ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് : മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം
ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് : മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം
– നെടുവത്തൂർ സുന്ദരേശൻ , ചെയർമാൻ, കാഡ്‌കോ
കേരളത്തിലെ മുഴുവൻ പരമ്പരാഗത ആർട്ടിസാനുകളുടെയും ജീവിത പുരോഗതി, ലക്ഷ്യമാക്കി ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കാൻ കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ( കാഡ്‌കോ ) നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ആർട്ടിസാൻ സമൂഹവും സഹകരിക്കണമെന്ന് കാഡ്‌കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ. പരമ്പരാഗത ആർട്ടിസാനുകളെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും വിമുക്തമാക്കുന്നതിനു വേണ്ടി 1981 ൽ സംസ്ഥാന സർക്കാർ പൊതുമേഖലയിൽ ആരംഭിച്ച ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആർട്ടിസാൻ സമൂഹത്തിൻറെ കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതു കൊണ്ടാണ് ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കാൻ ‘കാഡ്‌കോ ‘ മുൻകൈ എടുക്കുന്നതെന്നു കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു .
ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്കിന്റെ രൂപീകരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ഗവ . റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോർപ്പറേഷൻ , മുനിസിപ്പൽ , ഗ്രാമപഞ്ചായത്തു വാർഡുകളിൽ അധിവസിക്കുന്ന മരപ്പണി, സ്വർണ്ണപ്പണി , കൽപ്പണി , ചെമ്പ് പാത്രനിർമ്മാണം , ഓട്ടു പാത്രനിർമ്മാണം, മൺപാത്രവേല , ചെരിപ്പ് നിർമ്മാണം, തയ്യൽ, തച്ചുശാസ്ത്രം , ക്ഷേത്ര രൂപ കൽപ്പന, ശിൽപ്പ നിർമ്മാണം, കല്ലിൽ കൊത്തുപണി, കരകൗശലം, ടൈൽ വർക്, ഇന്റീരിയർ ഡെക്കറേഷൻ, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ , പെയിന്റിംഗ് തുടങ്ങി 174 ഇനത്തിൽ പെടുന്ന മറ്റു ജോലികളും അനുബന്ധ ജോലികളും ചെയ്യുന്ന മുഴുവൻ പരമ്പരാഗത തൊഴിലാളികളെയും ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു . പരമ്പരാഗത ആർട്ടിസാൻ സമൂഹത്തിൻറെ തൊഴിലുകളിൽ കാലാനുസൃതമായി നിലവാരമുയർത്തി സാമൂഹ്യ വളർച്ചയിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരാനും അവർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുക എന്ന കാഡ്‌കോ യുടെ ലക്‌ഷ്യം സാക്ഷാൽക്കരിക്കാനും ലേബർ ഡേറ്റ ബാങ്ക് ഉപയുക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ 2717 അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ആർട്ടിസാനുകളും രജിസ്റ്റർ ചെയ്യുന്നതിലൂടെ കാഡ്‌കോ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം അവരിൽ എത്തുമെന്നും പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന തൊഴിലില്ലായ്മക്കും അവഗണനക്കും ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.. ഇതിനായി കേരളത്തിലെ മുഴുവൻ സാമുദായിക സംഘടനകളും സഹകരിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തു ലക്ഷത്തോളം ആർട്ടിസാൻമാരുടെ രെജിസ്ട്രേഷൻ ആണ് പ്രാരംഭ ഘട്ടത്തിൽ കാഡ്‌കോ പ്രതീക്ഷിക്കുന്നത്.
കാഡ്‌കോ മാനേജിങ് ഡയറക്ടർ കെ ജി അജിത് കുമാർ സ്വാഗതം ആശംസിച്ചു. , ഡയറക്ടർമാരായ എ രാജൻ, വി ബി മോഹൻ, വി എസ് ഗോപാലകൃഷ്ണൻ , കെ ശിവശങ്കരൻ , പി കെ മുഹമ്മദ് , പ്രോജെക്ട് മാനേജർ എസ് . ആദർശ് , ലേബർ ഡേറ്റ ബാങ്ക് കോ-ഓർഡിനേറ്റർ രാജൻ പി തൊടിയൂർ, രാജു ടോംലാൽ, പി ജയ്‌കിഷോർ, ബൈജു എന്നിവർ സംസാരിച്ചു. കാഡ്‌കോ ഡയറക്ടർ ആർ കെ ശശിധരൻപിള്ള നന്ദി പറഞ്ഞു.