വിശ്വകർമ്മ വില്ലേജ് : 500 കോടിയുടെ പദ്ധതി

Share:

കൊല്ലം : കേരളത്തിലെ വിശ്വകർമ്മ സമൂഹത്തിൻറെ സമഗ്ര പുരോഗതിക്കായി 500 കോടി രൂപയുടെ ‘വിശ്വകർമ്മ വില്ലജ്’ പദ്ധതിയുടെ രൂപരേഖ ബി ജെ പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിന് സമർപ്പിച്ചതായി രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജൻ പി തൊടിയൂർ അറിയിച്ചു. ഭാരതത്തിലെ ഇരുപത് കോടിയോളം വരുന്ന ആർട്ടിസാൻ സമൂഹത്തിൻറെ തൊഴിൽ സംരക്ഷണത്തിനും വിപുലീകരണത്തിനുമായി പ്രധാനമന്ത്രി നടപ്പാക്കുന്ന പി എം വികാസ് , പി എം കൗശൽ സമ്മാൻ , വിശ്വകർമ്മ വില്ലേജ് പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ള 13000 കോടി രൂപയുടെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കേരളത്തിലെ ആർട്ടിസാൻ സമൂഹത്തിൻറെ സമഗ്ര പുരോഗതിക്കായി ഇരുപത് ഏക്കർ സ്ഥലത്തു വിശ്വകർമ്മ വില്ലജ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന വിശ്വകർമ്മ സംഘടനകളുടെയും സ്റ്റാർട്ട് അപ്പ് കളുടെയും യോഗത്തിൽ രാജൻ പി തൊടിയൂർ വ്യക്തമാക്കി. ഇന്ത്യയിലെ കരകൗശല ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലവിലുള്ളതിൻറെ പതിന്മടങ്ങാക്കുകയും വിശ്വകർമ്മജരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ് പരിശീലന കേന്ദ്രങ്ങൾ, പഠന കേന്ദ്രങ്ങൾ , ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട വിശ്വകർമ്മ വില്ലേജ് ലക്ഷ്യമിടുന്നത്.

വിശ്വകർമ്മജർ നേരിടുന്ന തൊഴിലില്ലായ്‌മ ഇല്ലാതാക്കാനും യുവതലമുറക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കാനും ആർട്ടിസാൻ സമൂഹം ഒന്നിച്ചുനിന്നാൽ സാധ്യമാകുമെന്ന് പി എം വികാസ് പദ്ധതിയുടെ നോഡൽ ഏജൻറായ കേരള ആർട്ടിസാൻസ് ഡെവല പ്മെൻറ് കോപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ യോഗം ഉത്‌ഘാടനം ചെയ്തുകൊണ്ടറിയിച്ചു. കെ വി എസ് സംസ്ഥാന പ്രസിഡൻറ് വർക്കല ദിനേശിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിശ്വകർമ്മ സംയുക്‌ത സമിതി കൺവീനർ ടി എസ് ഹരിശങ്കർ പദ്ധതി വിശദീകരിച്ചു.

വിശ്വബ്രാഹ്മണ കോളേജ് അധ്യക്ഷൻ മോഹൻദാസ്, വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ. ബി രാധാകൃഷ്ണൻ, ബ്ലാക്ക് സ്മിത്ത് ട്രേഡ് യൂണിയൻ പ്രസിഡൻറ് റജി ചന്ദ്രൻ, അഡ്വ . ദിനകരൻ, അരുൺ രാജ്, അർച്ചന ടീച്ചർ, അനൂപ്, ഹരീഷ്, പ്രണവം മണിക്കുട്ടൻ, രജനി, സുരേഷ്, രാഘുനാഥൻ, തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ യോഗം ഉത്‌ഘാടനം ചെയ്യുന്നു. വിശ്വകർമ്മ സംയുക്‌ത സമിതി കൺവീനർ ടി എസ് ഹരിശങ്കർ , രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജൻ പി. തൊടിയൂർ . കെ വി എസ്‌ സംസ്ഥാന പ്രസിഡൻറ് വർക്കല ദിനേശ് എന്നിവർ സമീപം.

Share: