തെങ്ങമം ‘അങ്കിൾ’ പറഞ്ഞു: “സൂക്ഷിക്കണം” -രാജൻ പി. തൊടിയൂർ

Share:

മലയാളനാട് വാരികയിലെ ജോലി സുഖകരമായ ഒരു അനുഭവമായിരുന്നു.

കാക്കനാടൻ , തകഴി, ഒ വി വിജയൻ, വൈലോപ്പിള്ളി, കടമ്മനിട്ട രാമകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, മലയാറ്റൂർ, എം. കൃഷ്ണൻ നായർ, എൻ. കൃഷ്ണൻ നായർ, എം മുകുന്ദൻ, പത്മരാജൻ, പി ഭാസ്കരൻ, വൈക്കം ചന്ദ്രശേഖരൻ നായർ, തോപ്പിൽ രാമചന്ദ്രൻ പിള്ള, കെ ജി സേതുനാഥ് , ജഗതി എൻ കെ ആചാരി തുടങ്ങിയ സാഹിത്യനായകന്മാർ… മഹാപ്രതിഭകൾ..

അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, തോപ്പിൽ ഭാസി, ബാലചന്ദ്രമേനോൻ, ഹരികുമാർ, ജോഷി, വി ആ ർ ഗോപിനാഥ്, ഷാജി എ ൻ കരുൺ, കെ ആർ മോഹൻ, ഡോക്ടർ ബാലകൃഷ്ണൻ, അപ്പച്ചൻ, പി സുബ്രഹ്മണ്യം , പി സ്റ്റാൻലി, മമ്മൂട്ടി, മോഹൻലാൽ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ തുടങ്ങിയ ചലച്ചിത്ര പ്രതിഭകൾ…

കെ കരുണാകരൻ, ഒ. രാജഗോപാൽ, എസ് കൃഷ്ണകുമാർ, പന്തളം സുധാകരൻ, രമേശ് ചെന്നിത്തല ജി കാർത്തികേയൻ , തലേക്കുന്നിൽ ബഷീർ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാർ…

സൗഹൃദത്തിൻറെയും സ്നേഹത്തിൻറെയും പുതിയ വഴിത്താരകൾ… കൂടിക്കാഴ്ചകൾ.. സംവാദങ്ങൾ സൗഹൃദങ്ങൾ… പുത്തൻ അറിവുകൾ പുതിയ പരിചയങ്ങൾ…

മലയാള സാഹിത്യത്തിലും രാഷ്ട്രീയ രംഗത്തും സിനിമയിലും മലയാളനാടിന് പ്രത്യേകമായ സ്വാധീനമുണ്ടായിരുന്നു…..മലയാളനാട് വരിക, രാഷ്ട്രീയ വരിക, സിനിമ വരിക , മധുരം…

എല്ലാ അർത്ഥത്തിലും തികഞ്ഞ ഷോമാനായിരുന്നു എസ് കെ നായർ.

മലയാള പ്രസിദ്ധീകരണ രംഗത്തെ ആധുനികതയുടെ മുഖപത്രം ആയിരുന്നു മലയാളനാട് വാരിക.മലയാള സാഹിത്യത്തിലെ നൂതന പ്രവണതയ്ക്ക് തുടക്കം കുറിച്ച പ്രസിദ്ധീകരണം.

എസ് കെ നായർ സാറിൻറെ വിയോഗത്തോടെ മലയാളനാട് നിന്നപ്പോൾ വല്ലാത്ത ശൂന്യത.
ഒരു പ്രസിദ്ധീകരണം ഇല്ലാതെ നിലനിൽപ്പില്ല എന്ന് തോന്നൽ…’രാഷ്ട്രീയ വാരിക’യുടെയും ‘സിനിമ വരിക’യുടെയും പത്രാധിപരായിരുന്നപ്പോൾ ലഭിച്ച സൗഹൃദങ്ങൾ മാഞ്ഞു പോകുന്നത് പോലെ …
ഒറ്റപ്പെട്ടതുപോലെ.. എല്ലാം നഷ്ടപ്പെട്ടത് പോലെ…

എന്ത് ചെയ്യണം?

ഉപദേശങ്ങൾ നൽകാൻ അന്ന് ഒരാളുണ്ട്. മകനെ പോലെ സ്നേഹിച്ച ഒരാൾ. ജനയുഗത്തിൻറെ ചീഫ് എഡിറ്ററായിരുന്ന തെങ്ങമം ബാലകൃഷ്ണൻ സാർ.

പുതിയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
“പ്രസിദ്ധീകരണത്തിന് ഒരുപാട് പണം വേണം”.

“ഞാനൊന്ന് ശ്രമിക്കട്ടെ?”
“എവിടെ? എങ്ങനെ?”

“രവി മുതലാളിയുമായി സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്. നല്ല അടുപ്പമുണ്ട്…”
“പത്രത്തിന് പണം തരുമോ?…ശ്രമിച്ചുനോക്കൂ..”

രവി മുതലാളിയെ വീട്ടിൽ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. “മലയാളനാട് നിന്നു. എന്തെങ്കിലും ചെയ്യണം മധുരം വാരിക എനിക്ക് തരാമെന്ന് പറയുന്നു. അത് നടത്തണമെങ്കിൽ പണം വേണം”.

“എത്ര?”
……

“അതൊരു വലിയ തുകയാണ്”

“ഞാൻ വസ്തു ഈട് തരാം.”

“ആലോചിക്കട്ടെ.”

മുതലാളി ആലോചിച്ചു. പണം തരാൻ തീരുമാനിച്ചു.

രാജശേഖരൻ നായർ വസ്തു കാണാൻ വന്നു. വസ്തു എഴുതിവെച്ചു അടുത്ത ദിവസം അദ്ദേഹം പണം തന്നു.
മധുരം വാരിക പുനർജനിച്ചു.

തെങ്ങമം ‘അങ്കിൾ’ പറഞ്ഞു: “സൂക്ഷിക്കണം വാരികയാണ്”.

( തുടരും )

ചിത്രം: ഹരികുമാർ, തെങ്ങമം ബാലകൃഷ്ണൻ എന്നിവരോടൊപ്പം

rajan@careermagazine.in

Share: