‘സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത’ എങ്ങനെ? – കുമ്മനം രാജശേഖരൻ

“കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു” എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
മിസോറാം , ത്രിപുര , മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തേക്കാൾ മുന്നിൽ നിൽക്കുമ്പോൾ , മൂന്നരക്കോടി വരുന്ന കേരള ജനസംഖ്യയിൽ 22 ലക്ഷം പേർ (21,87,667) ഡിജിറ്റൽ സാക്ഷരരായി എന്നതുകൊണ്ട് ‘സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത’ നേടി എന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും ? അതെങ്ങനെയാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക്മുണ്ട്.
ജനങ്ങളുടെ കണ്ണിൽ പൊടി വാരിയിട്ട് ഇനിയും കേരളം ഭരിക്കാമെന്നാണ് വ്യാമോഹമെങ്കിൽ അത് നടക്കില്ല. കംപ്യൂട്ടർ വന്നപ്പോൾ ഇവർ ശക്തമായി എതിർത്തു. എ ടി എം തല്ലിപ്പൊളിച്ചു. കൊയ്ത്തുമെതി യന്ത്രങ്ങളെ പാടത്തു നിന്ന് തുരത്തി ഓടിച്ചു. എല്ലാ ശാസ്ത്ര – സാങ്കേതികനേട്ടങ്ങളെയും പിന്തിരിപ്പൻ മുതലാളിത്ത വ്യവസ്ഥിതിയുടെ സംഭാവനയാണെന്ന് പറഞ്ഞ് എതിർത്തവരാണ് സി പി എമ്മുകാർ. ഇപ്പോൾ ‘സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത’യുടെ ഇല്ലാത്ത പിതൃത്വം ഏറ്റെടുക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ പ്രത്യയ ശാസ്ത്ര പ്രതിസന്ധിയും ഒളിച്ചോട്ടവുമാണ് ഇത് വ്യക്തമാക്കുന്നത്.
ഡിജിറ്റൽ ട്രാഫിക് നിയന്ത്രണത്തിനായി കോടികൾ മുടക്കി എ ഐ (ഡിജിറ്റൽ) ക്യാമറ എന്ന പേരിൽ കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടി കോടികൾ തട്ടിയെടുത്തത് കേരള ജനത മറന്നിട്ടില്ല. കേരളത്തിലെ ഒരു റോഡിലും ക്യാമറ ഇന്ന് പ്രവർത്തിക്കുന്നില്ല. നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ പേയ്മെൻറ് ആരംഭിച്ചപ്പോൾ, വഴിയോരക്കച്ചവടക്കാരെങ്ങനെ മൊബൈൽ ഫോണിൽ പണം സ്വീകരിക്കുമെന്ന് കളിയാക്കിയവരാണ് അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് ഉൾപ്പെടെയുള്ളവർ. ഡിജിറ്റൽ പേയ്മെൻറ് നടപ്പില്ലാത്ത കാര്യമെന്ന് പറഞ്ഞു കളിയാക്കിയവർ ഇപ്പോൾ ഡിജിറ്റൽ സാക്ഷരതയുടെ പേരിൽ മലയാളികളെ പറ്റിക്കാൻ ശ്രമിക്കരുത്. അതിന് തിരിച്ചടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും ഭരണത്തിൽ ഇരിക്കുന്നവരും മനസ്സിലാക്കണം.
‘സമ്പൂർണ്ണ’ ഡിജിറ്റൽ സാക്ഷരത’യുടെ വിശദീകരണമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് സർക്കാർ വ്യക്തമാക്കണം. കുമ്മനം ആവശ്യപ്പെട്ടു.






