ഫ്ലിപ്പ്ഡ് ലേർണിംഗ്: പഠനരീതിയിലെ നവവിപ്ലവം

വിദ്യാഭ്യാസരംഗം ഇന്ന് അതിവേഗ മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിവരസാങ്കേതികവിദ്യയുടെ വളർച്ചയും പഠനരീതികളിലെ പുതുമകളും അധ്യാപനത്തെ കൂടുതൽ വിദ്യാർത്ഥികേന്ദ്രീകൃതമാക്കുകയാണ്. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു പഠനരീതിയാണ് ‘ഫ്ലിപ്പ്ഡ് ലേർണിംഗ്’ (Flipped Learning).
പരമ്പരാഗത ക്ലാസ് മുറികളിൽ അധ്യാപകൻ ക്ലാസിൽ പാഠഭാഗങ്ങൾ വിശദീകരിക്കുകയും വിദ്യാർത്ഥികൾ വീട്ടിൽ പോയി ഗൃഹപാഠങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഫ്ലിപ്പ്ഡ് ലേർണിംഗിൽ ഈ ക്രമം മറിച്ചാണ് നടക്കുന്നത്. അധ്യാപകൻ തയ്യാറാക്കുന്ന വീഡിയോ പാഠങ്ങൾ, ഡിജിറ്റൽ പഠനസാമഗ്രികൾ, അവതരണങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾ വീട്ടിൽവെച്ച് മുൻകൂട്ടി പഠിക്കുന്നു. തുടർന്ന് ക്ലാസ് മുറിയിൽ എത്തുമ്പോൾ അവർ സംശയനിവാരണം, ചർച്ച, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, പ്രശ്നപരിഹാരം, പ്രായോഗിക പരിശീലനം എന്നിവയിൽ ഏർപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ “ഫ്ലിപ്പ്ഡ് ലേർണിംഗ്” അഥവാ “മറിച്ച പഠനം” എന്ന് വിളിക്കുന്നത്.
ഈ പഠനരീതിയുടെ ഏറ്റവും വലിയ നേട്ടം വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തമാണ്. പരമ്പരാഗത ക്ലാസുകളിൽ അധ്യാപകൻ സംസാരിക്കുകയും വിദ്യാർത്ഥികൾ കേൾക്കുകയും ചെയ്യുന്ന ഏകദിശാ ആശയവിനിമയമാണ് കൂടുതലായും നടക്കുന്നത്. എന്നാൽ ഫ്ലിപ്പ്ഡ് ലേർണിംഗിൽ വിദ്യാർത്ഥികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. അവർ സ്വയം പഠിക്കുകയും ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിമർശനാത്മക ചിന്താശേഷിയും പ്രശ്നപരിഹാര കഴിവും വർധിക്കുന്നു.
അധ്യാപകർക്കും ഈ രീതി ഏറെ പ്രയോജനകരമാണ്. ക്ലാസ്സിലെ സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഓരോ വിദ്യാർത്ഥിയുടെയും പഠനനില മനസ്സിലാക്കി വ്യക്തിഗത പിന്തുണ നൽകാൻ സാധിക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ പ്രത്യേകം സഹായിക്കാനും കഴിയും.
ഫ്ലിപ്പ്ഡ് ലേർണിംഗിന്റെ മറ്റൊരു പ്രത്യേകത പഠനസ്വാതന്ത്ര്യമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യപ്രകാരം വീഡിയോ പാഠങ്ങൾ ഒന്നിലധികം തവണ കാണാം. അതിവേഗം പഠിക്കുന്നവർക്കും കൂടുതൽ സമയം ആവശ്യമായവർക്കും ഒരുപോലെ ഇത് ഗുണകരമാണ്. പഠനത്തിൻറെ വേഗത ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനാകും.
കോവിഡ് മഹാമാരിക്കുശേഷം ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ വ്യാപനം ഫ്ലിപ്പ്ഡ് ലേർണിംഗിന് കൂടുതൽ പ്രചാരം നൽകി. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ഇൻറർനെറ്റ് സേവനങ്ങൾ എന്നിവയുടെ ലഭ്യത ഈ രീതിയെ കൂടുതൽ പ്രായോഗികമാക്കി. കേരളത്തിലെ സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പഠനരീതി ക്രമേണ വ്യാപകമാകുന്നുണ്ട്.
എന്നിരുന്നാലും ചില വെല്ലുവിളികളും നിലനിൽക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റ് സൗകര്യവും ഒരുപോലെ ലഭ്യമല്ല. കൂടാതെ അധ്യാപകർക്ക് ഗുണമേന്മയുള്ള ഡിജിറ്റൽ പഠനസാമഗ്രികൾ തയ്യാറാക്കാൻ പരിശീലനവും സമയവും ആവശ്യമാണ്. വിദ്യാർത്ഥികളുടെ സ്വയംപഠന ശീലവും ഈ രീതിയുടെ വിജയത്തിന് അനിവാര്യമാണ്.
ഭാവിയിലെ വിദ്യാഭ്യാസം കൂടുതൽ വ്യക്തിഗതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായിരിക്കും. ആ മാറ്റത്തിൻറെ പ്രധാന ഘടകങ്ങളിലൊന്നാണ് ഫ്ലിപ്പ്ഡ് ലേർണിംഗ്. അറിവ് പകർന്ന് നൽകുന്നതിൽ നിന്ന് അറിവ് കണ്ടെത്താനും പ്രയോഗിക്കാനുമുള്ള കഴിവ് വളർത്തുക എന്ന വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ ഈ പഠനരീതി സഹായകമാണ്.
അതുകൊണ്ട് തന്നെ ‘ഫ്ലിപ്പ്ഡ് ലേർണിംഗ്’ ഒരു പുതിയ അധ്യാപനരീതി മാത്രമല്ല, വിദ്യാർത്ഥികളെ സ്വയംപഠനത്തിനും സൃഷ്ടിപരമായ ചിന്തയ്ക്കും ജീവിതകാല പഠനത്തിനും പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസ ദർശനമാണ്.
-രാജൻ പി തൊടിയൂർ






