18 ലക്ഷം പേർക്ക് നീതി ലഭിക്കുമോ? പി എസ് സി മറുപടി പറയണം 

Share:
-രാജൻ പി തൊടിയൂർ 
രാൾക്കുപോലും നീതി നിഷേധിക്കപെടാൻ പാടില്ല എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, തുല്യനീതി -എല്ലാമനുഷ്യർക്കും എന്ന് പറയുമ്പോൾ , കുറച്ചുപേർക്കെങ്കിലും അത് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചാൽ അതേക്കുറിച്ചന്വേഷിക്കാനും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാനും എല്ലാ പൊതു സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. വിശേഷിച്ചു അനേകായിരങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കുന്ന കാര്യമാകുമ്പോൾ. അടുത്ത് നടക്കാൻ പോകുന്ന എൽ ഡി ക്ലർക് പരീക്ഷ ഒ എം ആർ രീതിയിൽ നടത്തുമ്പോൾ സ്വാഭാവികമായി സ്‌കാനിംഗ്‌ സമ്പ്രദായത്തിൽ വരുന്ന പിഴവ് 1.5 % മുതൽ 4 .2 %വരെയാണെന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മേഘാലയയിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷയിൽ 45 % ( http://meghalayatimes.info/index.php/front-page/21137-45-candidates-rejected-due-to-mistakes-in-filing-omr-sheets ) കുട്ടികളാണ്   ഒ എം ആർ പരീക്ഷ യി ൽ പുറന്തള്ളപ്പെട്ടത്.  ഒ എം ആർ പരീക്ഷക്ക് പകരം കൂടുതൽ സുതാര്യവും കുറ്റമറ്റതുമായ ഓൺലൈൻ പരീക്ഷ നടത്തുവാൻ പി എസ് സി യോട്‌ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ , ഓൺലൈൻ പരീക്ഷ നടത്താൻ അസാദ്ധ്യമാണെന്നു പി എസ് സി ഹൈക്കോടതിയോട് പറഞ്ഞപ്പോൾ ( മലയാള മനോരമ -21 / 4 / 2017 http://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html ) പി എസ് സിയിലെ വിദഗ്ദ്ധർ അതേക്കുറിച്ചു പഠിക്കണമെന്നാണ് കോടതി നിദ്ദേശിച്ചത് .
ഉദ്യോഗാർത്ഥികളുടേതല്ലാത്ത കുറ്റം കൊണ്ട് അവർക്ക് മാർക്ക് ലഭിക്കാതെ വന്നാൽ , അവർ പിന്തള്ളപ്പെടുകയാണെങ്കിൽ , പി എസ് സി എന്ത് സമാധാനമാണ് ( compensation ) ഉദ്യോഗാർഥികൾക്ക് നൽകുന്നത്?
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഓൺലൈൻ പരീക്ഷ നടത്തുകയും അതിൻറെ പേരിൽ പണം ചെലവഴിക്കുകയും ചെയ്ത പി എസ് സി എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളോട് ഒ എം ആർ പരീക്ഷ എഴുതാൻ പറയുന്നത് ?
ഒ എം ആർ പരീക്ഷയിലെ യാന്ത്രിക പിഴവിനെക്കുറിച്ചു ( mechanical error percentage ) പി എസ് സി യിലെ വിദഗ്ദ്ധർ  അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതെത്രയാണ്? ഇതിൽപ്പെട്ട് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം പി എസ് സി ചെയ്തു കൊടുക്കുമോ? വിശേഷിച്ചു എസ് എസ്‌ എൽ സി ക്കാർക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് പി എസ് സി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ?
തിനെട്ട് ലക്ഷം കുട്ടികൾ അപേക്ഷിച്ചിട്ടുള്ള പി എസ് സി എൽ ഡി ക്ളർക് പരീക്ഷ നീതിയുക്തവും സത്യസന്ധവും സുതാര്യവുമായിരിക്കുമെന്ന് ഉദ്യോഗാർഥികളെ ബോധ്യ പ്പെടുത്തേണ്ട ചുമതല കേരള പബ്ലിക് സർവീസ് കമ്മീഷനുണ്ട്. പ്രത്യേകിച്ച് , പി എസ് സി പരീക്ഷയുടെ നടത്തിപ്പിനെക്കുറിച്ചും നിയമനത്തെ സംബന്ധിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ.
തോറ്റയാളെ ജയിപ്പിക്കാൻ ജയിൽ ഐ ജി പി എസ സി ക്ക് കത്തെഴുതി എന്നുള്ളതാണ് ഉദ്യോഗാർഥികളെ അമ്പരപ്പിച്ച പുതിയ വാർത്ത. ജയിൽ വാർഡൻ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയിൽ തോറ്റയാളെ ജയിപ്പിക്കാൻ എം എൽ എ നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ ആദ്യത്തെ അഞ്ചിനങ്ങളിൽ നാലിലും പരാജയപ്പെട്ട ഉദ്യോഗാർഥിക്കുവേണ്ടിയാണ്  ജയിൽ ഐ ജി  ശുപാർശ ക്കത്തു നൽകിയിരിക്കുന്നത്. ജയിൽ ഐ ജി യുടെ നടപടിയെക്കുറിച്ച്‌ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.
പി എസ സി പരീക്ഷക്ക് ചോദ്യങ്ങൾ തയ്യാറാക്കിയ ആൾ തന്നെ ചോദ്യം ചോർത്തിക്കൊടുക്കുകയും ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുകയും ചെയ്ത സംഭവം പുറത്തുവന്നിട്ടു അധികനാളാകുന്നില്ല. ചോദ്യം തയ്യാറാക്കിയവരിൽ ഒരാൾ ഒരാൾ ആൾമാറാട്ടം നടത്തി മറ്റൊരാളുടെ രജിസ്റ്റർ നമ്പരിൽ പരീക്ഷ എഴുതിയതു കഴിഞ്ഞ  ഡിസംബറിൽ നടന്ന ലൈബ്രറേറിയൻ ഗ്രേഡ് 4 പരീക്ഷക്കാണ്. നിശ്ചിത യോഗ്യതയില്ലാത്ത ആളെ ചോദ്യകർത്താവായി പി എസ സി നിയമിച്ചതും ഇതോടെ പുറത്തായി. ഒ എം ആർ ഷീറ്റിൽ പരീക്ഷാ ഫലം രേഖപ്പെടുത്തുമ്പോൾ അതിൽ എഴുതുന്ന രജിസ്റ്റർ നമ്പർ ആരുടേതാണ് എന്നുള്ളത് ഉറപ്പുവരുത്താനും പി എസ സി ക്ക് കഴിഞ്ഞില്ല എന്നുള്ളതും’ ഇതോടെ പുറത്തുവന്നു.
സ്വാധീനവും പണവും ഉള്ളവർക്ക് പി എസ് സി പരീക്ഷയിൽ എന്ത് തിരിമറിയും നടത്താൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാധാരണക്കാരനായ ഉദ്യോഗാർഥി ചിന്തിച്ചാൽ അവരെ കുറ്റംപറയാനാവില്ല. സർക്കാർ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയതിൻറെ പേരിൽ ഒരു മന്ത്രി രാജി വെച്ചകഥയും മലയാളി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. സ്വന്തക്കാരയും ബന്ധുക്കളെയും നിയമ വിരുദ്ധമായി സർക്കാർ ശമ്പളത്തിൽ നിയമിക്കുന്നതിന് മന്ത്രിമാരും അനുയായികളും മത്സരിക്കുന്ന ഒരു സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്നും നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തിലാണ് 18 ലക്ഷം ഉദ്യോഗാർഥികൾക്ക് വേണ്ടി പരീക്ഷ നടത്താൻ പി എസ സി തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷ നീതിയുക്തവും സുതാര്യവും പക്ഷപാത രഹിതവും  ആയിരിക്കുമെന്ന് ഉറപ്പുനൽകാൻ പി എസ സി ക്ക് കഴിയുമോ?
കേരളത്തിൽ ഏറ്റവും അധികം കുട്ടികൾ എഴുതുന്ന പരീക്ഷ എസ്  എസ് എൽ സി യുടേതാണ്. അഞ്ച് ലക്ഷത്തിലേറെ കുട്ടികളാണ് കഴിഞ്ഞ പരീക്ഷ എഴുതിയത് . അതിൻറെ മൂന്നിരട്ടിയിലേറെയാണ് പി എസ സി എൽ ഡി ക്ളർക് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്. 17 , 94 , 091 അപേക്ഷകർ. അതിനുള്ള പരീക്ഷാതീയതിയും നിശ്ചയിച്ചു കഴിഞ്ഞു. ഉദ്യോഗ നിയമനകാര്യങ്ങളിൽ കെടുകാര്യസ്ഥതയും സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമായിരിക്കുന്ന കേരളത്തിൽ ഇത്തരമൊരു പരീക്ഷ എത്രമാത്രം കാര്യക്ഷമമായി പി എസ സിക്ക് നടത്താൻ കഴിയും എന്നകാര്യത്തിൽ ഉദ്യോഗാർഥികൾ ആശങ്കാകുലരാണ്. ഓ എം ആർ രീതിയിൽ നടത്താൻ നിശ്ചയിച്ചി രിക്കുന്ന ഈ പരീക്ഷ എത്രമാത്രം സത്യസന്ധമായിരിക്കും? ഇതിൻറെ മാർക്കിടീൽ നീതിപൂർവ്വമായിരിക്കുമോ  തുടങ്ങിയ ചോദ്യങ്ങൾ ഉദ്യോഗാർഥികളെ അലട്ടുന്നു.
പി എസ സി പരീക്ഷയുടെ ചോദ്യക്കടലാസ് അത് തയ്യാറാക്കുന്നവർതന്നെ ചോർത്തിക്കൊടുക്കുന്നു. ആൾമാറാട്ടത്തിലൂടെ  ഓ എം ആർ പരീക്ഷ എഴുതുന്നു. വർഷങ്ങളുടെ അദ്ധ്യാപന പരിചയമുള്ളവരെയും സത്യസന്ധമായി ചോദ്യങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവരെയും ആണ് ഇത്തരം ജോലികൾ ഏൽപ്പിക്കുന്നതെന്ന പി എസ സിയുടെ അവകാശവാദം സത്യമല്ലെന്ന് ലൈബ്രേറിയൻ പരീക്ഷയോടെ തെളിഞ്ഞു കഴിഞ്ഞു. സത്യസന്ധതയില്ലാത്തവരും തൊഴിൽ സദാചാരം കാത്തുസൂക്ഷിക്കാത്തവരും പരീക്ഷാപേപ്പറിൽ തിരിമാറിനടത്തുന്നതും മാർക്കിടുന്നതും ഉത്തരക്കടലാസ് മാറ്റി എഴുതിപ്പിച്ചു വിജയിപ്പിച്ചെടുത്തിട്ടുള്ളതും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടുള്ളതാണ്. സ്വന്തം കൈപ്പടയിൽ ഉദ്യോഗാർത്ഥി എഴുതിയ പരീക്ഷാ പേപ്പറിൽ തിരിമറി നടത്തിയ ചരിത്രമുള്ള നാട്ടിൽ ഓ എം ആർ ഷീറ്റിൽ വൃത്തം കറുപ്പിച്ചു പരീക്ഷ നടത്തി മാർക്ക് നൽകാൻ പി എസ സി തീരുമാനിച്ചത് ഉദ്യോഗാർത്ഥികളെ ആശങ്കാകുലരാക്കുന്നു. 18 ലക്ഷം പരീക്ഷാർഥികൾ ഓ എം ആർ ഷീറ്റിൽ വൃത്തം കറുപ്പിച്ചു ഉത്തരം നൽകുന്ന പരീക്ഷയിൽ സ്കാനറിനുണ്ടാകുന്ന സ്വാഭാവിക പിശക് എത്രമാത്രമായിരിക്കും എന്ന കാര്യത്തിലാണ് ഉദ്യോഗാർഥികളുടെ ഉറക്കം കെടുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഡിജിറ്റൽ പരീക്ഷയുടെ പ്രസക്‌തി ഏറുന്നത് .
18 ലക്ഷം പേരുടെ രജിസ്‌ട്രേഷൻ ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്താൻ കഴിയുമെങ്കിൽ, അവരുടെ ഹാൾ ടിക്കറ്റ് ഡിജിറ്റൽ സംവിധാനത്തിലൂടെ വിതരണം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഡിജിറ്റൽ പരീക്ഷ നടത്തിക്കൂടാ? ഓൺലൈൻ പരീക്ഷ എന്നപേരിൽ പി എസ സി എത്രമാത്രം പണം ചെലവഴിച്ചു? ഇപ്പോൾ ഒരു ഉദ്യോഗാർഥിക്ക്‌ 300 രൂപ വെച്ച് ചെലവാകുമെന്നു പറയുമ്പോൾ 54 കോടി രൂപയാണ് കടലാസിനും അച്ചടിക്കും പരീക്ഷാ നടത്തിപ്പിനും വേണ്ടി പി എസ സി ചെലവാക്കുന്നത്. 18 ലക്ഷം കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ കാര്യക്ഷമമാക്കുന്നതിനും സത്യസന്ധമാക്കുന്നതിനും ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിനും ഇത്രയും പണം ആവശ്യമായി വരില്ല എന്നതാണ് യാഥാർഥ്യം. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥിക്ക്‌ ഡിജിറ്റൽ പരീക്ഷ പൂർത്തിയാകുമ്പോൾത്തന്നെ മാർക് അറിയാൻ കഴിയും എന്നതാണ് ഇതിലെ സുതാര്യത.
പി എസ സി ചില പരീക്ഷകൾക്ക് നിലവിലുള്ള ഓൺലൈൻ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെങ്കിലും 18 ലക്ഷം പേർ എഴുതുന്ന പരീക്ഷയിൽ എന്തുകൊണ്ടാണത് നടപ്പാക്കാത്തത് ?
പതിനെട്ടു ലക്ഷം കുട്ടികളോട് നീതി പുലർത്തണമെങ്കിൽ, സത്യസന്ധമായി അവർക്ക് മാർക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ, ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കണം. പരമാവധി , പതിനായിരം പേർക്ക് ജോലിനൽകാൻ കഴിയുന്ന ഈ പരീക്ഷ സുതാര്യമായിരിക്കണം. അതിന് ഡിജിറ്റൽ സംവിധാനത്തിലൂടെ പരീക്ഷ നടത്തുകയും മാർക്കിടുകയും തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അല്ലാത്തപക്ഷം 18 ലക്ഷം പേർ  പങ്കെടുക്കുന്ന പരീക്ഷ ഒരു പ്രഹസനമായി മാറും.
ഡീമോണിടൈസേഷനിലൂടെനിലൂടെ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നേട്ടം , കുറഞ്ഞ നാൾ കൊണ്ട് ജനങ്ങൾ ‘ഡിജിറ്റൽ ‘ യുഗത്തെക്കുറിച്ചു ബോധവാന്മാരായി എന്നുള്ളതാണ്. സാക്ഷരതാ പ്രസ്ഥാനം സജീവമാകുവാൻ വർഷങ്ങൾ വേണ്ടിവന്നെങ്കിൽ, ഇ -സാക്ഷരതയിലേക്ക് ജനങ്ങളെ എത്തിക്കുവാൻ , അതിൻറെ കാലിക പ്രസക്തി മനസ്സിലാക്കി കൊടുക്കാൻ,  ഉൾക്കൊള്ളു വാൻ ഏതാനും മാസങ്ങൾ മാത്രമേ എടുത്തുള്ളു.
ആധുനിക സൗകര്യങ്ങൾ നമ്മുടെ കുട്ടികളിൽ എത്തിച്ചുകൊടുക്കാനും സർക്കാരിന് ബാധ്യതയുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് അവരെ കൈപിടിച്ചുയർത്തണം . ഉദ്യോഗാർഥികളെ പരിഹസിക്കാൻ വേണ്ടിയാകരുത് പരീക്ഷ. നിയമനങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും സ്വജനപക്ഷപാതം നടത്താതിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ മാത്രമേ സാധാരണക്കാരന് നീതി ലഭിക്കൂ. ഡിജിറ്റൽ സംവിധാനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന വർക്ക്‌ പുതിയ തലമുറയെ സംരക്ഷിക്കാനാവില്ല.
http://timesofindia.indiatimes.com/city/kochi/hc-rejects-pil-demanding-online-psc-test/articleshow/58287299.cms
Share: