സിവില്‍ സര്‍വിസ് പരീക്ഷ : അപേക്ഷ ക്ഷണിച്ചു

501
0
Share:

യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഐ.എ.എസ്, ഐ.പി.എസ് തുടങ്ങി കേന്ദ്ര സര്‍വിസുകളിലെ 1079 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസിലെ 110 ഒഴിവുകളിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നാണ് ഫോറസ്റ്റ് സര്‍വിസിലെ മെയിന്‍ ലിസ്റ്റിലേക്കുള്ളവരെ തെരഞ്ഞെടുക്കുക.
ആഗസ്റ്റ് ഏഴിന് നടക്കുന്ന പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണുള്ളത്. അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ അംഗീകൃത പ്രഫഷനല്‍, ടെക്നിക്കല്‍ ബിരുദമുള്ളവര്‍ക്കും അവസരമുണ്ട്. ഒരാള്‍ക്ക് ആറ് അവസരമാണ് ലഭിക്കുക. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഈ നിബന്ധനയില്ല. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ജനറല്‍ സ്റ്റഡീസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിങ്ങനെ 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക് ഉണ്ടാവുക. ഒബ്ജക്റ്റിവ് ടൈപ് ചോദ്യങ്ങളായിരിക്കും. മേയ് 20 വരെയാണ് അപേക്ഷിക്കേണ്ടത്.
സിലബസ്:മെയിന്‍ പരീക്ഷക്ക് ഏഴ് പേപ്പറുകളാണുണ്ടാവുക.
പേപ്പര്‍ ഒന്ന്- ഉപന്യാസം, പേപ്പര്‍ രണ്ട്- ജനറല്‍ സ്റ്റഡീസ് -ഒന്ന് ( ഇന്ത്യന്‍ പൈതൃകവും സംസ്കാരവും, ലോക ചരിത്രവും ഭൂമിശാസ്ത്രവും), പേപ്പര്‍ 3- ജനറല്‍ സ്റ്റഡീസ് 2 (ടെക്നോളജി, സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്), പേപ്പര്‍ -4 -ജനറല്‍ സ്റ്റഡീസ് 3 (ടെക്നോളജി, ഇക്കണോമിക് ഡെവലപ്മെന്‍റ്, ബയോ ഡൈവേഴ്സിറ്റി, എന്‍വയണ്‍മെന്‍റ്, സെക്യൂരിറ്റി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്), പേപ്പര്‍ 5- ജനറല്‍ സ്റ്റഡീസ് (എത്തിക്സ്, ഇന്‍റഗ്രിറ്റി ആന്‍ഡ് ആപ്റ്റിറ്റ്യൂഡ്), പേപ്പര്‍ ആറും ഏഴും ഓപ്ഷനല്‍ സബ്ജക്ടുകളാണ്. പ്രായപരിധി: 2016 ആഗസ്റ്റ് ഒന്ന് അടിസ്ഥാനത്തില്‍ 21നും 32നുമിടയില്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ അയക്കാം. വിശദ വിവരം വെബ്സൈറ്റില്‍ ലഭിക്കും.

Share: