേക്ക് കടക്കുന്ന ഈ വേളയിൽ മാതൃഭാഷയായ മലയാളത്തിൻറെ തനിമയും ശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്.
ഈ സുവർണ്ണാവസരത്തിൽ, മാതൃഭാഷയെ കൂടുതൽ സ്നേഹിക്കാനും തെറ്റില്ലാതെ ഉപയോഗിക്കാനും നമുക്ക് ഓരോരുത്തർക്കും കഴിയണം .
മലയാള ഭാഷ തെറ്റില്ലാതെ ഉപയോഗിക്കണം , എഴുത്തിലും വായനയിലും പറച്ചിലിലും , എന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്നതിനു , മലയാളത്തിൽ ആദ്യമായി ഒരു പ്രസിദ്ധീകരണത്തിൽ പരമ്പര ആരംഭിക്കുന്നത് ‘കരിയർ മാഗസിൻ’ ആണ്. 1986-ൽ.
1984 ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ , മലയാള ഭാഷക്ക് വേണ്ടി ഒരു പംക്തി തുടങ്ങണമെന്ന അപേക്ഷയുമായി , യൂണിവേഴ്സിറ്റി കോളേജിലെ മലയാളം അദ്ധ്യാപകനും കവിയും സാഹിത്യകാരനുമായ ആനന്ദക്കുട്ടൻ സാറിനെ സമീപിച്ചപ്പോൾ അദ്ദേഹമാണ് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ എന്ന ഭാഷാപണ്ഡിതനെക്കുറിച്ചു് പറയുന്നത്. സാഹിത്യകാരനും അദ്ധ്യാപക ശ്രേഷ്ഠനുമായ പ്രൊഫ: പന്മന രാമചന്ദ്രന് നായർ, അതിനെക്കുറിച്ചു് ഏറെ പഠിക്കുകയും നിരന്തരം അന്വേഷണം നടത്തുകയും ചെയ്യുന്ന ആളാണെന്നും അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ അതായിരിക്കും ഉചിതം എന്നും ആനന്ദക്കുട്ടൻ സാർ പറഞ്ഞു.
ആദ്യം താല്പര്യം കാട്ടിയില്ലെങ്കിലും പ്രൊഫ: പന്മന രാമചന്ദ്രന് നായർ, ‘തെറ്റില്ലാത്ത മലയാളം’ എന്ന പരമ്പര ‘കരിയർ മാഗസി’നിൽ ആരംഭിക്കുകയും മലയാള ഭാഷാ ചരിത്രത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട അമൂല്യ രചനയായി അത് മാറുകയും ചെയ്തു. ലേഖനങ്ങളുടെ സമാഹാരമായ ‘തെറ്റില്ലാത്ത മലയാളം’ എന്ന പുസ്തകം മലയാള ഭാഷ ഉള്ളിടത്തോളം കാലം പ്രസക്തമാണ്. വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയാനും പ്രൊഫ. പന്മന രാമചന്ദ്രൻ നായർ സമയം കണ്ടെത്തി.മലയാള ഭാഷക്കുള്ള മഹത്തായ സംഭാവനയാണ് അദ്ദേഹത്തിൻറെ പഠനങ്ങളും രചനയും. ‘കരിയർ മാഗസി’നിൽ ൽ അദ്ദേഹം കൈകാര്യം ചെയ്ത ഭാഷാ ചോദ്യോത്തരപംക്തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ് ‘മലയാളവും മലയാളികളും’ എന്ന പുസ്തകത്തിനാസ്പദം.
മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോൾ മിക്കവർക്കും തെറ്റാറുണ്ട് .തെറ്റുകൾ ഏതെല്ലാമെന്ന് അവരറിയുന്നില്ല. മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കാത്തിടത്തോളം ആ തെറ്റുകൾ ജീവിതാവസാനം വരെ തുടരുകതന്നെ ചെയ്യും. ഏതെങ്കിലും ഒരു പ്രയോഗം തെറ്റോ ശരിയോ എന്നു സംശയിക്കുന്നവരും തെറ്റാണന്നറിഞ്ഞാൽത്തന്നെ എങ്ങനെ തിരുത്തണമെന്നറിയാത്തവരും ഉണ്ട്.
അദ്ദേഹം എഴുതി:
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന പല യുവാക്കൾക്കും മാതൃഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിഞ്ഞുകൂടാ. ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോഴത്തെ സ്ഥിതിയും മറിച്ചല്ല.
ഇവർക്കെല്ലാം വേണ്ടി, എല്ലാ മലയാളികൾക്കും വേണ്ടിയാണ് ഭാഷാപണ്ഡിതനും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ‘തെറ്റില്ലാത്ത മലയാളം’ എഴുതിയത്.
2013ലെ തീരുമാനം
സംസ്ഥാനത്തു സർക്കാർ ജോലിക്കു മലയാളം പരിജ്ഞാനം നിർബന്ധമാക്കാനുള്ള തീരുമാനം 2013-ലാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. എന്നാൽ തീരുമാനം നടപ്പായില്ല. ഇതിനു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതിയും നിയമസഭാ സബ്ജകകമ്മിറ്റിയുടെ അംഗീകാരവും വേണം. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ മലയാളം അറിഞ്ഞിരിക്കണമെന്നത് നിർബന്ധമാക്കാൻ 2013-ലാണ് പി.എസ്.സി സർക്കാരിന് ശിപാർശ നൽകിയത്. ഈ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.
പത്താം ക്ലാസ് വരെയോ അല്ലെങ്കിൽ പ്ലസ്ടു, ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ, പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുമ്പ് മലയാളം മിഷൻ നടത്തുന്ന ഹയർ ഡിപ്ലോമാ തുല്യതാ പരീക്ഷ പാസാകേണ്ടതാണ്. ഈ വ്യവസ്ഥ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ (KSSSR) ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം എന്ന ലക്ഷ്യത്തോടെയാണ് ഭരണഭാഷ മലയാളമാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കു കേരള സർവീസിൽ ജോലിക്കു മലയാളം പരീക്ഷ പാസാകണമെന്ന് നിലവിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ മലയാളം അറിയാത്ത മലയാളികൾക്കു കൂടി ബാധകമാക്കുന്നതിൻറെ ഭാഗമായാണ് ഈ നിയമഭേദഗതി.
മലയാള ഭാഷ തെറ്റില്ലാതെയും മികച്ച രീതിയിലും കൈകാര്യം ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ‘കരിയർ മാഗസിൻ’ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ നിരന്തരം ഓർമ്മിപ്പിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് എഴുത്തുപരീക്ഷകളിലും അഭിമുഖങ്ങളിലും മാതൃഭാഷ കൃത്യമായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കു കേരള സർവീസിൽ ജോലിക്കു മലയാളം പരീക്ഷ പാസാകണമെന്ന് നിലവിലുള്ള വ്യവസ്ഥ, മലയാളം അറിയാത്ത മലയാളികൾക്കു കൂടി ബാധകമാക്കുന്നതിൻറെ ഭാഗമായി നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് 2022-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി.
പത്താം ക്ലാസ് വരെയോ അല്ലെങ്കിൽ പ്ലസ്ടു, ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ, പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുമ്പ് മലയാളം മിഷൻ നടത്തുന്ന ഹയർ ഡിപ്ലോമാ തുല്യതാ പരീക്ഷ പാസാകണമെന്നതായിരുന്നു ഇതിലെ പ്രധാന നിർദ്ദേശം.
മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല എന്ന പ്രഖ്യാപനം വരെ അന്ന് നടത്തിയിരുന്നു. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 2022-ൽ പറഞ്ഞു. മലയാളം മിഷൻറെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം എന്നതുകൊണ്ടാണു ഭരണഭാഷ മലയാളമാക്കിയത്. നിയമപരമായി ഇംഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ചു മലയാള ഭാഷയെ വിപുലീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പദങ്ങൾക്കുള്ള പരിഭാഷ സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നതാകണം. ഭാഷാ സൗഹൃദ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കണം. മറ്റു ഭാഷകളെ മാറ്റിനിർത്തിയല്ല മലയാളത്തെ വളർത്തേണ്ടത്. ഭാഷാ ന്യൂനപക്ഷങ്ങളെയും സർക്കാർ ചേർത്തുപിടിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റില്ലാത്ത മലയാളം
ഒരാളോടു സംസാരിക്കുമ്പോൾ,സദസ്സിൽ പ്രസംഗിക്കുമ്പോൾ, കത്തെഴുതുമ്പോൾ, പരീക്ഷയെഴുതുമ്പോൾ,ലേഖനമോ,പുസ്തകമോ എഴുതുമ്പോൾ-അപ്പോഴെല്ലാം ഉള്ളിലിരിക്കുന്ന ആശയം ഭാഷയിലൂടെ പകർന്നു കൊടുക്കുകയാണു നാം ചെയ്യുന്നത്.
ഒരാളുടെ സ്വഭാവത്തെയും സംസ്കാരത്തെയും കുറിച്ച് സ്പഷ്ടമായ ധാരണ നല്കാൻ അയാൾ പറഞ്ഞ രണ്ടോ മൂന്നോ വാക്കുകൾക്കു കഴിഞ്ഞേക്കാം. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടുപേരെ ആജീവനാന്ത സുഹൃത്തുക്കളാക്കി മാറ്റാൻ ഏതാനും വാക്കുകൾ മതിയാകും.നാളിതുവരെ മനുഷ്യൻ നേടിയ സംസ്കാര സമ്പത്തു മുഴുവൻ നമുക്കു പകർന്നുതരുന്നത് ഭാഷയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയും ഭാഷയല്ലാതൊന്നുമല്ല.അവനവൻ്റെ ഭാഷ ആവുന്നത്ര നന്നാക്കിയെടുക്കാൻ ഏവരും ശ്രമിക്കേണ്ടതാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണല്ലോ.
മലയാള ഭാഷയിൽ എന്തു തെറ്റു വരാൻ? കൊച്ചുകുഞ്ഞുങ്ങളും വിദ്യാഭ്യാസമൊന്നുമില്ലാത്തവരും മലയാളം പറയുന്നു;ഉറക്കത്തിൽപ്പോലും പറയുന്നു!അപ്പോൾപ്പിന്നെ ഇത്ര ശ്രദ്ധിക്കാനെന്തിരിക്കുന്നു?
ഇതാണു മിക്കവരുടെയും വിചാരം. ഏതൊരാൾക്കും തെറ്റു വരാമെന്നും തങ്ങൾക്കും തെറ്റു വരുന്നുണ്ടെന്നും ഇവരറിയുന്നില്ല.ഇതുതന്നെയാണ് പലരെ സംബന്ധിച്ചുമുള്ള ഏറ്റവും വലിയ അപകടം.
ഒന്നാമതായി , തെറ്റു തെറ്റാണെന്നറിയണം.രണ്ടാമതായി, ശരി എന്തെന്നറിയണം. മൂന്നാമതായി, ശരിയേ പറയൂ, എഴുതൂ എന്ന നിർബന്ധബുദ്ധിയും വേണം.
ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല. തീർച്ച. – പ്രൊഫ . പന്മന രാമചന്ദ്രൻ നായർ എഴുതി.
മലയാള ഭാഷ ശരിയായി ഉപോയോഗിക്കാൻ എല്ലാ മലയാളിയും ശീലിക്കേണ്ടതുണ്ട്. ഒരാളോടു സംസാരിക്കുമ്പോൾ,സദസ്സിൽ പ്രസംഗിക്കുമ്പോൾ, കത്തെഴുതുമ്പോൾ, പരീക്ഷയെഴുതുമ്പോൾ,ലേഖനമോ,പുസ്തകമോ എഴുതുമ്പോൾ-അപ്പോഴെല്ലാം ഉള്ളിലിരിക്കുന്ന ആശയം ഭാഷയിലൂടെ പകർന്നു കൊടുക്കുകയാണു നാം ചെയ്യുന്നത്. ഒരാളുടെ സ്വഭാവത്തെയും സംസ്കാരത്തെയും കുറിച്ച് സ്പഷ്ടമായ ധാരണ നല്കാൻ അയാൾ പറഞ്ഞ രണ്ടോ മൂന്നോ വാക്കുകൾക്കു കഴിഞ്ഞേക്കാം. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടുപേരെ ആജീവനാന്ത സുഹൃത്തുക്കളാക്കി മാറ്റാൻ ഏതാനും വാക്കുകൾ മതിയാകും.നാളിതുവരെ മനുഷ്യൻ നേടിയ സംസ്കാര സമ്പത്തു മുഴുവൻ നമുക്കു പകർന്നുതരുന്നത് ഭാഷയാണ്.ലോകത്തെമ്പാടുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയും ഭാഷയല്ലാതൊന്നുമല്ല.അവനവൻ്റെ ഭാഷ ആവുന്നത്ര നന്നാക്കിയെടുക്കാൻ ഏവരും ശ്രമിക്കേണ്ടതാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണല്ലോ.
മലയാള ഭാഷയിൽ എന്തു തെറ്റു വരാൻ?കൊച്ചുകുഞ്ഞുങ്ങളും വിദ്യാഭ്യാസമൊന്നുമില്ലാത്തവരും മലയാളം പറയുന്നു; ഉറക്കത്തിൽപ്പോലും പറയുന്നു! അപ്പോൾപ്പിന്നെ ഇത്ര ശ്രദ്ധിക്കാനെന്തിരിക്കുന്നു?ഇതാണു മിക്കവരുടെയും വിചാരം.ഏതൊരാൾക്കും തെറ്റു വരാമെന്നും തങ്ങൾക്കും തെറ്റു വരുന്നുണ്ടെന്നും ഇവരറിയുന്നില്ല.ഇതുതന്നെയാണ് പലരെ സംബന്ധിച്ചുമുള്ള ഏറ്റവും വലിയ അപകടം.ഒന്നാമതായി , തെറ്റു തെറ്റാണെന്നറിയണം.രണ്ടാമതായി, ശരി എന്തെന്നറിയണം. മൂന്നാമതായി, ശരിയേ പറയൂ,എഴുതൂ എന്ന നിർബന്ധബുദ്ധിയും വേണം.ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല. തീർച്ച.
ഭാഷ നന്നാക്കാനുള്ള ശ്രമത്തിന് രണ്ടു പടവുകളുണ്ട്.ഒന്ന്, ശുദ്ധഭാഷ- തെറ്റില്ലാത്ത ഭാഷ. രണ്ട്, നല്ല ഭാഷ- ശക്തിയും സൗന്ദര്യവുമുള്ള ഭാഷ. ഇങ്ങനെ പറഞ്ഞതുകൊണ്ട്,ഒരു തെറ്റുമില്ലാത്ത ഭാഷ സ്വായത്തമായതിനുശേഷമേ ശക്തിയും സൗന്ദര്യവുമുള്ള ഭാഷയ്ക്കുവേണ്ടി ശ്രമിക്കാവൂ എന്നു ധരിച്ചു പോകരുത്.കാരണം,ഒരു തെറ്റും വരാത്ത ഒരവസ്ഥ ആർക്കും ഒരിക്കലും ഉണ്ടാവുകയില്ല എന്നതുതന്നെ.
ഭാഷ പറയുമ്പോഴും എഴുതുമ്പോഴും തെറ്റുകൾ വരാം.പറച്ചിലിൽ തെറ്റു വരുന്നവർക്ക് എഴുത്തിലും അതേ തെറ്റു വരും. പറച്ചിലിൽമാത്രം വരുന്ന തെറ്റുകളുമുണ്ട്- ഉച്ചാരണത്തെറ്റുകൾ. ഇവ ചൂണ്ടികാണിച്ചു കൊടുത്താൽ മിക്കവർക്കും വേഗം തിരുത്താൻ കഴിയും.ചില തെറ്റുകൾ ശീലം കൊണ്ടുറച്ചുപോയിരിക്കും.നന്നായി ശ്രദ്ധിച്ചാൽ അതും മാറ്റാം.ചിലർ അല്പമൊരു ‘ഫാഷനാ ‘ യിട്ടുച്ചരിച്ചു മലയാളത്തെ വികൃതമാക്കാറുണ്ട്.
മലയാള ഭാഷ തെറ്റില്ലാതെ ഉപയോഗിക്കണമെന്നും നമുക്ക് വേണ്ടത് നല്ല മലയാളമാണെന്നും മലയാളിക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടിയാണ് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ജീവിതത്തിൻറെ അധിക ഭാഗവും ചെലവഴിച്ചത്.
1986 സെപ്റ്റംബർ മുതൽ കരിയർ മാഗസിനിൽ അദ്ദേഹമെഴുതിയ ‘തെറ്റില്ലാത്ത മലയാളം’ എന്ന പംക്തി യായിരിക്കണം മലയാള ഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനെക്കുറിച്ചും പറയുന്നതിനെക്കുറിച്ചും മലയാളത്തിൽ ആദ്യമായി ഒരു പ്രസിദ്ധീകരണത്തിലുണ്ടാകുന്ന പരമ്പര.
‘കരിയർ മാഗസിൻ’ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള് പരിഹരിക്കാനായി ചോദ്യോത്തര പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തു.
മലയാള ഭാഷയുടെ ശരിയായ ഉപയോഗ രീതി വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പന്മന എഴുതിയിട്ടുണ്ട്. ഇതുകൂടാതെ അനേകം സാഹിത്യസംബന്ധിയായ കൃതികളും ബാലസാഹിത്യ കൃതികളും പന്മനയുടേതായുണ്ട്. മലയാള ഭാഷയിൽ സാധാരണമായി സംഭവിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് നിരവധി കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകളും എടുത്തിട്ടുണ്ട്.
കരിയർ മാഗസിനോട് എന്നും ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം സൗഹൃദങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.
കരിയർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചോദ്യോത്തരങ്ങളും സമാഹരിച്ചു ‘മലയാളവും മലയാളികളും’ എന്ന പുസ്തകം 1999 ൽ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹം കൊല്ലത്തെത്തി.
” മലയാളവും മലയാളികളും’ എന്ന പുസ്തകത്തിൻറെ പ്രകാശനമാണ്. തിരുവനന്തപുരത്തുവെച്ചു് . ആദ്യപ്രതി രാജൻ സ്വീകരിക്കണം.” അദ്ദേഹം പറഞ്ഞു.
“ഒരുപാട് മഹാരഥന്മാർ ഉള്ള സ്ഥലമല്ലേ സർ, തിരുവനന്ത പുരം. ഞാനെന്തിനാണ്?”
” ഇങ്ങനെ ഒരു പുസ്തകം ഉണ്ടാകാനുള്ള കാരണം കരിയർ മാഗസിനും രാജനുമാണ്. അതുകൊണ്ട് വരണം, ആദ്യ പ്രതി വാങ്ങണം.”
” ഇത് പറയാൻ സാർ ഇത്രയും യാത്ര ചെയ്യേണ്ടതില്ലായിരുന്നു. ഫോണിൽ പറഞ്ഞാൽ ഞാൻ എത്തുമായിരുന്നു.”
“പോരാ. ഇത് നേരിൽ പറയേണ്ടതാണ്.”
അതായിരുന്നു പന്മന സാർ.
വിശുദ്ധ മലയാളത്തിൻറെ പോരാളി, നമുക്ക് പഠിക്കാൻ ഒരുപാടുകാര്യങ്ങൾ ബാക്കി വെച്ചിട്ടാണ് ലോകത്തോട് വിട പറഞ്ഞത് . ഭാഷയിൽ മാത്രമല്ല. ജീവിതത്തിൻറെയും മൂല്യങ്ങൾ! അദ്ദേഹം മലയാളത്തിന് വേണ്ടി പഠിപ്പിച്ച കാര്യങ്ങൾ നമുക്ക് വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാം.
ചിത്രം: ‘മലയാളവും മലയാളികളും’ എന്ന പുസ്തകത്തിൻറെ പ്രകാശനം
(തുടരും )
rajan@careermagazine.in






