വിശ്വകർമ്മ ജയന്തി, ‘മെയ്ദിന’മാകുമ്പോൾ …

Share:

                നായബ് സിംഗ് സെയ്‌നി

-രാജൻ പി തൊടിയൂർ / 

 

മേയ്ദിനത്തിന് പകരം വിശ്വകർമ ജയന്തി തൊഴിലാളി ദിനമായി ആഘോഷിക്കാനുള്ള ഹരിയാന സർക്കാരിന്റെ തീരുമാനം ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട 18 കോടി വിശ്വകർമ്മജരിൽ , പരമ്പരാഗത തൊഴിലാളികളിൽ, പുത്തൻ ദിശാബോധം ഉണർത്തും  എന്നതിൽ സംശയമില്ല. ഈ വർഷം മുതൽ മേയ് 1ന് തൊഴിലാളി ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു പരിപാടിയും സംഘടിപ്പിക്കില്ലെന്ന് ഹരിയാന തൊഴില്‍ മന്ത്രി നായബ് സിംഗ് സെയ്‌നി വ്യക്തമാക്കി. പ്രചഞ്ചത്തിന്റെ ശില്‍പി വിശ്വകര്‍മാവാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം തൊഴിലാളി ദിനമായി ആചരിക്കുന്നതാണ് ഉത്തമമെന്നും മന്ത്രി പറഞ്ഞു.

ഭാരതത്തിലെ തൊഴിലാളി വർഗ്ഗത്തിൻറെ ചരിത്രം മാറ്റിയെഴുതാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന ആരോപണം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉയർത്തുമ്പോഴും  തൊഴിലാളി ദിനം മതപരമായ പരിപാടിയായി മാറ്റുന്നത് വർഗീയതയാണെന്ന്  കുറ്റപ്പെടുത്തുമ്പോഴും, സ്വതന്ത്ര ഇന്ത്യയുടെ എഴുപത് വർഷക്കാലം ഭാരതീയ സംസ്ക്രുതിയുടെ സ്രഷ്ടാക്കളായ ഈ ജനവിഭാഗത്തിന് എന്തുനൽകി എന്ന ചോദ്യത്തിന്  ഭരണ സാരഥ്യം വഹിച്ചിരുന്ന ഇവിടത്തെ ഇടതുപക്ഷ – വലതു പക്ഷ രാഷ്ട്രീയ കക്ഷികൾ മറുപടി പറയണം.

1886 മേയ് 1ന് 8 മണിക്കൂര്‍ ജോലിയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ചിക്കാഗോയില്‍ തൊഴിലാളികള്‍ സംഘടിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ സ്മരണക്കാണ് ഇന്ത്യയടക്കം എണ്‍പതോളം രാജ്യങ്ങളില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആഘോഷിക്കുന്നത്എന്ന് യെച്ചൂരി ആവർത്തിക്കുന്നു. എന്നാൽ ചിക്കാഗോയില്‍ തൊഴിലാളികകളെ  സംഘടിപ്പിച്ച്സമരത്തിന് തുടക്കമിട്ട ഐറാ സ്റ്റുവാർഡ് എന്ന വിശ്വകർമജൻ, ഇരുമ്പ് പണിക്കാരൻ , കമ്മ്യൂണിസ്ററ് ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് അടിസ്ഥാന തൊഴിലാളി വർഗത്തോട് കാട്ടിയ നീതികേടായി വിശ്വകർമ്മജർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഈ വര്‍ഷം മുതല്‍ മെയ്ദിനം തൊഴിലാളി ദിനമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന് ഔദ്യോഗികമായി  മാറ്റം വരുത്തിയിരിക്കുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. പകരം ദീപാവലിക്ക് തൊട്ടടുത്ത ദിവസം വരുന്ന വിശ്വകര്‍മ ജയന്തി തൊഴിലാളി ദിനമായി ഔദ്യോഗികമായി ആഘോഷിക്കാനാണ് പരിപാടി. വിശ്വകര്‍മ ജയന്തിയില്‍ സംസ്ഥാനത്ത് പ്രത്യേക പരിപാടി സംഘടിപ്പിച്ച് അറുപതിനായിരം സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

മനേസറടക്കം പാരമ്പര്യമായി തൊഴിലാളി സംഘടനകളുടെയും അവകാശ പോരാട്ടങ്ങളുടെയും ശക്തികേന്ദ്രങ്ങളേറെയുള്ള ഹരിയാനയില്‍ സര്‍ക്കാര്‍ നീക്കത്തില്‍ വിശ്വകർമ്മ തൊഴിലാളികൾ ആവേശത്തിമിർപ്പിലാണ്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് നേരത്തെ തന്നെ വിശ്വകര്‍മ ജയന്ത്രി തൊഴിലാളി ദിനമായി ആചരിക്കുന്നുണ്ട്. ഇതേ പാതയിലാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാരുകളും.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരത സംസ്കാരത്തിൻറെ  സൃഷ്ടാക്കളായ വിശ്വകർമ്മജരും സൃഷ്ടിയുടെ ദേവനായ വിശ്വകർമ്മാവും അംഗീകരിക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ 18 കോടി വരുന്ന വിശ്വകർമ്മ സമൂഹത്തിന് പുതിയ ഉണർവാ ണ് നൽകിയിരിക്കുന്നത്. ബി ജെ പി ഉയർത്തിപ്പിടിക്കുന്ന ഹിന്ദു സംസ്കാരത്തിൻറെ പ്രതീകങ്ങളായ ക്ഷേത്രങ്ങളും ദേവതാ സങ്കൽപ്പങ്ങളും ശില്പങ്ങളും ജന്മ്മം കൊണ്ടത് വിശ്വകർമ്മജൻറെ മനസ്സിൽ നിന്നാണ്. ഹിന്ദു സംസ്കാരത്തെ വളത്തിയെടുത്ത മഹാക്ഷേതങ്ങളും പൂജാ വിഗ്രഹങ്ങളും ആഭരണങ്ങളും ഉണ്ടായത് വിശ്വകർമ്മജന്റെ വിരൽത്തുമ്പിലാണ്. അതംഗീ കരിക്കുവാൻ ഹരിയാന സർക്കാർ തീരുമാനിച്ചതോടെ ഇന്ത്യയിലെ 18 കോടി വരുന്ന വിശ്വകർമ്മ സമൂഹത്തിനു രാഷ്ട്രീയാംഗീകാരം കൂടി ലഭിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം അഗീകാരം നേടിയ രാഷ്ട്രീയപാർട്ടിയിൽ നിന്നുമുള്ള ഈ തീരുമാനം മുഴുവൻ സംസ്ഥാനനങ്ങളും  ഏറ്റെടുക്കും എന്ന പ്രത്യാശയിലാണ് വിശ്വകർമ്മ സമൂഹം.

സമൂഹത്തിനു ഏറ്റവും വലിയ സംഭാവനകൾ ചെയ്ത ഒരു ജനവിഭാഗമാണ് വിശ്വകർമ്മജർ എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകമെമ്പാടും അംഗീകരിക്കുന്ന സിന്ധു നദിതട സംസ്ക്കാരം മുതൽ ആധുനിക  ഭാരതം വരെ ജന്മ്മം കൊണ്ടത് വിശ്വകർമ്മജന്റെ വിരൽത്തുമ്പിലാണ്. എന്നാൽ സ്വതന്ത്ര ഭാരതത്തിൻറെ 70 വർഷങ്ങൾ ഈ ജനസമൂഹത്തെ ദുരിതക്കടലിലേക്കു തള്ളിവിടുകയാണുണ്ടായതെന്ന് സ്വതന്ത്ര ഭാരത ചരിത്രം പരിശോധിക്കുന്ന ആർക്കും വ്യക്തമാകും. പരമ്പരാഗത തൊഴിലാളികൾ എന്ന നിലയിൽ ഈ ഭൂമിയെ വാസയോഗ്യമാക്കുകയും എല്ലാ ജനവിഭാഗങ്ങൾക്കും തൊഴിലുപകരണങ്ങൾ നിർമ്മിച്ച് നൽകുകയും ക്ഷേത്രങ്ങളും മഹാമന്ദിരങ്ങളും വീടുകളും  ആഭരണങ്ങളും ആയുധങ്ങളും പണിതീർക്കുകയും ചെയ്ത വിശ്വകർമ്മ സമൂഹം എന്തുകൊണ്ട് പുറംതള്ളപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ ഒരുകാര്യം വ്യക്തമാകും. ജനാധിപത്യ സംവിധാനത്തിൽ അർഹമായ അംഗീകാരം നേടിയെടുക്കുവാൻ വിശ്വകർമ്മ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞില്ല. വിശ്വകർമ്മ ദേവൻ അംഗീകരിക്കപ്പെടുന്നതോടെ സർവ്വ സൃഷ്ടികളുടെയും ഉടമകളായ ഒരു ജന വിഭാഗം കൂടി അംഗീകരിക്കപ്പെടുകയാണ് . ലോകത്തിലെ എൺപതു രാജ്യങ്ങളോടൊപ്പം മെയ് ഒന്ന് ഇന്നേവരെ ഇന്ത്യയും തൊഴിലാളി ദിനമായി ആഘോഷിച്ചിരുന്നെങ്കിൽ , ഭാരത സംസ്കാരത്തിന് വിശ്വകർമ്മാവ് എന്ന തൊഴിലിന്റെ ദേവൻ ഉണ്ടായിരുന്നെന്നും , വിശ്വകർമ്മ ദേവൻറെ മക്കൾ എന്നവകാശപ്പെടുന്ന വിശ്വകർമ്മജർ അത്ഭുത കരമായ സൃഷ്ടിയിലൂടെ ഭാരതത്തെ ലോക സംസ്കാരത്തിൻറെ നെറുകയിൽ ഉയർത്തി നിർത്തിയിരിക്കുകയാണെന്നും അതുകൊണ്ടു വിശ്വകർമ്മ ജയന്തി യാണ് നമുക്ക് തൊഴിലാളി ദിനമെന്ന് ഹരിയാന തൊഴിൽ മന്ത്രി പറയുമ്പോൾ ഭാരതത്തിലെ 18 കോടി  വരുന്ന വിശ്വകർമ്മജർ അത് അംഗീകാരത്തിൻറെ ‘മഞ്ഞു മലയായി ‘ കാണണം.

ഭാരത രാഷ്ട്രീയത്തിൻറെ അകത്തളങ്ങളിൽ മതത്തിൻറെയും ജാതിയുടെയും പേരിൽ വിലപേശലുകൾ നടന്ന എഴുപതു വർഷങ്ങൾ . അധികാര രാഷ്ട്രീയം വീതം വെയ്പ്പ് നടത്തിയപ്പോൾ കാണാതെ പോയ 18 കോടി ജനങ്ങളെയാണ് ഹരിയാന സർക്കാർ വിശ്വകർമ്മ ജയന്തി തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോൾ ആദരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ 70 വർഷങ്ങൾ നൽകുന്ന പാഠം ഇന്ത്യയിലെ 11 -15 ശതമാനം വരുന്ന വിശ്വകർമ്മ സമൂഹം മറിച്ചു നോക്കേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പിന്നാലെ പോകുകയും ഒരു രാഷ്ട്രീയ പാർട്ടിയും പിന്തുണക്കുകയും ചെയ്യാത്ത ജനവിഭാഗമാണ് വിശ്വകർമ്മജർ എന്ന് ഇതിനകം  ബോധ്യമായിട്ടുണ്ട്.

രാഷ്ട്രീയ മായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും തൊഴിൽപരമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ വിശാല കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണ് ഹരിയാന സർക്കാർ. വിശ്വകർമ്മ ദേവൻ അംഗീകരിക്കപ്പെടുമ്പോൾ ഭാരതത്തിലെ 18 കോടി വിശ്വകർമ്മജർ അംഗീകരിക്കപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാലമത്രയും നാം നടന്നു നീങ്ങിയത് അടിമകളാകാൻ വേണ്ടിയായിരുന്നു. കൊടിപിടിക്കാനും രക്തസാക്ഷിയാകാനും പോസ്റ്ററൊട്ടിക്കാനും വേണ്ടി ഒരു ജനസമൂഹം. അവർ മുൻനിരയിലേക്ക് വരുന്നു. ഭാരതത്തിലെ യഥാർത്ഥ തൊഴിലാളികളായി അവർ അംഗീകരിക്കപ്പെടുന്നു.

വിശ്വകർമ്മ ജയന്തി , ഭാരതത്തിലെ ‘മെയ് ദിന’ മാകുമ്പോൾ അടിച്ചമർത്തിക്കഴിഞ്ഞ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിൻറെ  ഉയർത്തെഴുന്നേൽപ്പാണ്‌ നാം മുന്നിൽ കാണേണ്ടത്.

Share: