വിദ്യാഭ്യാസ വായ്പ: നടപടി ശക്തമാക്കി ബാങ്കും റവന്യൂ അധികൃതരും

538
0
Share:

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് നടപടി ശക്തമാക്കി ബാങ്കുകളും റവന്യൂഅധികാരികളും. പഠിച്ചിറങ്ങിയവര്‍ക്ക് മെച്ചപ്പെട്ട ജോലിയോ ശമ്പളമോ ഇല്ലാത്തതാണ് തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്ന് പലരുടെയും അവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകും. ബാങ്കില്‍ ഈട് നല്‍കി നാലുലക്ഷം രൂപ മുതല്‍ വായ്പ എടുത്തവരാണ് ജപ്തി നടപടി നേരിടുന്നത്. ജപ്തി നടപടികളില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഈ ഉത്തരവ് സെക്രട്ടേറിയറ്റിലെ ഫയലുകളില്‍ ഒതുങ്ങി. താഴെതട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയില്ല. പകരം തിരിച്ചടവ് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കലക്ടറോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതില്‍ വിദ്യാഭ്യാസ വായ്പയാണെന്ന പരാമര്‍ശവും ഇല്ല.
എന്നാല്‍, താഴെതട്ടിലെ ഉദ്യോഗസ്ഥരത്തെി വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ജപ്തി നടപടിക്ക് ചുക്കാന്‍പിടിക്കുകയുമാണ് ചെയ്യുന്നത്. അധികൃതരുടെ ഈ നടപടിക്കെതിരെ എജുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി. ജില്ലയില്‍ 2500ഓളം പേരാണ് ജപ്തി ഭീഷണി നേരിടുന്നത്. ഭീഷണി ഭയന്ന് 2014ല്‍ ചേര്‍ത്തലയിലും ചാരുംമൂട്ടിലും രണ്ടുപേര്‍ ആത്മഹത്യചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ റിക്കവറി നോട്ടീസ് അയക്കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ ഇടപെട്ട് നടപടി മരവിപ്പിച്ചിരുന്നു.
വായ്പയെടുത്ത ആള്‍ മരണപ്പെട്ടാല്‍ പണം തിരിച്ചടക്കേണ്ടന്ന സര്‍ക്കാര്‍ നയം അട്ടിമറിച്ചാണ് ജപ്തി നടപടികളുമായി ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇത്തരക്കാര്‍ കൂടുതലുള്ളത്. അതേസമയം, പ്രതിഷേധം ശക്തമാക്കാനാണ് എജുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനം. നവംബര്‍ അഞ്ചിന് എസ്.ബി.ടി ലീഡ് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടക്കും. അസോസിയേഷന്‍ രക്ഷാധികാരി കൂടിയായ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Share: