2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സെപ്റ്റംബര്‍ 10ന് വിതരണം ചെയ്യും

392
0
Share:

2016 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണവും മലയാള ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന് നല്‍കുന്ന ജെ.സി ഡാനിയല്‍ പുരസ്‌കാര സമര്‍പ്പണവും സെപ്റ്റംബര്‍ 10 ന് വൈകുന്നേരം 6 മണിക്ക് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യൂ ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തോമസ് ചാണ്ടി, കെ.കെ. ശൈലജ ടീച്ചര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്നിഹിതരാകും.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മധു, ഷീല, മഞ്ജു വാര്യര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മലയാള സിനിമയുടെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 13 ചലച്ചിത്ര പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. കെ.പി. കുമാരന്‍, രാഘവന്‍, ഐ.വി. ശശി, പൂവച്ചല്‍ ഖാദര്‍, ശ്രീനിവാസന്‍, ടി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍, ശ്രീധരന്‍ ചമ്പാട്, നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി, കവിയൂര്‍ പൊന്നമ്മ, ബി. വസന്ത, സീമ എന്നിവരെയാണ് ആദരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 45 ഓളം അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. വിവാദങ്ങളില്ലാതെ പ്രമേയപരമായും സാങ്കേതികമായും മലയാള സിനിമയെ അഴിച്ചുപണിയാന്‍ കെല്‍പ്പുള്ള ചലച്ചിത്ര പ്രതിഭകള്‍ക്കാണ് ഇത്തവണത്തെ അംഗീകാരങ്ങള്‍.
നല്ല സിനിമയ്ക്ക് താരമല്ല നടനാണ് പ്രധാനം എന്നതിന് ഉദാഹരണങ്ങളാണ് മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിനായകനും മികച്ച സ്വഭാവ നടന്‍ മണികണ്ഠന്‍ ആചാരിയും, മികച്ച നടി രജിഷ വിജയനും സ്വഭാവ നടി പി.കെ. കാഞ്ചനയും.
മികച്ച ചിത്രമായ മാന്‍ഹോളിന്റെ സംവിധായകയായ വിധു വിന്‍സെന്റ് ആണ് മികച്ച സംവിധായക. അവാര്‍ഡ് വിതരണത്തിന് ശേഷം പ്രമുഖ ചലച്ചിത്ര താരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തത്തോടെ കലാപരിപാടികള്‍ ആരംഭിക്കും. ലക്ഷ്മി ഗോപാല സ്വാമി, വിനീത്, വിനീത്കുമാര്‍, റോമ, റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടും.
2016 ലെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ എം ജയചന്ദ്രന്‍ നയിക്കുന്ന സംഗീത വിരുന്നില്‍ സുദീപ്കുമാര്‍, ഗായത്രി, അന്‍വര്‍ സാദത്ത്, സിതാര കൃഷ്ണകുമാര്‍, രമേഷ് നാരായണന്‍, മധുവന്തി, സൂരജ്‌സന്തോഷ്, രാജലക്ഷ്മി, ശ്രേയ, വി.ടി. മുരളി, ജിതേഷ് സുന്ദരം എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
രമേഷ് പിഷാരടി, കോട്ടയം നസീര്‍, സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും ഉണ്ടായിരിക്കും.
ജനകീയ ഉത്സവമായി തലശ്ശേരിയില്‍ നടത്തുന്ന അവാര്‍ഡ്ദാനത്തോടനുബന്ധിച്ച് ചടങ്ങിന്റെ സന്ദേശവുമായി ലളിതകലാ അക്കാദമി തലശ്ശേരി കടല്‍പ്പാലത്തില്‍ മലയാള സിനിമയിലെ അനശ്വര കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തിയുള്ള ചിത്രകാര സംഗമം സംഘടിപ്പിച്ചിരുന്നു.
മലയാളത്തിലെ ക്രിക്കറ്റ് സിനിമകളുടെ പ്രദര്‍ശനം, കേക്കുമേള, സിനിമയിലെ കളരിദൃശ്യങ്ങളുടെ പ്രദര്‍ശനം, കെ. രാഘവന്‍ അനുസ്മരണം, ഫോട്ടോ പ്രദര്‍ശനം, സംഗീതോപകരണ പ്രദര്‍ശനം, നാടകം തുടങ്ങിയ അനുബന്ധ പരിപാടികള്‍ എരഞ്ഞോളി മൂസയുടെ ഇസല്‍ രാവും ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ നയിക്കുന്ന ഫോക്ക് ഫ്യൂഷനും ഉണ്ടായിരുന്നു.
മൂന്ന് ദിവസം പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകള്‍ ഒരുക്കുന്ന പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. തലശ്ശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍ ചെയര്‍മാനും ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്‌ളി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് അവാര്‍ഡ്ദാന ചടങ്ങിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് ബി. പഞ്ചു, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share: