‘പഥേർ പാഞ്ചാലി’ നൽകിയ ധൈര്യം – രാജൻ പി തൊടിയൂർ

Share:

പഥേർ പാഞ്ചാലി ഞങ്ങൾക്ക് ഒരു സിനിമ മാത്രമായിരുന്നില്ല.

പരിമിതികൾക്കിടയിലും ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാം എന്നതിൻറെ തെളിവായിരുന്നു അത്.

അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്വന്തം പരിമിതികളെക്കുറിച്ച് ചിന്തിച്ച് പിന്നോട്ടുപോകാൻ ഞങ്ങൾ തയ്യാറായില്ല.

ഞങ്ങൾ പരസ്പരം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു:

“നമ്മൾ ഒരു ഹ്രസ്വചിത്രമാണ് നിർമ്മിക്കുന്നത്.”

ആ വാക്കുകൾക്ക് അന്ന് ഒരു പ്രത്യേക ശക്തിയുണ്ടായിരുന്നു.

ഒരു മുഴുനീള വാണിജ്യ സിനിമ നിർമ്മിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഞങ്ങളുടെ ചുമലിലില്ല. വലിയ ബജറ്റ് ആവശ്യമില്ല. വലിയ താരനിര ആവശ്യമില്ല. വലിയ സ്റ്റുഡിയോ ആവശ്യമില്ല.

ഒരു ആശയം, ഒരു കഥ, കുറച്ച് സുഹൃത്തുക്കൾ, പരിമിതമായ വിഭവങ്ങൾ—ഇത്രയും മതി.

അതായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

ഒരു ഹ്രസ്വചിത്രം എന്ന ആശയം തന്നെ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യം നൽകി. പരീക്ഷിക്കാം. തെറ്റാം. വീണ്ടും ശ്രമിക്കാം. പുതിയ രീതിയിൽ കഥ പറയാം.

സത്യജിത് റായിയുടെ പഥേർ പാഞ്ചാലി നമ്മെ പഠിപ്പിച്ച മറ്റൊരു വലിയ പാഠവും ഉണ്ടായിരുന്നു:

ഒരു സിനിമയുടെ മഹത്വം അതിൻറെ നിർമ്മാണച്ചെലവിൽ അളക്കാനാവില്ല.

ഒരു ചെറിയ മനുഷ്യകഥയ്ക്കും ലോകത്തെ സ്പർശിക്കാനാകും.

അതുകൊണ്ട് ഞങ്ങളുടെ ക്യാമ്പസ് സിനിമയുടെ വലുപ്പത്തെക്കുറിച്ച് ഞങ്ങൾ അധികം ചിന്തിച്ചില്ല. അതിൻറെ ആശയത്തെക്കുറിച്ചാണ് ചിന്തിച്ചത്.

അന്ന് ഞങ്ങൾക്കറിയില്ലായിരുന്നു ഈ ചെറിയ ശ്രമം , ജീവിതത്തിലെ സിനിമാ യാത്രയുടെ ആദ്യ അധ്യായമായി മാറുമെന്ന്.

പക്ഷേ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പായിരുന്നു.

സിനിമ ചെയ്യണം.

എങ്ങനെയായാലും ചെയ്യണം.

കാരണം സ്വപ്നം കാണാൻ വലിയ ബജറ്റ് ആവശ്യമില്ല.

സ്വപ്നത്തെ പിന്തുടരാനുള്ള ധൈര്യമാണ് വേണ്ടത്.

ഫാത്തിമ മാതാ നാഷണൽ കോളേജിൻറെ ക്യാമ്പസിൽ ആ ധൈര്യത്തിൻറെ ആദ്യ ഫ്രെയിം അന്ന് രൂപപ്പെടുകയായിരുന്നു. കൂട്ടായി പ്രിൻസിപ്പാൾ റെവ. ഡോ. റൊസാരിയോ അച്ഛനും.

സിനിമ നിർമ്മിക്കുന്നത് വലിയ സ്റ്റുഡിയോകളുടെയും പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെയും മാത്രം അവകാശമാണെന്ന ധാരണ അന്നുണ്ടായിരുന്നു. വിദ്യാർത്ഥികൾ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുകയും സിനിമ കാണുകയും ചെയ്യാം; പക്ഷേ ഒരു സിനിമ സൃഷ്ടിക്കുക എന്നത് മറ്റൊരു ലോകത്തിൻറെ കാര്യമായിരുന്നു.

ആ ധാരണയെയാണ് ഞങ്ങൾ ചോദ്യം ചെയ്തത്.

ഞങ്ങൾ തുടങ്ങിവെച്ചത് മാദ്ധ്യമ രംഗത്തെ പുതിയൊരു ‘ട്രെൻഡ്;ആയിരുന്നു.
അതുകൊണ്ടാണ് അര നൂറ്റാണ്ടിന് ശേഷവും പ്രമുഖ മാദ്ധ്യമങ്ങൾ അതോർത്തത് .

(തുടരും)

rajan@careermagazine.in

Share: