സ്വകാര്യ കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കണം – സുപ്രീം കോടതി

Share:

സ്വകാര്യ കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കരുതെന്നും സ്കൂള്‍ മാര്‍ക്കിന് നാല്‍പത് ശതമാനം വെയിറ്റേജ് നല്‍കി നയം രൂപവത്കരിക്കുന്നകാര്യം പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയലും യു.യു. ലളിതും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കൂണ് പോലെ മുളച്ചുപൊന്തുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. കോച്ചിങ് കേന്ദ്രങ്ങളെ പൂര്‍ണമായി നിരോധിക്കണം എന്ന ആവശ്യം പ്രായോഗികമല്ളെന്ന് സുപ്രീംകോടതി പറഞ്ഞു.

ഇവയുടെ പ്രവര്‍ത്തനം കര്‍ശന നിരീക്ഷണത്തിലാക്കുന്നതിനടക്കമാണ് നടപടി വേണ്ടത്. കോച്ചിങ്ങിന് പോകുന്നവര്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ അസമത്വത്തിന് കാരണമാകുന്നു എന്നായിരുന്നു ഹരജി നല്‍കിയ എസ്.എഫ്.ഐയുടെ വാദം. സെന്‍ററുകളെ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കൂടി അഭിപ്രായപ്പെട്ടതോടെയാണ് നയപരമായ വിഷയത്തില്‍ കേന്ദ്രം ഉചിതമായ തീരുമാനം എടുക്കണമെന്ന നിര്‍ദേശത്തോടെ കോടതി ഹരജി തീര്‍പ്പാക്കിയത്.

Share: